Begin typing your search above and press return to search.
തകർച്ചയിൽ നിന്നു കയറി; ആർ ബി എൽ പ്രശ്നം ബാങ്കിംഗ് ഓഹരികളെ വലയ്ക്കുന്നു
ബാങ്കുകളും റിലയൻസും വിപണിയെ താഴോട്ടു വലിച്ചു. ആർബിഎൽ ബാങ്ക് പ്രശ്നമാണു ബാങ്കിംഗ് ഓഹരികളുടെ തകർച്ചയ്ക്കു വഴിതെളിച്ചത്. മുഖ്യസൂചികകൾ തുടക്കത്തിൽ ഒരു ശതമാനം താണിട്ടു പിന്നീടു നഷ്ടം ഗണ്യമായി കുറച്ചു.
കോവിഡ് വ്യാപനം മൂലം പലേടത്തും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത് മൾട്ടിപ്ലെക്സ് കമ്പനികളായ പിവിആറിനും ഐനോക്സ് ലീഷറിനും ക്ഷീണമായി. വിമാന സർവീസുകൾ മുഴുവനായി പുനരാരംഭിക്കാൻ വൈകും എന്നത് ഇൻ്റർ ഗ്ലോബ് ഏവിയേഷനും സ്പൈസ് ജെറ്റിനും വിലയിടിച്ചു. ഹോട്ടൽ ഓഹരികളും താഴ്ചയിലാണ്.
ആർബിഎൽ ബാങ്ക് ഓഹരി തുടക്കത്തിൽ 10 ശതമാനത്തോളം ഇടിഞ്ഞു. പിന്നീട് 15 ശതമാനമായി ഇടിവ്. ഒടുവിൽ 20 ശതമാനത്തിലെത്തി. നീട്ടിക്കിട്ടിയ ഒരു വർഷ കാലാവധിയിൽ പകുതി ബാക്കിനിൽക്കെ എംഡിയും സിഇഒയുമായ വിശ്വവീർ അഹൂജ സ്ഥാനത്തു നിന്നു മാറിയതും റിസർവ് ബാങ്ക് ഒരു അഡീഷണൽ ഡയറക്ടറെ നിയമിച്ചതും ബാങ്കിൻെറ ഓഹരി വില കുത്തനേ ഇടിച്ചു. ബാങ്കിൽ 10 ശതമാനം ഓഹരി എടുക്കാൻ താൻ ശ്രമിക്കുന്നതായ റിപ്പോർട്ടുകൾ ബിഗ് ബുൾ രാകേഷ് ജുൻജുൻ വാല നിഷേധിച്ചു. ഡിമാർട്ടിൻ്റെ രാധാകൃഷ്ണ ദമാനി ബാങ്കിൽ 10 ശതമാനം ഓഹരി എടുക്കാൻ നൽകിയ അപേക്ഷ റിസർവ് ബാങ്കിൻ്റെ പരിഗണനയിലാണ്.
ചില ബ്രോക്കറേജുകൾ ആർബിഎൽ ഓഹരി വിൽക്കാൻ ശിപാർശ ചെയതു. ആർബിഎൽ ബാങ്കിൻ്റെ പ്രശ്നം മറ്റു ബാങ്ക് ഓഹരികൾക്കും ക്ഷീണം വരുത്തി. വ്യാപാരം തുടങ്ങിയപ്പോൾ തന്നെ ബാങ്ക് നിഫ്റ്റി ഒന്നര ശതമാനത്തിലേറെ താഴ്ചയിലായി. ഇൻഡസ് ഇൻഡ് ബാങ്ക് അഞ്ചര ശതമാനം താണു. പിന്നീടു നഷ്ടം കുറച്ചു.
274 രൂപയ്ക്ക് ഇഷ്യു നടത്തിയ എച്ച് പി ആഡ് ഹെസീവ്സ് ഓഹരി 315 രൂപയിൽ ലിസ്റ്റ് ചെയ്തു. പിന്നീടു 335 വരെ ഉയർന്നു.
ലോകവിപണിയിൽ സ്വർണം 1810 ഡോളറിലാണ്. കേരളത്തിൽ പവന് 80 രൂപ കൂടി 36,360 രൂപയായി.
രൂപ ഇന്നു ദുർബലമായി. ഡോളർ 12 പൈസ നേട്ടത്തിൽ 75.14 രൂപയിൽ വ്യാപാരം തുടങ്ങി.
Next Story
Videos