താഴ്ന്നിട്ടു ചാഞ്ചാട്ടം; ബാങ്ക്, ധനകാര്യ, ഐടി ഓഹരികൾ ദുർബലം

വീണ്ടും താഴ്ന്നു തുടങ്ങുകയും പിന്നെ തിരിച്ച് കയറുകയും ചെയ്യുന്ന ദൃശ്യമാണ് ഇന്നു രാവിലെ വിപണിയിൽ സെൻസെക്സ് 59,000-നും നിഫ്റ്റി 17,650-നും താഴെ വ്യാപാരം തുടങ്ങി. പിന്നീട് താഴ്ചയിലേക്കു പോയ സൂചികകൾ ഇടയ്ക്കു നല്ലതു പോലെ തിരിച്ചു കയറി. വീണ്ടും ചാഞ്ചാടി. ഒരു മണിക്കൂറിനകം സെൻസെക്സ് 58,683 വരെ താണിട്ട് 59,196 വരെ കയറി. നിഫ്റ്റി 17,525 വരെ താണു, തിരിച്ച് 17,678.5 വരെ എത്തി.

ഏഷ്യൻ വിപണികൾ നല്ല താഴ്ചയിലാണ്.
ബാങ്കുകളും ഐടി കമ്പനികളും ധനകാര്യ കമ്പനികളും ഇന്നു താഴ്ചയിലാണ്.
പലിശമാർജിൻ കുറയുകയും വായ്പാ വളർച്ച ഇടിയുകയും ചെയ്തത് പിഎൻബി ഹൗസിംഗിനെ താഴ്ത്തി. ഓഹരിവില അഞ്ചു ശതമാനം ഇടിഞ്ഞു.
റിസൽട്ട് പ്രതീക്ഷയിലും മോശമായത് സാസ്കെൻ ടെക്നോളജീസ് ഓഹരിയെ അഞ്ചു ശതമാനത്തിലധികം താഴ്ത്തി. മൂന്നു ദിവസം കൊണ്ട് ഓഹരി 12 ശതമാനം താണു.
10 ക്വാർട്ടറുകൾക്കു ശേഷം ലാഭപാതയിലായ ഷോപ്പേഴ്സ് സ്‌റ്റോപ്പ് ഓഹരി ഇന്നു രാവിലെ 13 ശതമാനം ഉയർന്നു. കെ. രഹേജ ഗ്രൂപ്പിൽ പെട്ട ഈ റീട്ടെയിൽ ചെയിൻ ഫാഷൻ വസ്ത്ര വിപണിയിലാണു കൂടുതൽ ശ്രദ്ധിക്കുന്നത്.
മികച്ച റിസൽട്ടും വർധിച്ചു വരുന്ന കരാറുകളും ടാറ്റാ എൽക്സിയെ വീണ്ടും ഉയരങ്ങളിലേക്കു നയിച്ചു. കമ്പനി ഓഹരി സർവകാല റിക്കാർഡിലാണ്. ഇന്നലെ 13 ശതമാനം ഉയർന്ന ഓഹരി ഇന്ന് അഞ്ചു ശതമാനത്തോളം കയറി. കഴിഞ്ഞ ഓഗസ്റ്റിൽ 4200 രൂപയായിരുന്ന ഓഹരി വില ഇപ്പോൾ 7800 രൂപയ്ക്കടുത്താണ്‌. എംഫസിസ്, സീയൻ്റ്, പെർസിസ്റ്റൻസ് സിസ്റ്റംസ് തുടങ്ങിയവ മികച്ച റിസൽട്ടിൻ്റെ അടിസ്ഥാനത്തിൽ വലിയ നേട്ടമുണ്ടാക്കി.
പേയ്ടിഎം, പോളിസി ബസാർ തുടങ്ങിയവ ഇന്നും താഴോട്ടു പോയി. പേയ്ടിഎം 988 രൂപ വരെ താണു.
ഗൂഢ (ക്രിപ്റ്റോ) കറൻസികൾ രണ്ടു ദിവസമായി താഴോട്ടാണ്. ബിറ്റ് കോയിൻ 38,800 വരെ താണു.
സ്വർണം ലോകവിപണിയിൽ 1842 ഡോളറിലാണ്. കേരളത്തിൽ പവന് 80 രൂപ കയറി 36,520 രൂപയായി.
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it