വിപണി താഴ്ചയിൽ; മാരുതി സുസുകിയിൽ സംഭവിക്കുന്നത് എന്ത്?

ബാങ്കുകളും ഐടി - ധനകാര്യ - വാഹന കമ്പനികളും വിപണിയെ വലിച്ചു താഴ്ത്തി

അനിശ്ചിതത്വം കാണിച്ചു കൊണ്ടു വിപണി ഇന്നു തുടക്കത്തിൽ ചാഞ്ചാട്ടത്തിലായി. പിന്നീടു താണു. ബാങ്കുകളും ഐടി - ധനകാര്യ - വാഹന കമ്പനികളും വിപണിയെ വലിച്ചു താഴ്ത്തി. സെൻസെക്സ് 57,343 പോയിൻ്റ് വരെ താണിട്ട് അൽപം തിരിച്ചു കയറി.

മാരുതി സുസുകി തുടർച്ചയായ മൂന്നാം ദിവസവും താഴാേട്ടായി. കഴിഞ്ഞ ബുധനാഴ്ചയിലെ 7369 രൂപയിൽ നിന്നു 300 രൂപയിലധികം താഴെയാണ് ഓഹരി ഇന്ന്. മുന്നാഴ്ച മുമ്പ് ഓഹരി 8275 രൂപ വരെ കയറിയതാണ്. അവിടെ നിന്നു 15 ശതമാനത്തോളം താഴെയായി മാരുതി ഇപ്പോൾ. പുതിയ മോഡലുകളും എസ് യുവികളും ഇല്ലാത്തത് മാരുതിയുടെ വിപണി പങ്ക് കുറയ്ക്കുമെന്നും അത് ലാഭ മാർജിനിൽ വലിയ ഇടിവ് വരുത്തുമെന്നും പല ബ്രോക്കറേജുകളും നിരീക്ഷിച്ചിരുന്നു. മാരുതി ഓഹരി 2017 ലെ സർവകാല റിക്കാർഡായ 9729.55 മറികടക്കുമെന്ന് ഏതാനും മാസം മുമ്പ് പ്രവചിച്ചവരും ഇപ്പോൾ ഓഹരിയെ കൈവിട്ട മട്ടാണ്. മൈക്രോ ചിപ് ദൗർലഭ്യം നീളുന്നതും കമ്പനിക്കു ക്ഷീണമാണ്. രണ്ടര ലക്ഷം കാറുകളുടെ ബുക്കിംഗ് കമ്പനിക്കുണ്ട്.
എക്സ് ഡിവിഡൻഡ് ആയതോടെ കോൾ ഇന്ത്യ ഓഹരി വില ആറു ശതമാനം ഇടിഞ്ഞു.
ഗെയിൽ ഇന്ത്യ,, ഗുജറാത്ത് ഗ്യാസ്, മഹാനഗർ ഗ്യാസ്, ഇന്ദ്ര പ്രസ്ഥ ഗ്യാസ് തുടങ്ങിയവയുടെ വിലയും താണു. ലോക വിപണിയിൽ പ്രകൃതിവാതക വില ഏഴു ശതമാനം താണ് 3.84 ഡോളർ ആയിട്ടുണ്ട്.
വോഡഫോൺ ഐഡിയ വില ഇന്നും നാലര ശതമാനം കയറി.ഓഹരി വില 52 ആഴ്ചത്തെ ഉയർന്ന നിലയായ 15.1 രൂപയിലെത്തി.
ഡൽഹിയിൽ പുതിയ ലക്ഷ്വറി ഹൗസിംഗ് പ്രോജക്റ്റ് പ്രഖ്യാപിച്ചതു ഗോദ്റെജ് പ്രോപ്പർട്ടീസിൻ്റെ വില ഉയർത്തി.
സ്റ്റീൽ വില വീണ്ടും ഉയരുമെന്ന സൂചന സ്റ്റീൽ കമ്പനികളുടെ വില ഉയർത്തി. ടാറ്റാ സ്റ്റീൽ, സെയിൽ, ജെഎസ്ഡബ്ള്യു സ്റ്റീൽ, ജിൻഡൽ സ്റ്റീൽ തുടങ്ങിയവയൊക്കെ രണ്ടു ശതമാനം ഉയർന്നു. ഹിൻഡാൽകോയും ഇന്നു കയറ്റത്തിലാണ്.
രൂപ ഇന്നും ദുർബലമായി. ഡോളർ ഒൻപതു പൈസ ഉയർന്ന് 15.24 രൂപയിലെത്തി.
സ്വർണ വില കേരളത്തിൽ മാറ്റമില്ലാതെ തുടർന്നു. ശനിയാഴ്‌ചയാണ് പവന് 240 രൂപ വർധിച്ച് 35,800 രൂപയായത്.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it