ലാഭമെടുക്കൽ കുതിപ്പിനു തടസം; 61,000 തൊട്ട് സെൻസെക്സ്

കുതിപ്പിനു തടസമായി വിൽപന സമ്മർദം. പ്രീഓപ്പണിൽ 61,000 കടന്ന സെൻസെക്സ് പിന്നീട് അവിടെ എത്താൻ ഏറെ നേരം ശ്രമപ്പെട്ടു. ഒരു മണിക്കൂറിനകം മൂന്നു തവണ 61,000 തൊട്ട ശേഷം പിൻവാങ്ങി.

ഉയർന്ന വിലയിൽ വിറ്റു ലാഭമെടുക്കാൻ മ്യൂച്വൽ ഫണ്ടുകളും മറ്റും തിടുക്കം കൂട്ടി. ഇന്നു റിസൽട്ട് പുറത്തുവിടുന്ന ടിസിഎസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയവയിൽ വിൽപന സമ്മർദം കൂടുതലായിരുന്നു.ഇൻഫോസിസ് ഒഴികെ പ്രമുഖ ഐടി ഓഹരികൾക്കെല്ലാം വില താണു.
ലോകവിപണിയിൽ വ്യാവസായിക ലോഹങ്ങളുടെ വില കൂടിയത് സ്റ്റീൽ, മെറ്റൽ ഓഹരികളെ ഉയർത്തി. കഴിഞ്ഞ മാസം ചൈനയിൽ സ്റ്റീൽ ഡിമാൻഡ് 20 ശതമാനം കുറവായി. ഈ മാർച്ചോടെ അവിടെ ഡിമാൻഡ് ഉയരുമെന്നാണു സൂചന. ഇരുമ്പയിര് വില 40 ശതമാനം ഉയർന്നതു സ്റ്റീൽ ഡിമാൻഡ് കൂടുന്നതിൻ്റെ സൂചനയാണ്.
അടുത്ത ധനകാര്യ വർഷം സ്റ്റീൽ കമ്പനികളുടെ ഇപിഎസ് വർധന നേരത്തേ കണക്കാക്കിയതിലും 20-26 ശതമാനം കുറയുമെന്ന് വിദേശബ്രോക്കറേജ് ജെഫെറീസ് വിലയിരുത്തി.
പേയ്ടിഎം ഓഹരി ഇന്നും താണു. 2150 രൂപയ്ക്ക് ഇഷ്യു നടത്തിയ ഓഹരി ഇപ്പോൾ 1090 രൂപയ്ക്കു താഴെയാണ്.
ഫെഡറൽ ബാങ്കിൻ്റെ ഫെഡ് ഫിന എന്ന ഉപകമ്പനി ഐപിഒ നടത്തുമെന്ന പ്രഖ്യാപനം ബാങ്ക് ഓഹരിയെ രണ്ടു ശതമാനത്തിലധികം ഉയർത്തി.
സർക്കാരിനു നൽകാനുള്ള പലിശ ഓഹരിയാക്കി മാറ്റുമെന്ന പ്രഖ്യാപനത്തെ തുടർന്ന് ഇന്നലെ 21 ശതമാനം ഇടിഞ്ഞ വോഡഫോൺ ഐഡിയ ഓഹരി ഇന്നു രാവിലെ ഏഴു ശതമാനത്തോളം ഉയർന്നു. സർക്കാരിന് ഓഹരി നൽകുന്ന ടാറ്റാ ടെലിസർവീസസ് ഓഹരിക്ക് അഞ്ചു ശതമാനം വിലയിടിവ് ഉണ്ടായി.
രൂപ ഇന്നും നേട്ടമുണ്ടാക്കി. 10 പൈസ താണ് 73.8 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.
സ്വർണവില രാജ്യാന്തര വിപണിയിൽ 1818-1820 ഡോളറിലാണ്. കേരളത്തിൽ പവന് 80 രൂപ കൂടി 35,840 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story
Share it