ഓഹരി വിപണി മുന്നേറ്റത്തിൽ

നല്ല ഉണർവോടെ വ്യാപാരം തുടങ്ങിയ വിപണി താമസിയാതെ കൂടുതൽ ഉയരത്തിലെത്തി. ഒരു മണിക്കൂർ പിന്നിടുമ്പോഴേക്കു സെൻസെക്സും നിഫ്റ്റിയും മുക്കാൽ ശതമാനത്തോളം ഉയർന്നിരുന്നു.

വിവിധ ഏഷ്യൻ വിപണികൾ ഉണർവിലായതും ഇന്ത്യൻ സൂചികകളെ സഹായിച്ചു. ബാങ്ക് ഓഹരികൾ ഉയർച്ചയ്ക്കു മുന്നിൽ നിന്നു.
വിദേശ ഫണ്ടുകൾ രാവിലെ വാങ്ങലുകാരായി. എഫ്എംസിജി, ഫാർമ, മെറ്റൽ ഓഹരികളിലാണ് അവർ കൂടുതൽ ശ്രദ്ധ വച്ചത്.
അലൂമിനിയം, ചെമ്പ് വിലകൾ റിക്കാർഡിലേക്കു കയറിയത് ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വലിയ താൽപര്യമുണ്ടാക്കി. ഹിന്ദുസ്ഥാൻ കോപ്പർ ഓഹരി ഏഴര ശതമാനം ഉയർന്നു.
വളരെ മികച്ച നാലാം പാദ റിസൽട്ട് പുറത്തുവിട്ട ഹീറോ മോട്ടോ കോർപിൻ്റെ ഓഹരികളിൽ വിൽപന സമ്മർദം. ഓഹരി രണ്ടു ശതമാനത്തിലേറെ താണു.
എഥനോൾ പ്ലാൻറുകൾ നിർമിക്കുന്ന പ്രാജ് ഇൻഡസ്ട്രീസ് ഓഹരി ഇന്ന് ഒൻപതു ശതമാനത്തോളം കയറി. കമ്പനിക്കു പുതിയ ഏതാനും ഓർഡറുകൾ കിട്ടിയതാണു കാരണം.
ഇന്ത്യയും സൗദി അറേബ്യയുമായി സമീപകാലത്തുണ്ടായ പ്രശ്നങ്ങൾ തീർന്നെന്നു സൂചന. കഴിഞ്ഞ മാസങ്ങളിൽ സൗദിയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറച്ച നടപടി ഇന്ത്യ പിൻവലിച്ചു. ജൂണിലേക്കു പഴയ തോതിൽ ഇറക്കുമതി ഓർഡർ നൽകി. ശരാശരി 145 -150 ലക്ഷം വീപ്പയാണ് ഓരോ മാസവും സൗദിയിൽ നിന്നു വാങ്ങിയിരുന്നത്. ഈ മാസങ്ങളിൽ അതു 110 ലക്ഷം വീപ്പയായി കുറച്ചിരുന്നു. എന്തായിരുന്ന പ്രശ്നം എന്നാ എങ്ങനെയാണു തീർത്തതെന്നേ ഇരുപക്ഷവും പുറത്തുവിട്ടിട്ടില്ല.
ലോകവിപണിയിൽ സ്വർണവില വീണ്ടും കയറി. ഔൺസിന് 1820.6 ഡോളറിലെത്തി. കേരളത്തിൽ പവന് 400 രൂപ കയറി 35,600 രൂപയായി.
ഡോളർ ഇന്നു വീണ്ടും ദുർബലമായി. 15 പൈസ താണ് 73.60 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it