Begin typing your search above and press return to search.
താഴെ നിന്നു കയറി, പിന്നെ ചാഞ്ചാടി; മെറ്റൽ ഓഹരികൾ ഇന്നും ഉയർന്നു.
പ്രീ ഓപ്പണിൽ മുഖ്യസൂചികകൾ ഒരു ശതമാനത്തോളം താഴ്ന്നെങ്കിലും റെഗുലർ വ്യാപാരത്തിൽ സൂചികകൾ അത്ര താണില്ല. എന്നു മാത്രമല്ല ക്രൂഡ് ഓയിൽ വില കുറഞ്ഞതിന് അനുസരിച്ച് സൂചികകൾ ഉയരുകയും ചെയ്തു. ഒരവസരത്തിൽ നേരിയ നേട്ടത്തിലായ ശേഷം വീണ്ടും സൂചികകൾ താണും കയറിയും ചാഞ്ചാടി.
രാവിലെ ഒന്നര ശതമാനം ഇടിവിലായിരുന്ന ബാങ്ക് നിഫ്റ്റി പിന്നീടു നഷ്ടം ഒരു ശതമാനത്തിനു താഴെയാക്കി. ധനകാര്യ കമ്പനികളും ഇന്നു നഷ്ടത്തിലാണ്. മിഡ് ക്യാപ് ഓഹരികൾ പൊതുവേ നേട്ടത്തിലായി. മെറ്റൽ ഓഹരികൾ ഇന്നും ഉയർന്നു.
കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ 2.3 ശതമാനം ഓഹരി (4.36 കോടി ഓഹരി) കൈമാറ്റം ചെയ്യപ്പെട്ടതിനെ തുടർന്ന് ഓഹരി വില മൂന്നര ശതമാനത്തിലധികം ഇടിഞ്ഞു. കാനഡ പെൻഷൻ ഫണ്ടാണ് ഓഹരികൾ വിറ്റത്.
ഹൈഡ്രോഫ്ലോറോ കാർബണുകളുടെ കയറ്റുമതി നിരോധിച്ചത് എസ്ആർഎഫിൻ്റെയും നവീൻ ഫ്ളോറിൻ്റെയും വില താഴ്ത്തി. പിന്നീടു നവീൻ തിരിച്ചു കയറി മൂന്നു ശതമാനം നേട്ടത്തിലായി.
സീ എൻ്റടെയ്ൻമെൻ്റിൻ്റെ ഓഹരി ഉടമകളുടെ യോഗം വിളിച്ചു മാനേജ്മെൻ്റിനെ മാറ്റാനുള്ള നീക്കം ആക്ടീവിസ്റ്റ് നിക്ഷേപകരായ ഇൻവെസ്കോ ഉപേക്ഷിച്ചു. സീയും സോണിയും ഒന്നിക്കുന്ന നിലയ്ക്കു മാനേജ്മെൻറിൽ വേണ്ട മാറ്റം വരും എന്ന വിലയിരുത്തലിൽ ആണിത്. സീ ഓഹരി ഇന്നു രാവിലെ 15 ശതമാനം ഉയർന്നു. ഡിഷ് ടിവി ഓഹരി ഇന്ന് ഏഴു ശതമാനത്തോളം കയറി.
ആദായ നികുതി പരിശോധനയുടെ പേരിൽ ഇന്നലെ താഴോട്ടു പോയ ഹീറോ മോട്ടോ കോർപ് ഇന്നു നേട്ടത്തിലായി.
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1936 ഡോളറിലായി. രാവിലെ 1950 ഡോളറിനു സമീപമായിരുന്നു. കേരളത്തിൽ പവന് 480 രൂപ വർധിച്ച് 38,360 രൂപയായി.
ഡോളർ അഞ്ചു പൈസ നേട്ടത്തിൽ 76.35 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 76.40 രൂപയിലേക്കു കയറി.
Next Story
Videos