സൂചികകൾ നേട്ടത്തിൽ; റിലയൻസ് പുതിയ ഉയരത്തിൽ

ഉയർന്ന നിലവാരത്തിൽ വ്യാപാരം തുടങ്ങി. പിന്നീട് അൽപം കയറി. ശേഷം ചെറിയ കയറ്റിറക്കം. ഇന്ന് ഇന്ത്യൻ വിപണി നാടകീയതകൾ ഇല്ലാതെ നീങ്ങുകയാണ്. സെൻസെക്സ് 57,500-നും നിഫ്റ്റി 17,250 നും മുകളിലായി.

റിലയൻസ് ഇൻഡസ്ട്രീസ് ഒരു വർഷത്തെ ഏറ്റവും ഉയർന്ന വിലയിലെത്തി. പഴയ ഉയരമായ 2755 രൂപ കടന്ന് 2777 വരെ കയറി. കമ്പനിയുടെ ലാഭം കുതിച്ചു കയറും എന്ന ധാരണയാണു കയറ്റത്തിനു പിന്നിൽ. ഉയരത്തിൽ വലിയ വിൽപനസമ്മർദം വന്നതിനെ തുടർന്ന് ഓഹരിവില 2765 ലേക്കു താഴ്ന്നു.
എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ഇന്നു ചെറിയ നേട്ടം കുറിച്ചു. വിദേശ നിക്ഷേപകർ ഈ ഓഹരികളിൽ വലിയ വിൽപനയാണു കഴിഞ്ഞ രണ്ടാഴ്ച നടത്തിയത്.
വരുമാനവും ലാഭവും കുറഞ്ഞതിനെ തുടർന്ന് ഐസിഐസിഐ സെക്യൂരിറ്റീസിൻ്റെ ഓഹരിവില ആറു ശതമാനം ഇടിഞ്ഞു.
എസിസിയും അംബുജ സിമൻറും ഇന്നും നേട്ടത്തിലാണ്. കമ്പനികളെ ഏറ്റെടുക്കാൻ മത്സരം നടക്കുമെന്ന സൂചനയാണു കാരണം.
വൈദ്യുത വാഹന നിർമാണത്തിൽ ഹോണ്ടയുമായി കരാർ ഉണ്ടാക്കിയതിനെ തുടർന്ന് അതുൽ ഓട്ടോയുടെ ഓഹരി വില 12 ശതമാനം വരെ ഉയർന്നു.
കുറച്ചു ദിവസമായി താഴോട്ടു നീങ്ങിയിരുന്ന എൽ ആൻഡ് ടി ഇൻഫോടെക് ഇന്നും മൂന്നു ശതമാനം താഴ്ന്നു.
ലോക വിപണിയിൽ പഞ്ചസാര കമ്മിയാകും എന്ന സൂചനയിൽ പഞ്ചസാര കമ്പനികളുടെ ഓഹരികൾ നേട്ടമുണ്ടാക്കി.
ഡോളർ ഇന്നു കയറി. 10 പൈസ നേട്ടത്തിൽ 76.31: രൂപയിൽ വ്യാപാരം തുടങ്ങിയ ശേഷം 76.36 രൂപ വരെ ഉയർന്നിട്ട് 76.24 ലേക്കു താണു.
ലോകവിപണിയിൽ സ്വർണം ഔൺസിന് 1952 ഡോളറിലേക്കു താണു. കേരളത്തിൽ പവനു 120 രൂപ വർധിച്ച് 39,440 രൂപയായി.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it