സൂചികകൾ നേട്ടത്തിൽ; ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഓഹരി വിലകൾ ഉയരുന്നത് എന്തുകൊണ്ട്?

നേരിയ ഉയരത്തിൽ വ്യാപാരത്തുടക്കം. പിന്നീടു സാവധാനം ഉയർച്ച. ഇന്ന് ഓഹരി വിപണി പുൾബായ്ക്ക് റാലി മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുകയാണ്. ഇടയ്ക്കു സൂചികകളുടെ കയറ്റം ദുർബലമായി. എങ്കിലും വീണ്ടും നല്ല നേട്ടത്തിലായി. 2000 ഓഹരികൾ ഉയരുമ്പോൾ 500 എണ്ണം മാത്രമാണ് ഇന്നു രാവിലെ താഴുന്നത്.

ബാങ്ക് - ധനകാര്യ ഓഹരികൾ മുന്നേറ്റത്തിനു നേതൃത്വം വഹിക്കുന്നു. മിഡ്- സ്മോൾ ക്യാപ് ഓഹരികളും നല്ല നേട്ടത്തിലാണ്. ഓയിൽ - ഗ്യാസ്, റിയൽറ്റി, ഫാർമ മേഖലകൾ ഉയരത്തിലാണ്. മെറ്റലുകൾ താഴാേട്ടു നീങ്ങി. അമേരിക്കൻ സൂചനകൾ ഐടി കമ്പനികളെ താഴോട്ടു തള്ളി.
ബാങ്കിംഗ് നിയമ ഭേദഗതി വരുന്ന പാർലമെൻ്റ് സമ്മേളനത്തിൽ പാസാക്കുമെന്നും തുടർന്ന് ഏതാനും ബാങ്കുകൾ സ്വകാര്യവൽക്കരിക്കുമെന്നും വീണ്ടും റിപ്പോർട്ട്. ഇതേ തുടർന്ന് ഇന്ത്യൻ ഓവർസീസ് ബാങ്ക് 13 ശതമാനവും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 11 ശതമാനവും ഉയർന്നു. നേരത്തേ 28 രൂപയ്ക്കു മുകളിൽ എത്തിയിട്ടുള്ള ഈ ഓഹരികൾ ഇപ്പോൾ 22 രൂപയുടെ ചുറ്റുവട്ടത്താണ്.
നിരക്കു വർധിപ്പിച്ചതിനെ തുടർന്ന് ഭാരതി എയർടെലിൻ്റെ റേറ്റിംഗ് മൂഡീസ് പോസിറ്റീവിലേക്ക് ഉയർത്തി. ഓഹരി ഇന്നു നേട്ടത്തിലാണ്. വോഡഫോൺ ഐഡിയയും (വിഐ) നിരക്കുകൂട്ടി. അവരുടെ ഓഹരിയും ഉയരത്തിലാണ്. റിലയൻസ് ജിയോ നിരക്കു വർധന ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ക്രൂഡ് ഓയിൽ വില വർധന ഒഎൻജിസിയുടെ വില നാലു ശതമാനം ഉയർത്തി. ഓയിൽ ഇന്ത്യ, ഐഒസി, എച്ച്പിസിഎൽ, ബിപിസിഎൽ തുടങ്ങിയവയും ഉയർന്നു.
പേടിഎം ഓഹരി ഇന്ന് എട്ടര ശതമാനം ഉയർന്ന് 1600 രൂപയ്ക്കു മുകളിലായി.
സ്വർണം ലോകവിപണിയിൽ 1793-1794 ഡോളറിലാണ്. കേരളത്തിൽ ഇന്നു പവന് 280 രൂപ കുറഞ്ഞ് 35,760 രൂപയായി. 16-ാം തീയതിയിലെ 36,920 രൂപയിൽ നിന്ന് 1160 രൂപ കുറവാണ് ഇന്നത്തെ വില.
ഡോളർ നിരക്ക് കൂടി. ഒൻപതു പൈസ നേട്ടത്തിൽ 74.51 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it