Begin typing your search above and press return to search.
ജുൻജുൻവാല മനസ്സ് തുറന്നു; സ്റ്റാറിനു നേട്ടം; ആശങ്കകളിൽ താണു വിപണി; രൂപ പതറുന്നു
ആഗോള ആശങ്കകൾ ഏറ്റെടുത്തു കൊണ്ട് ഇന്ത്യൻ ഓഹരി വിപണി ഇന്ന് താഴ്ന്ന നിലവാരത്തിലാണു വ്യാപാരം തുടങ്ങിയത്. മുഖ്യസൂചികകൾ പിന്നീടു കൂടുതൽ താഴോട്ടു നീങ്ങിയെങ്കിലും മിഡ്, സ്മോൾ ക്യാപ് സൂചികകൾ ഉയരത്തിലാണ്.
ഐടി, ബാങ്ക്, ധനകാര്യ കമ്പനികളാണു താഴോട്ടു നീങ്ങുന്നത്. വാഹന, മെറ്റൽ, ഫാർമ, ഹെൽത്ത് കെയർ കമ്പനികൾ ഉയർന്നു.
കഴിഞ്ഞയാഴ്ച ഐപിഒ നടത്തിയ സ്റ്റാർ ഹെൽത്ത് ഓഹരികൾ ഇന്നു ലിസ്റ്റ് ചെയ്തു. 900 രൂപ വിലയ്ക്ക് ഇഷ്യു ചെയ്ത ഓഹരി 829 രൂപയ്ക്കാണു ലിസ്റ്റ് ചെയ്തത്. പിന്നീട് ഓഹരിയുടെ വില ഉയർന്ന് 900 നു മുകളിൽ കയറി. സ്റ്റാറി ലെ നിക്ഷേപകനായ രാകേഷ് ജുൻജുൻ വാല താൻ ഓഹരി വിറ്റില്ലെന്നും സ്റ്റാർ വലിയ സാധ്യത ഉള്ള ഓഹരിയാണെന്നും ഒരു ചാനലിൽ പറഞ്ഞതോടെ ഓഹരി വില 930 നു മുകളിലെത്തി.
ടാറ്റാ മോട്ടോഴ്സ് ജനുവരിയിൽ യാത്രാ വാഹനങ്ങളുടെ വില വർധിപ്പിക്കും. വാണിജ്യ വാഹനങ്ങളുടെ വില വർധന നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ഇൻഡസ് ഇൻഡ് ബാങ്കിൽ എൽഐസി യുടെ ഓഹരി പത്തു ശതമാനമായി ഇരട്ടിപ്പിക്കാൻ റിസർവ് ബാങ്ക് അനുവദിച്ചു. ബാങ്കിൻ്റെ ഓഹരി രണ്ടു ശതമാനത്തോളം ഉയർന്നു.
ദീപക് ഫെർട്ടിലൈസേഴ്സിൻ്റെ പുതിയ പ്ലാൻ്റിൽ സ്മാർട്ട് കെം ടെക് 2000 കോടി രൂപ നിക്ഷേപിക്കും. ഈ വാർത്ത ഓഹരി വില മൂന്നു ശതമാനത്തിലധികം ഉയർത്തി.
അവകാശ ഇഷ്യുവിലെ ഓഹരികൾ ലിസ്റ്റ് ചെയ്യുന്നത് റിലയൻസ് ഓഹരിയുടെ വില അൽപം താഴ്ത്തി.
എച്ച്എഫ്സിഎലിൽ (പഴയ ഹിമാചൽ ഫ്യൂച്ചറിസ്റ്റിക്) റിലയൻസ് ഇൻഡസ്ട്രീസിൻ്റെ നിക്ഷേപം അഞ്ചു ശതമാനമായി ഉയർത്തി. നേരത്തേ 3.76 ശതമാനം ഓഹരി ഉണ്ടായിരുന്നു. 138 കോടി രൂപ മുടക്കിയാണ് റിലയൻസ് പുതിയ ഓഹരികൾ വാങ്ങിയത്. ഓഹരി ഒന്നിന് 68.75 രൂപ നൽകി. കഴിഞ്ഞ ദിവസം 92.35 രൂപയിൽ ക്ലോസ് ചെയ്ത എച്ച്എഫ്സിഎൽ ഇന്ന് അൽപം താണു. രാജ്യത്തെ ഏറ്റവും വലിയ ഓപ്റ്റിക്കൽ ഫൈബർ നിർമാതാക്കളാണ് എച്ച്എഫ്സിഎൽ. അൺ ലൈസൻസ്ഡ് ബാൻഡ് റേഡിയോ സിസ്റ്റവും കമ്പനി നിർമിക്കുന്നു. അർധ വർഷം 2400 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില ആറു മാസത്തിനകം 88 ശതമാനം ഉയർന്നു.
ചികിത്സ നിരക്ക് ഉയർത്തുമെന്ന സൂചന അപ്പോളോ ഹോസ്പിറ്റൽസിൻ്റെയും ഫോർട്ടിസ് ഹെൽത്ത് കെയറിൻ്റെയും ഓഹരി വില ഉയർത്തി.
ലോകവിപണിയിൽ ഡോളർ കരുത്താർജിച്ചത് രൂപയ്ക്കു ക്ഷീണമായി. ഡോളർ 75.70 രൂപയിലേക്കു കയറി.
ആഗോള വിപണിയിൽ വില കാര്യമായി മാറാത്തതിനാൽ കേരളത്തിൽ സ്വർണവില മാറ്റമില്ലാതെ തുടർന്നു.
Next Story
Videos