യുദ്ധഭീതിയിൽ വീണ്ടും തകർച്ച; ഇന്ത്യൻ വിപണി തിരുത്തൽ മേഖലയിൽ

ആഗാേള ആശങ്കകളെ പിന്തുടർന്ന്ഇന്ത്യൻ വിപണി ഇന്നും താഴാേട്ടു വീണു. സെൻസെക്സ് 54,000-നു താഴെയായി. നിഫ്റ്റി 16, 200നു താഴേക്കു നീങ്ങി. പിന്നീട് അൽപം ഉയർന്നു.

യുക്രെയ്നിലെ റഷ്യൻ ആക്രമണം നീണ്ടു പോകുന്നത് ആഗാേള വളർച്ചയെ ബാധിക്കുമെന്ന ആശങ്ക എല്ലാ വിപണികളിലും പ്രകടമാണ്.
ഇന്ത്യൻ വിപണി തിരുത്തൽ മേഖലയിലായി. നിഫ്റ്റിയും സെൻസെക്സും കഴിഞ്ഞ ഒക്ടോബറിലെ സർവകാല റിക്കാർഡിൽ നിന്ന് 13 ശതമാനം വീതം താഴെയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 36.2 പി ഇ അനുപാതത്തിലായിരുന്ന സെൻസെക്സ് ഇപ്പോൾ 24 പി ഇ യിലാണ്. നിഫ്റ്റി പി ഇ 40-നു മുകളിൽ നിന്ന് 22- ലേക്കു താണു.
ബാങ്ക്, ഓട്ടോ, റിയൽറ്റി സൂചികകൾ ഇന്നത്തെ തകർച്ചയ്ക്കു നേതൃത്വം നൽകി.നിഫ്റ്റി ബാങ്ക് രണ്ടു ശതമാനത്തിലേറെ താണു.
വോഡഫോൺ ഐഡിയ 14,500 കോടി രൂപ മൂലധനവും വായ്പയുമായി സമാഹരിക്കാൻ തീരുമാനിച്ചു. 4500 കോടി പ്രൊമോട്ടർമാർ മുടക്കും. ബാക്കി ഓഹരിയും ബോണ്ടുകളും ഡിബഞ്ചറുകളും ആയിരിക്കും. വിപണി അനുകൂലമായി പ്രതികരിക്കും എന്നു കരുതിയെങ്കിലും ഓഹരി അഞ്ചു ശതമാനത്തോളം താഴുകയാണു ചെയ്തത്.
റഷ്യയുടെ എണ്ണ വാങ്ങാൻ പല രാജ്യങ്ങളും വിസമ്മതിക്കുന്ന സാഹചര്യത്തിൽ റഷ്യ വില താഴ്ത്തി വിൽക്കുമെന്ന ധാരണ വിപണിയിൽ വന്നിട്ടുണ്ട്. ക്രൂഡ് ഓയിൽ 119 ഡോളർ വരെ കയറിയിട്ട് 112 - ലേക്കു താഴ്ന്നത് ഈ പശ്ചാത്തലത്തിലാണ്.
വാഹന കമ്പനികളുടെ ഓഹരികൾ ഇന്നും താഴോട്ടു നീങ്ങി. ഹീറോ മോട്ടോ കോർപ് നാലു ശതമാനത്തിലേറെ താണു. ഓട്ടാേ നിഫ്റ്റി മൂന്നു ശതമാനത്തോളം ഇടിഞ്ഞു.
രാജ്യാന്തര വിപണിയിൽ സ്വർണം 1940 ഡോളറിലാണ്. കേരളത്തിൽ ഇന്നലെ പവനു 320 രൂപ കുറഞ്ഞത് ഇന്നു തിരിച്ചു കയറി 38,160 രൂപയായി.
ഡോളർ ഇന്ന് 76 രൂപയ്ക്കു മുകളിലായി. 15 പൈസ നേട്ടത്തിൽ 76.06 പൈസയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീടു കയറിയിറങ്ങി.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it