ആഗോള തലത്തിൽ ആശങ്ക, ഓഹരി വിപണിയിൽ താഴ്ച

ആഗോള സൂചികകൾക്കു പിന്നാലെ ഇന്ത്യൻ ഓഹരി സൂചികകളും ഇടിയുന്നു. നിഫ്റ്റി 17,500നു താഴെ എത്തി; സെൻസെക്സ് 58,700 നു താഴെയും. പിന്നീടു കയറിയിറങ്ങി. ബാങ്ക്, ധനകാര്യ, വാഹന, ഐടി, എഫ്എംസിജി, റിയൽറ്റി സൂചികകൾ ഇന്നു താഴോട്ടു നീങ്ങി. ഒക്ടോബറിലെ ആദ്യ ദിവസത്തെ വ്യാപാരം ബുള്ളുകളെ നിരാശപ്പെടുത്തി.

ധനലക്ഷ്മി ബാങ്ക് ഡയറക്ടർ ബോർഡ് ശിപാർശ ചെയ്ത ഓഡിറ്റർമാരെ ഓഹരി ഉടമകൾ നിരാകരിച്ചു. ബാങ്കിൻ്റെ ഓഹരിവില രാവിലെ അര ശതമാനം ഇടിഞ്ഞു. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയും രാവിലെ താഴ്ചയിലാണ്.
ബജാജ് ഓട്ടോയുടെ സെപ്റ്റംബറിലെ വിൽപന അനാലിസ്റ്റുകൾ പ്രതീക്ഷിച്ചതിലും മെച്ചമായി. അനാലിസ്റ്റുകൾ 3.76 ലക്ഷം കണക്കാക്കിയിടത്തു വിൽപന 4.02 ലക്ഷമായി. മൊത്തം വിൽപന ഒൻപതു ശതമാനം കുറഞ്ഞു. ടൂ വീലറുകളുടെ ആഭ്യന്തര വിൽപന 12 ശതമാനം കുറഞ്ഞു. മാസങ്ങൾക്കു ശേഷം ത്രീവീലർ വിൽപനയിൽ നല്ല വളർച്ച ഉണ്ടായി. ഓഹരികൾ ഒരു ശതമാനത്തോളം ഉയർന്ന ശേഷം താണു. ചിപ് ക്ഷാമം സ്പോർട്സ് ബൈക്കുകളുടെ ഉൽപാദനത്തെ ബാധിച്ചിട്ടുണ്ട്.
ചിപ് ക്ഷാമം വാഹന ഉൽപാദനത്തെ ഈ മാസവും ബാധിക്കുമെന്ന അറിയിപ്പ് മാരുതി സുസുകിയുടെ ഓഹരി വില ഇടിച്ചു.
പ്രകൃതിവാതകവില 62 ശതമാനം വർധിപ്പിച്ചത് വാതക ഉൽപാദക കമ്പനികളെ സഹായിച്ചു.
ലോഹങ്ങളുടെ വിലയിടിവ് മെറ്റൽ കമ്പനികളുടെ ഓഹരിവില ആദ്യം താഴ്ത്തിയെങ്കിലും ടാറ്റാ സ്റ്റീൽ അടക്കമുള്ളവ തിരിച്ചു കയറി. സ്റ്റീൽ വില ഇക്കൊല്ലം ഒരു തവണ കൂടി വർധിപ്പിക്കുമെന്നു റിപ്പോർട്ട് ഉണ്ട്.
സ്വർണപ്പണയ കമ്പനികൾ മികച്ച നിക്ഷേപങ്ങളാണെന്ന സിഎൽഎസ്എ റിപ്പോർട്ട് മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്, മണപ്പുറം ജനറൽ ഫിനാൻസ് തുടങ്ങിയവയുടെ ഓഹരിവില ഗണ്യമായി ഉയർത്തി.
റിലയൻസ് ജിയോ കോളുകൾക്കു കണക്ഷൻ നൽകിയില്ലെന്ന വിഷയത്തിൽ ഭാരതി എയർടെലിനും വോഡഫോൺ ഐഡിയയ്ക്കും വലിയ പിഴ ചുമത്തിയത് ഇരുകമ്പനികളുടെയും വില ഇടിച്ചു. വോഡഫോൺ ഐഡിയയ്ക്കു 2000 കോടിയിൽപരവും എയർ‌ടെലിന് 1000 കോടിയിൽപരവും രൂപയാണു പിഴ.
ഡോളർ ഇന്നും കയറ്റത്തിലാണ്. 11 പൈസ നേട്ടത്തിൽ 74.33 രൂപയിലാണ് ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീടു രൂപ തിരിച്ചു കയറി.
സ്വർണവില ഔൺസിന് 1753 ഡോളറിനടുത്താണ്. കേരളത്തിൽ പവന് 280 രൂപ കയറി 34,720 രൂപയായി.
175 രൂപയിൽ ഇഷ്യു നടത്തിയ പരസ് ഡിഫൻസ് ആൻഡ് സ്പേസ് ടെക്നോളജീസിൻ്റെ ഓഹരികൾ ഇന്നു ലിസ്റ്റ് ചെയ്തത് 475 രൂപയിൽ. പ്രീമിയം 171 ശതമാനം.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it