തകർച്ച തുടരുന്നു; ഐടിയെ തള്ളി വിദേശ ബ്രോക്കറേജുകൾ

വീണ്ടും താഴ്ച. വിപണി നാളത്തെ പലിശവർധനയ്ക്ക് ഒരുങ്ങുകയാണ്. മിഡ്, സ്‌മോൾ ക്യാപ്പുകൾ അടക്കം എല്ലാ വ്യവസായ മേഖലകളും താഴോട്ടാണ്. തുടക്കത്തിൽ അര ശതമാനം ഇടിവിലായിരുന്ന മുഖ്യസൂചികകൾ പിന്നീട് ഒരു ശതമാനം താഴ്ചയിലായി. നിഫ്റ്റി 16,400 ൻ്റെ താങ്ങു നഷ്ടപ്പെടുത്തി. പിന്നീടു തിരിച്ചു കയറി. സെൻസെക്സ് 55,000-നും ബാങ്ക് നിഫ്റ്റി 35,000-നും താഴോട്ടു പോകുമോ എന്നാണു വിപണി ഉറ്റുനോക്കുന്നത്.

ഓയിൽ - ഗ്യാസ് കമ്പനികൾ മാത്രമേ നേട്ടം കാണിക്കുന്നുള്ളു. ഐടി, എഫ്എംസിജി, റിയൽറ്റി, ഫാർമ കമ്പനികൾക്കു തകർച്ച നേരിട്ടു. ബാങ്കുകളും ധനകാര്യ കമ്പനികളും ഇടിവിലാണ്.
ഡീസൽ, പെട്രോൾ തുടങ്ങിയവയുടെ വില സിംഗപ്പുരിൽ കുത്തനേ കൂടിയതുമൂലം മാംഗളൂർ റിഫൈനറി (എംആർപിഎൽ) യുടെ ഓഹരിവില പത്തു ശതമാനം കുതിച്ചു. സിംഗപ്പുരിൽ ക്രൂഡ് റിഫെെനിംഗ് മാർജിൻ വീപ്പയ്ക്ക് 20 ഡോളറിനു മുകളിലായി. റിലയൻസ് ഇൻഡസ്ട്രീസിനും ഇതു വലിയ വരുമാന വർധന ഉണ്ടാക്കും. എന്നാൽ റിലയൻസ് ഓഹരിക്ക് അതിനനുസരിച്ച നേട്ടം ഉണ്ടായിട്ടില്ല. സിംഗപ്പുരിലെ വില ആധാരമാക്കിയാണ് ഇന്ത്യയിൽ റിഫൈനറി ഉൽപന്നങ്ങൾക്കു വില നിശ്ചയിക്കുന്നത്.
പിബി ഫിൻടെക്കിൻ്റെ ചെയർമാൻ 0.85 ശതമാനം ഓഹരി വിറ്റു എന്ന അറിയിപ്പ് ഓഹരിവില ഒൻപതു ശതമാനം ഇടിച്ചു.
ഐടി ഓഹരികൾ ഇന്നും ഇടിവിലായി. വിദേശ ബ്രോക്കറേജുകൾ മിക്ക ഐടി കമ്പനികളുടെയും വില ലക്ഷ്യം താഴ്ത്തി നിശ്ചയിച്ചു. ഐടി ഓഹരികൾ ഇപ്പാേഴും അമിത വിലയിലാണെന്ന് അവർ വിലയിരുത്തുന്നു.
ഡോളർ ഇന്നു 77.72 രൂപയിൽ ഓപ്പൺ ചെയ്തു. ഇന്നലെ 77.63 രൂപയിലാണു ക്ലോസ് ചെയ്തത്.
ലോകവിപണിയിൽ സ്വർണം 1841- 1842 ഡോളറിലായി. കേരളത്തിൽ സ്വർണം പവന് 200 രൂപ കുറഞ്ഞ് 38,080 രൂപയായി.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it