ആഗോള കാറ്റിൽ സൂചികകൾ താഴുന്നു; റിലയൻസും ബജാജ് ഓട്ടോയും ഉയരുന്നു

ആഗോള കാറ്റിൽ ഇന്ത്യൻ വിപണി ഉലയുന്നു. രണ്ടാം ദിവസവും വലിയ താഴ്ചയിലാണു വ്യാപാരം. ബാങ്ക്, മെറ്റൽ, കൺസ്യൂമർ ഡ്യുറബിൾസ്‌, ഓയിൽ മേഖലകൾ ഒഴികെ എല്ലാം വ്യാപാരത്തുടക്കത്തിൽ നഷ്ടത്തിലായിരുന്നു. നിഫ്റ്റി 18,000നു താഴെ പോയിട്ട് ഗണ്യമായി തിരിച്ചു കയറി. ഐടി, ഫാർമ മേഖലകൾ താഴ്ചയുടെ മുന്നിൽ നിന്നു. ആദ്യം നഷ്ടത്തിലായിരുന്ന ബാങ്ക് നിഫ്റ്റി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നേട്ടത്തിലായി.

റിലയൻസ് ജിയാേ വരിക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിൽ ഒന്നാം സ്ഥാനം നിലനിർത്തിയതും സ്പെക്ട്രം ലൈസൻസ് ഫീസ് (30,000-ൽ പരം കോടി രൂപ) കുടിശ്ശിക മുൻകൂർ അടച്ചതും റിലയൻസ് ഓഹരിയെ സഹായിച്ചു. റോബോട്ടിക്സ് സ്ഥാപനമായ ആഡ്വെർബ് ടെക്നോളജീസിൽ റിലയൻസ് 55 ശതമാനം ഓഹരി എടുത്തതും കമ്പനിയിലെ താൽപര്യം വളർത്തി. ഓട്ടോമേറ്റഡ് വെയർഹൗസുകളും മറ്റും ഡിസൈൻ ചെയ്തു നിർമിക്കുന്ന കമ്പനിയാണിത്.
മികച്ച മൂന്നാം പാദ റിസൽട്ട് പുറത്തിറക്കിയ ബജാജ് ഫിൻ ഇന്നത്തെ തകർച്ചയ്ക്ക്ക്കിടയിലും നേട്ടമുണ്ടാക്കി.
ബജാജ് ഓട്ടോയും ഇന്നു നേട്ടത്തിലാണ്.
പഞ്ചസാരമില്ലുകൾക്കു വേണ്ട യന്ത്രങ്ങൾ നിർമിക്കുന്ന പ്രാജ് ഇൻഡസ്ട്രീസ് കുറേ ദിവസങ്ങളായുള്ള കുതിപ്പ് തുടരുന്നു. ഒരു മാസം കൊണ്ട് ഓഹരിവില 37 ശതമാനം വർധിച്ചു.
നവംബർ മുതൽ നല്ല നേട്ടം ഉണ്ടാക്കിയ തെർമാക്സ് ഓഹരി ഇന്നും ഉയർന്നു.
ക്രൂഡ് ഓയിൽ വില കുതിച്ചു കയറിയത് ഒഎൻജിസി അടക്കം ഓയിൽ കമ്പനികളുടെ വില ഉയർത്തി.
ലോക വിപണിയിൽ സ്വർണം 1812 ഡോളറിലായി. കേരളത്തിൽ പവന് 80 രൂപ കൂടി 36,080 രൂപയായി.
ഡോളർ ഒൻപതു പൈസ നേട്ടത്തിൽ 74.66 രൂപയിൽ വ്യാപാരം തുടങ്ങി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it