വിപണി ഉത്സാഹത്തിൽ; പ്രതിരോധങ്ങൾ തകർത്തു സൂചികകൾ കയറുന്നു

വിപണി ഉത്സാഹത്തിലാണ്. സെൻസെക്സ് 60,000 നു മുകളിലും നിഫ്റ്റി 17,900-നു മുകളിലും വ്യാപാരം തുടങ്ങി. പിന്നീടു കുറേക്കൂടി കയറി. സെൻസെക്സ് 500-ലേറെ പോയിൻ്റും നിഫ്റ്റി 150-ലേറെ പോയിൻ്റും ഉയർന്നു. പ്രതിരോധ തലങ്ങൾ മറികടന്നുള്ളതാണു കുതിപ്പ്. ബുധനാഴ്ച പുറത്ത് വരുന്ന വിലക്കയറ്റ കണക്കും ഐടി ഭീമന്മാരുടെ മൂന്നാം പാദ ഫലങ്ങളും വിപണിഗതിയെ നിയന്ത്രിക്കും.

മിഡ്, സ്മോൾ ക്യാപ് സൂചികകളും കയറ്റത്തിലാണ്. ബാങ്ക് നിഫ്റ്റി ഒന്നേകാൽ ശതമാനത്തിലധികം ഉയർന്നു.
നിഫ്റ്റി 50 കമ്പനികളുടെ മൂന്നാം പാദ ഇപിഎസ് 26 ശതമാനം വർധിക്കുമെന്ന് മോട്ടിലാൽ ഓസ്വാൾ വിലയിരുത്തി.
പേയ്ടിഎം ഇന്നും താണു. തുടക്കത്തിൽ തന്നെ രണ്ടു ശതമാനം ഇടിഞ്ഞു. വിദേശ ബ്രോക്കറേജ് മക്കാറീ കമ്പനിയുടെ ഓഹരിവില ലക്ഷ്യം 900 രൂപയിലേക്കു താഴ്ത്തി. കമ്പനിയുടെ വരുമാനവളർച്ച പ്രതീക്ഷയിലും കുറവാണെന്ന് മക്കാറീ ചൂണ്ടിക്കാട്ടി. 1560 രൂപയിൽ ലിസ്റ്റ് ചെയ്ത ഓഹരി ഇപ്പോൾ 23 ശതമാനം താഴെ 1210 രൂപയ്ക്കടുത്താണ്.
മൂന്നാം പാദത്തിൽ വിൽപന ഗണ്യമായി വർധിച്ചത് ശോഭാ ഡവലപ്പേഴ്സ്, ഒബറോയ് റിയൽറ്റി തുടങ്ങിയവയുടെ വില മൂന്നു മുതൽ അഞ്ചു വരെ ശതമാനം ഉയർത്തി.
ഗോൾഡ്മാൻ സാക്സ് നല്ല റിപ്പോർട്ട് നൽകിയ കെപിഐടി ഇന്നും നല്ല കുതിപ്പു നടത്തി. വില രാവിലെ 9 ശതമാനം ഉയർന്നു. ആറുമാസം കൊണ്ട് ഈ ഓഹരിയുടെ വില മൂന്നിരട്ടിയായി. നാലു ദിവസം കൊണ്ട് 25 ശതമാനം വളർച്ച.
ഡി മാർട്ട് റീട്ടെയിൽ ചെയിൻ നടത്തുന്ന അവന്യു സൂപ്പർ മാർട്ടിൻ്റെ ഓഹരി രാവിലെ ഒന്നര ശതമാനം ഇടിഞ്ഞു. മൂന്നാം പാദ വിൽപന വളർച്ച പ്രതീക്ഷ പോലെ വന്നു. എന്നാൽ നാലാംപാദത്തിൽ ലാഭക്ഷമത തുടരുന്നതിനെപ്പറ്റി സംശയമുണ്ട്. റീട്ടെയിൽ സ്റ്റോറുകളിൽ ആൾക്കാരുടെ വരവ് കോവിഡ് മൂലം കുറയുന്നതായാണു റിപ്പാേർട്ട്.
ഒമിക്രോൺ വ്യാപനത്തിൻ്റെ പേരിലുള്ള നിയന്ത്രണങ്ങൾ പ്രതീക്ഷിച്ചത്ര കടുത്തതല്ലാത്തതിനാൽ ഹോട്ടൽ, മൾട്ടിപ്ളെക്സ്ഓഹരികൾ ഉയർന്നു. വ്യോമയാന ഓഹരികളും ഉയർന്നു. വിമാന സർവീസുകൾ വിലക്കാത്തതാണു കാരണം. പഞ്ചസാര മിൽ ഓഹരികൾ ഇന്നും നേട്ടത്തിലായി.
ലോക വിപണിയിൽ സ്വർണം 1792 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 35,600 രൂപയായി.
രൂപ ഇന്നും കരുത്തു കാട്ടി. 16 പൈസ താണ് 74.14 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it