Begin typing your search above and press return to search.
താഴ്ചയിൽ തുടങ്ങി തിരിച്ചു കയറി ഓഹരി വിപണി; പുതിയ റെക്കോർഡിട്ട് റിലയൻസ്
ആഗോള സൂചനകളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണി ഗണ്യമായ നഷ്ടത്തിലാണ് ഇന്നു വ്യാപാരം തുടങ്ങിയത്. പിന്നീടു നഷ്ടം കുറച്ചു. സെൻസെക്സ് 57,000 നു മുകളിൽ കയറിയിട്ടു വീണ്ടും താണു. ഏഷ്യൻ വിപണികൾ നഷ്ടം കുറച്ചതും ഇന്ത്യൻ വിപണിയെ സഹായിച്ചു.
ബാങ്കുകൾ, ഐടി കമ്പനികൾ, ധനകാര്യ കമ്പനികൾ, വാഹന കമ്പനികൾ തുടങ്ങിയവ താഴോട്ടു നീങ്ങി.
യുടിഐ, നിപ്പൺഇന്ത്യ, ആദിത്യ ബിർല സൺ ലൈഫ് തുടങ്ങിയ അസറ്റ് മാനേജ്മെൻ്റ് കമ്പനികളുടെ റിസൽട്ട് പ്രതീക്ഷയിലും മോശമായി. ആ കമ്പനികളുടെ ഓഹരിവില അഞ്ചു ശതമാനം വരെ താഴ്ന്നു.
ബജാജ് ഫിനാൻസും ബജാജ് ഫിനാൻഷ്യൽ സർവീസസും ഇന്നു രാവിലെ ഇടിവിലാണ്. ബജാജ് ഫിനാൻസ് നാലാം പാദത്തിൽ അറ്റാദായം 80 ശതമാനം വർധിപ്പിച്ചു. എങ്കിലും ഓഹരിവില അഞ്ചു ശതമാനത്തോളം ഇടിഞ്ഞു.
യുപിയിലെ കരിമ്പു കർഷകർക്കു നൽകാൻ കുടിശികയായ കരിമ്പു വിലയ്ക്ക് 15 ശതമാനം പലിശ നൽകണമെന്ന വ്യവസ്ഥ സുപ്രീം കോടതി ശരിവച്ചു. ഇതു യുപിയിലെ പഞ്ചസാരമില്ലുകളുടെ വില താഴ്ത്തി. ബജാജ് ഹിന്ദുസ്ഥാൻ, ബൽറാംപുർ ചീനി, ധാംപുർ ഷുഗർ, ത്രിവേണി എൻജിനിയറിംഗ്, ദ്വാരികേഷ് ഷുഗർ, ശ്രീരേണുക തുടങ്ങിയവ ഒന്നു മുതൽ നാലുവരെ ശതമാനം ഇടിഞ്ഞു.
മികച്ച നാലാംപാദ റിസൽട്ടും വരും വർഷത്തേക്ക് നല്ല വിൽപന സാധ്യതയും അവതരിപ്പിച്ച മാക്രോടെക് ഡവലപ്പേഴ്സ് ഓഹരി നാലു ശതമാനത്തോളം കുതിച്ചു. ലോധ ഗ്രൂപ്പിൽപ്പെട്ട കമ്പനി ലാഭം ഇരട്ടിപ്പിച്ചിരുന്നു. 2022-23-ൽ 3000 കോടി രൂപയുടെ കടങ്ങൾ തിരിച്ചടയ്ക്കുമെന്നു കമ്പനി അറിയിച്ചു.
ചൈനയിലെ സ്റ്റീൽ വ്യവസായ കേന്ദ്രമായ ടാംഗ്ഷാനിൽ കോവിഡ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചു. ഇത് ഇരുമ്പയിരിൻ്റെയും കൽക്കരിയുടെയും വില അൽപം ഉയർത്തി. സ്റ്റീൽ കമ്പനികളിലേക്കു നിക്ഷേപക ശ്രദ്ധ തിരിഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിവില ഇന്ന് ഒരു ശതമാനത്തിലേറെ ഉയർന്ന് 2828 രൂപ എന്ന പുതിയ റിക്കാർഡ് കുറച്ചു.
അഡാനി വിൽമർ ഓഹരി ഇന്നു നാലു ശതമാനത്തോളം ഉയർന്നു. ലിസ്റ്റിംഗിനു ശേഷം ഓഹരി 260 ശതമാനത്തിലേറെ കയറിയിട്ടുണ്ട്. അഡാനി ഗ്രൂപ്പിലെ മറ്റു കമ്പനികൾ ഇന്നു നഷ്ടത്തിലാണ്.
മികച്ച റിസൽട്ട് പ്രഖ്യാപിച്ചെങ്കിലും എയു സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരി അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു. കമ്പനി കൂടുതൽ ഓഹരികൾ വിൽക്കുന്നതിനു തീരുമാനിച്ചതാണു കാരണം.
സ്വർണം രാജ്യാന്തര വിപണിയിൽ 1900 ഡോളറിനു താഴെയായി. 1897 ഡോളറിലാണ് ഏഷ്യൻ വ്യാപാരം. കേരളത്തിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു.
ഡോളർ ഇന്നു നേട്ടത്തിലായി. 76.69 രൂപയിലേക്കു ഡോളർ ഉയർന്നു.
Next Story
Videos