Begin typing your search above and press return to search.
വിപണി കയറ്റം തുടരുന്നു; എച്ച്ഡിഎഫ്സി ലൈഫ്, എൽ.ടി.ടി.എസ്, അദാനി ഗ്രൂപ്പ് ഓഹരികൾ നേട്ടത്തില്‍
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു
ഇന്ത്യൻ വിപണി ഇന്ന് ആവേശകരമായ തുടക്കം കുറിച്ചിട്ട് അൽപം താഴ്ന്നു നീങ്ങുന്നു. നിഫ്റ്റി 23,391.65 ഉം സെൻസെക്സ് 77,319,50 ഉം വരെ ഉയർന്നിട്ടാണ് താഴ്ന്നത്. ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റി 0.40 ഉം സെൻസെക്സ് 0.35 ഉം ശതമാനം ഉയരത്തിലാണ്.
ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലധികം ഉയർന്നിട്ട് അൽപം താഴ്ന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു.
എഫ്എംസിജിയും ഫാർമയുമാണ് താഴ്ചയിലായ മേഖലകൾ. റിയൽറ്റിയും ധനകാര്യ സേവന, മീഡിയ, മെറ്റൽ മേഖലകളും നല്ല നേട്ടം ഉണ്ടാക്കി.
പ്രതീക്ഷയിലും മികച്ച മൂന്നാം പാദ റിസൽട്ട് എച്ച്ഡിഎഫ്സി ലൈഫ് ഓഹരിയെ പത്തു ശതമാനം ഉയർത്തി. എസ്ബിഐ ലൈഫ് അഞ്ചു ശതമാനത്തോളം ഉയർന്നു.
വരുമാന പ്രതീക്ഷ ഉയർത്തിയ എൽ ആൻഡ് ടി ടെക്നോളജി സർവീസസ് ഓഹരി പത്തു ശതമാനം കുതിച്ചു.
അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നു വലിയ കുതിപ്പിലാണ്. അദാനി ഗ്രൂപ്പിനെതിരേ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവിട്ട ഹിൻഡൻബർഗ് റിപ്പോർട്ട് എന്ന സ്ഥാപനം പ്രവർത്തനം നിർത്തുന്നതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണിത് എന്നു കരുതപ്പെടുന്നു.
ലാഭവും ലാഭമാർജിനും കുറഞ്ഞത് സിയറ്റ് ഓഹരിയെ ഏഴു ശതമാനം താഴ്ത്തി.
ബ്രോക്കറേജുകൾ നല്ല വിലയിരുത്തൽ പുറത്തുവിട്ടതിനെ തുടർന്ന് സൊമാറ്റോയും പേയ്ടിഎമ്മും പിബി ഫിൻടെക്കും മൂന്നു മുതൽ ഏഴു വരെ ശതമാനം കയറി.
ബിഎസ്എൻഎല്ലിൽ നിന്ന് വലിയ കരാർ ലഭിച്ച ആർവിഎൻഎൽ ഓഹരി അഞ്ചു ശതമാനത്തോളം ഉയർന്നു.
യുഎസിൽ നിന്ന് വലിയ ഓർഡർ ലഭിച്ച ആസാദ് എൻജിനിയറിംഗ് അഞ്ചു ശതമാനം നേട്ടം ഉണ്ടാക്കി.
രൂപ ഇന്നു ദുർബലമായി. ഡോളർ ഏഴു പൈസ ഉയർന്ന് 86.43 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 86.48 രൂപയിലേക്കു കയറി. ഡോളർ സൂചിക 109.11 ലേക്ക് ഉയർന്നിട്ടുണ്ട്.
സ്വർണം ലോക വിപണിയിൽ 2700 ഡോളറിനു മുകളിൽ എത്തിയിട്ട് അൽപം താഴ്ന്നു. കേരളത്തിൽ ആഭരണ സ്വർണം പവന് 400 രൂപ കൂടി 59,120 രൂപയായി.
ക്രൂഡ് ഓയിൽ ഉയർന്ന വിലയിൽ തുടരുന്നു. ബ്രെൻ്റ് ഇനം 82.45 ഡോളറിലേക്കു കയറി.
Next Story
Videos