Begin typing your search above and press return to search.
സംഘർഷം അയയുന്നു; വിപണി കയറിയിറങ്ങി
യുക്രെയ്ൻ സംഘർഷത്തിനു ചെറിയ അയവ് ദൃശ്യമായത് വിപണിയെ സഹായിച്ചു. വലിയ രക്തച്ചൊരിച്ചിൽ ഒഴിവായി. പ്രീ ഓപ്പണിംഗിൽ വലിയ താഴ്ച കാണിച്ചെങ്കിലും വിപണി തുറന്നപ്പോൾ ചെറിയ ഇടിവ് മാത്രം. പിന്നീടു കയറ്റിറക്കങ്ങളായിരുന്നു. ഇടയ്ക്കു മുഖ്യസൂചികകൾ നേട്ടത്തിലായെങ്കിലും വിപണിഗതി പൊതുവേ താഴാേട്ടായിരുന്നു.
സ്വർണ വിലയും ക്രൂഡ് ഓയിൽ വിലയും കുറഞ്ഞിട്ടുണ്ട്. യുക്രെയ്ൻ വിഷയത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി സോപാധിക ചർച്ചയ്ക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി തയാറായതാണു സംഘർഷ ലഘൂകരണത്തിനു വഴിതെളിച്ചത്. വലിയ താഴ്ചയിലായിരുന്ന ഏഷ്യൻ സൂചികകൾ നഷ്ടം കുറച്ചു.
സൊമാറ്റോ, പേ ടിഎം, പിബി ഫിൻ ടെക്, ഇൻഫോ എഡ്ജ്, നൈകാ തുടങ്ങിയ പുതുതലമുറ കമ്പനികൾ ഇന്നും താഴോട്ടു പോയി.
നെസ് ലെയുടെ മോശം പ്രകടനം മറ്റ് എഫ്എംസിജി കമ്പനികളെയും ദുർബലമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ താഴ്ചയിലായിരുന്ന മണപ്പുറം ജനറൽ ഫിനാൻസും മുത്തൂറ്റ് ഫിനാൻസും ഇന്നു നേട്ടത്തിലായി.
സിഎസ്ബി ബാങ്ക് ഓഹരികൾ ഇന്നു നാലു ശതമാനത്തോളം ഉയർന്നു. പ്രളയ് മണ്ഡലിനെ ഡെപ്യൂട്ടി എംഡിയായി നിയമിച്ചതിനെ റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.
ലോക വിപണിയിൽ സ്വർണവില 1902 ഡോളറിൽ നിന്ന് 1890 ഡോളറിലേക്കു താണു. ഇന്നലെ രാവിലെ 1874 ഡോളറായിരുന്നു. കേരളത്തിൽ പവൻ വില 400 രൂപ വർധിച്ച് 37,040 രൂപയായി.
രൂപ ഇന്നു നേട്ടമുണ്ടാക്കി. ഡോളർ 11 പൈസ താണ് 75 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 74.96 രൂപയിലേക്കു താണു.
Next Story
Videos