വിപണി നേട്ടത്തിൽ; ഫ്യൂച്ചർ ഗ്രൂപ്പ് തകർച്ചയിൽ

ആശ്വാസറാലിയിൽ ബാങ്കുകളും ഐടി കമ്പനികളും വാഹന കമ്പനികളും നേട്ടം കണ്ടു. റിയൽറ്റിയിലും നല്ല ഉയർച്ച ഉണ്ടായി. നിഫ്റ്റി 200 പോയിൻ്റും സെൻസെക്സ് 650 പോയിൻ്റും ഉയർന്നു. ബാങ്ക് നിഫ്റ്റി തുടക്കത്തിലേ ഒരു ശതമാനം നേട്ടമുണ്ടാക്കി.

മിഡ് ക്യാപ്, സ്മാേൾ ക്യാപ് സൂചികകൾ മുഖ്യസൂചികകളേക്കാൾ ഇരട്ടി വേഗത്തിൽ ഉയർന്നു.
വിറ്റുവരവും ലാഭമാർജിനും ലാഭവും കുറഞ്ഞതിനെ തുടർന്ന് മഹാരാഷ്ട്ര സ്കൂട്ടേഴ്സിൻ്റെ ഓഹരിവില രണ്ടു ശതമാനത്തിലേറെ താണു. പിന്നീടു നഷ്ടം കുറച്ചു.
മികച്ച റിസൽട്ടിൻ്റെ ബലത്തിൽ ഗുജറാത്ത് മിനറൽ ഡവലപ്മെൻ്റ് കോർപ്പറേഷൻ (ജിഎംഡിസി) ഓഹരി നാലു ശതമാനത്തോളം ഉയർന്നു.
മത്സരപ്പരീക്ഷകൾക്കു പരിശീലിപ്പിക്കുന്ന ടൈം (T.I.M.E.) സ്വന്തമാക്കിയ വെരാന്ദ ലേണിംഗ് സൊലൂഷൻസിൻ്റെ ഓഹരിവില അഞ്ചു ശതമാനത്തിലധികം കയറി. 188 പരിശീലന കേന്ദ്രങ്ങളുള്ള ടൈമിനെ 287 കോടി രൂപയ്ക്കാണ് വെരാന്ദ സ്വന്തമാക്കുന്നത്.
ഫ്യൂച്ചറിൻ്റെ റീട്ടെയിൽ ബിസിനസ് വാങ്ങാനുള്ള ഓഫർ റിലയൻസ് പിൻവലിച്ചതിനെ തുടർന്ന് ഇന്നലെ ഫ്യൂച്ചർ ഗ്രൂപ്പ് ഓഹരികളെല്ലാം ലോവർ സർക്യൂട്ടിൽ തട്ടി. ഇന്നും തുടക്കത്തിലേ ലോവർ സർക്യൂട്ടിലാണ് ഓഹരികൾ. ഫ്യൂച്ചർ റീട്ടെയിൽ അഞ്ചു ശതമാനവും ഫ്യൂച്ചർ എൻ്റർപ്രൈസസ് 10 ശതമാനവും ഇടിഞ്ഞു. മറ്റു നാലു ഗ്രൂപ്പ് കമ്പനികൾ 20 ശതമാനത്തോളം താഴ്ചയിലാണ്. ഫ്യൂച്ചർ ഗ്രൂപ്പ് ഓഹരി ഉടമകൾക്ക് ഒന്നും കിട്ടുമെന്നു പ്രതീക്ഷിക്കാനില്ല. എങ്കിലും ചിലർ ഓഹരികൾ വാങ്ങുന്നുണ്ട്. ഓഹരി ഉടമകൾക്കു വലിയ നഷ്ടത്തിലാണെങ്കിലും രക്ഷപ്പെടാൻ ഇത് അവസരം നൽകുന്നു. കമ്പനികൾ പാപ്പർ നടപടിയിലായാൽ വായ്പ നൽകിയ ബാങ്കുകൾക്കു നാമമാത്ര തുകയേ കിട്ടാനുണ്ടാകൂ.
സ്വർണം ലോകവിപണിയിൽ 1902 ഡോളറിലായി. കേരളത്തിൽ പവനു 440 രൂപ കുറഞ്ഞ് 38,760 രൂപയായി.
ഡോളർ ഇന്നു ദുർബലമായി. 22 പൈസ നഷ്ടത്തിൽ 76.47 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it