റിലയൻസ് വീണു, പേടിഎം വീണ്ടും ഇടിഞ്ഞു; ഓഹരി വിപണി തിരുത്തലിലേക്കോ?

വിപണി തിരുത്തലിലേക്കു തന്നെ. വിപണിയെ താങ്ങി നിർത്താൻ ഉന്നതതല ശ്രമം ഉണ്ടാകുമെന്നു ഡെറിവേറ്റീവ് വ്യാപാരികൾ കരുതിയെങ്കിലും അതുണ്ടായില്ല. റിലയൻസിൻ്റെ നേതൃത്വത്തിൽ എല്ലാ മേഖലകളും താഴാേട്ടു നീങ്ങി. വ്യാപാരം ഒരു മണിക്കൂർ പിന്നിടും മുമ്പ് സെൻസെക്സ് 59,000 നു സമീപമെത്തി. നിഫ്റ്റി 17,600 ലേക്കു താണു. നിഫ്റ്റി ബാങ്ക് 37,600 നു താഴാേട്ടു നീങ്ങി.

സൗദി അരാംകോയുമായുള്ള സഖ്യം അവസാനിപ്പിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഓഹരി വില നാലു ശതമാനത്തോളം ഇടിഞ്ഞു. ഓഹരി 2400 രൂപയ്ക്കു താഴെയായി. ഓഹരി റിക്കാർഡ് വിലയിൽ നിന്നു 14 ശതമാനം താഴെ എത്തി.
വ്യാവസായിക ലോഹങ്ങളുടെ വില ലോകവിപണിയിൽ വർധിച്ചതിനെ തുടർന്നു മെറ്റൽ കമ്പനി ഓഹരികൾ ഉയർന്നു. മറ്റു വ്യവസായ മേഖലകളെല്ലാം ഇന്നു താഴോട്ടു പോയി. ഓയിൽ - ഗ്യാസ്, റിയൽറ്റി, കൺസ്യൂമർ ഡുറബിൾസ്, മീഡിയ, ഓട്ടോ തുടങ്ങിയ മേഖലകളിലാണു വലിയ ഇടിവ്.
മൊബൈൽ പ്രീപെയ്ഡ് നിരക്ക് 20-25 ശതമാനം വർധിപ്പിച്ചത് എയർടെൽ ഓഹരി വില രാവിലെ ആറു ശതമാനം വർധിക്കാൻ വഴിതെളിച്ചു. കമ്പനിക്കു 5ജി സേവനങ്ങളിലേക്കു കടക്കാൻ ഇതുവഴിയുള്ള വരുമാന വർധന സഹായിക്കും. വരിക്കാരിൽ നിന്നുള്ള ശരാശരി മാസ വരുമാനം (എആർപിയു) 153 രൂപയിൽ നിന്നു 180 രൂപയിലേക്കു വർധിക്കാൻ ഇതു വഴിതെളിക്കും. ക്രമേണ 200 രൂപയിലേക്കും പിന്നീട് 300 രൂപയിലേക്കും പ്രതിമാസ വരുമാനം വർധിപ്പിക്കുകയാണു കമ്പനിയുടെ ലക്ഷ്യം. വോഡഫോൺ ഐഡിയ (വീ) യും ഈ ദിവസങ്ങളിൽ നിരക്ക് കൂട്ടും. വീ യുടെ ഓഹരി വില ഇന്നു രാവിലെ അഞ്ചര ശതമാനം കയറി. റിലയൻസ് ജിയോ നിരക്കു കൂട്ടുമോ എന്നാണ് അറിയേണ്ടത്.
സെൻസെക്സിൽ ബജാജ് ഓട്ടോയ്ക്കു പകരം സ്ഥാനം പിടിക്കാൻ പോകുന്ന വിപ്രോയുടെ ഓഹരി വില തുടക്കത്തിൽ ഉയർന്നു. സെൻസെക്സിൽ വരുമ്പോൾ വിദേശി- സ്വദേശി ഫണ്ടുകൾ ഈ ഓഹരി വാങ്ങാൻ നിർബന്ധിതരാകും.
ജപ്പാനിലെ കുബോട്ട ഭൂരിപക്ഷ ഓഹരികൾ വാങ്ങാൻ ഒരുങ്ങുന്നത് എസ്കോർട്സ് ഓഹരിയുടെ വില കഴിഞ്ഞ ദിവസങ്ങളിൽ ഉയർത്തിയിരുന്നു. ഇന്നു രാവിലെ തുടക്കത്തിൽ ഓഹരി താഴോട്ടു നീങ്ങി. പിന്നീടു നഷ്ടം നികത്തി നേട്ടത്തിലായി. 1800 രൂപയ്ക്കടുത്താണ് ഓഹരിവില. കുബോട്ട 2000 രൂപ എങ്കിലും ഓഫർ ചെയത് ഓപ്പൺ ഓഫർ നടത്തുമെന്നു സൂചനയുണ്ട്.
ലിസ്റ്റിംഗിൽ 27 ശതമാനം ഇടിഞ്ഞ പേടിഎം ഇന്നു വീണ്ടും 12 ശതമാനത്തോളം താണു. ആദ്യ അര മണിക്കൂറിൽ അഞ്ചു ലക്ഷത്തിലേറെ ഓഹരികൾ കൈമാറി. ഇതു വരെ കമ്പനിയിലെ നിക്ഷേപകർക്കുള്ള നഷ്ടം 50,000 കോടി രൂപ കവിഞ്ഞു.
റെയിൽവേയിൽ ഭക്ഷണ വിതരണം പുനരാരംഭിക്കുന്നത് ഐആർസിടിസി ഓഹരിയുടെ വില ഉയർത്തി.
ഡോളർ ഉയർന്നു. 11 പൈസ നേട്ടത്തിൽ 74.35 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. ഡോളർ സൂചിക 96.8 ആയി.
സ്വർണം ലോകവിപണിയിൽ 1847 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 36,600 രൂപ തുടർന്നു. ശനിയാഴ്ചയാണു വില 200 രൂപ കുറഞ്ഞ് 36,600 ആയത്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it