വിൽപന സമ്മർദത്തിൽ സൂചികകൾ താഴെ; മെറ്റൽ ഓഹരികൾക്കു നേട്ടം; ബാങ്കുകൾക്കു ക്ഷീണം

മിഡ് ക്യാപ്‌, സ്മോൾ ക്യാപ് ഓഹരികൾ രാവിലെ ഉയർച്ചയിലായിരുന്നു

വിപണി വിൽപനസമ്മർദം മൂലം ചാഞ്ചാട്ടത്തിൽ. ചെറിയ നേട്ടത്തോടെ തുടങ്ങിയ മുഖ്യസൂചികകൾ താമസിയാതെ നഷ്ടത്തിലായി. പിന്നീടു നേട്ടത്തിലേക്കു മാറി. വീണ്ടും നഷ്ടത്തിലായി. രണ്ടാഴ്ച കൊണ്ടു ഗണ്യമായി ഉയർന്ന വിപണിയിൽ ലാഭമെടുക്കാൻ മ്യൂച്വൽ ഫണ്ടുകളും വിദേശ നിക്ഷേപകരും ഉത്സാഹമെടുത്തതാണ് ഇടിവിലേക്കു നയിച്ചത്.

റിലയൻസും ബാങ്കുകളും ധനകാര്യ കമ്പനികളും താഴ്ചയ്ക്കു മുന്നിൽ നിന്നു. വിപണി വീണ്ടും ഉയർച്ചയിലായപ്പോഴും ഇവ താഴ്ന്നു നിന്നു. മിഡ് ക്യാപ്‌, സ്മോൾ ക്യാപ് ഓഹരികൾ രാവിലെ ഉയർച്ചയിലായിരുന്നു.
ലോഹങ്ങളുടെ വില ഉയരുന്നത് മെറ്റൽ ഓഹരികൾക്ക് വില കൂട്ടി. ഹിൻഡാൽകോ നാലു ശതമാനം ഉയർന്നു. ഇന്ത്യൻ സ്റ്റീലിനു യൂറോപ്പിൽ നിന്നു ഡിമാൻഡ് വർധിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ സ്റ്റീൽ വില 10 ശതമാനത്തോളം കൂടി. ക്രൂഡ് ഓയിൽ വില വീണ്ടും ഉയരുന്നത് ഒഎൻജിസിയുടെ ഓഹരി വില വർധിപ്പിച്ചു.
പാപ്പരായ സിൻ്റെക്സ് ഇൻഡസ്ട്രീസിനെ 3650 കോടി രൂപയ്ക്ക് റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കും. സിൻ്റെക്സിൻ്റെ ഓഹരി മൂലധനം എഴുതിത്തള്ളും. ഓഹരി ഡീ ലിസ്റ്റ് ചെയ്യും. പാപ്പർനിയമനടപടികളിലൂടെ റിലയൻസ് സ്വന്തമാക്കുന്ന രണ്ടാമത്തെ ടെക്സ്റ്റൈൽ കമ്പനിയാണു സിൻ്റെക്സ്. നേരത്തേ അലോക് ഇൻഡസ്ട്രീസിനെ 5050 കോടി രൂപയ്ക്കു വാങ്ങിയിരുന്നു.
ക്ലോവിയ അടിവസ്ത്ര ബ്രാൻഡിൻ്റെ ഉടമകളായ പർപ്പിൾ പാൻഡ ഫാഷൻസിൻ്റെ 89 ശതമാനം ഓഹരി റിലയൻസ് റീട്ടെയിൽ 950 കോടി രൂപയ്ക്കു വാങ്ങി. റിലയൻസ് സ്വന്തമാക്കുന്ന മൂന്നാമത്തെ അടിവസ്ത്ര കമ്പനിയാണിത്.
ബൾക്ക് ഉപയോക്താക്കൾക്കു ഡീസൽ വില കുത്തനേ കൂട്ടിയത് വലിയ ലോജിസ്റ്റിക്സ് - ട്രാൻസ്പോർട്ടിംഗ് കമ്പനികൾക്കു ക്ഷീണമാകും. ഇന്ധനച്ചെലവിലെ വർധന ഇടപാടുകാരിൽ നിന്ന് ഈടാക്കുമെന്നാണു കമ്പനികൾ പറയുന്നത്. എങ്കിലും അത്തരം കമ്പനികളുടെ ഓഹരി വില മൂന്നു ശതമാനം വരെ ഇടിഞ്ഞു.
സ്വർണം ലോകവിപണിയിൽ 1927 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 80 രൂപ വർധിച്ച് 37,920 രൂപയായി.
ഡോളർ ഇന്നു തിരിച്ചു കയറി. 27 പൈസ നേട്ടത്തിൽ 76.07 രൂപയിൽ ഡോളർ വ്യാപാരം തുടങ്ങി.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it