Begin typing your search above and press return to search.
ഓഹരി വിപണിയിൽ തകർച്ച തുടരുന്നു; ഈ ഇടിവ് വാങ്ങാനുള്ള അവസരമല്ല; കാരണം ഇതാണ്
മിഡ്- സ്മോൾ ക്യാപ് സൂചികകൾ മുഖ്യസൂചികകളേക്കാൾ കൂടുതൽ ഇടിഞ്ഞു
എങ്ങും ചുവപ്പു മാത്രം. പച്ച എവിടെയുമില്ല. ബാങ്കുകളും ധനകാര്യ - വാഹന - മെറ്റൽ- ഐടി - റിയൽറ്റി - എഫ്എംസിജി കമ്പനികളും ഒക്കെ തകർച്ചയിലാണ്.
രാവിലെ 56,612 വരെ ഇടിഞ്ഞ സെൻസെക്സ് പിന്നീട് 57,140 വരെ ഉയർന്നു. വീണ്ടും താഴാേട്ടു നീങ്ങി. നിഫ്റ്റി 16,916 വരെ ഇടിഞ്ഞിട്ട് 17,000-നു മുകളിലേക്കു തിരിച്ചു വന്നു. വീണ്ടും താഴ്ന്നു.
മിഡ്- സ്മോൾ ക്യാപ് സൂചികകൾ മുഖ്യസൂചികകളേക്കാൾ വളരെ കൂടിയ തോതിൽ ഇടിഞ്ഞു. 281 ഓഹരികൾക്കു വില കയറിയപ്പോൾ 2430 എണ്ണത്തിനു വിലയിടിയുന്നതാണു വിപണിയിൽ കണ്ടത്.
ഏഷ്യൻ വിപണികൾ നല്ല താഴ്ചയിലായി. യുഎസ് ഫ്യൂച്ചേഴ്സും താഴാേട്ടാണ്. യുക്രെയ്ൻ സംഘർഷമാണു വിപണിയെ ഇപ്പോൾ വലിച്ചു താഴ്‌ത്തുന്നത്. വിലക്കയറ്റവും വിപണിയിൽ ആശങ്ക വളർത്തുന്നു.
താഴ്ചയിൽ വാങ്ങുക എന്ന തന്ത്രം പ്രയോഗിക്കാൻ സമയമായിട്ടില്ല എന്നാണു പരിചയസമ്പന്നരായ നിക്ഷേപ ഉപദേഷ്ടാക്കൾ പറയുന്നത്. കമ്പനിയുടെയോ ബിസിനസിൻ്റെയോ പ്രശ്നങ്ങൾ അല്ല ഇപ്പോഴത്തെ വിലയിടിവിനു പിന്നിൽ. ആഗാേള രാഷ്ട്രീയവും ആസന്നമായ പലിശവർധനയും ആണു കാരണം. ആ വിഷയങ്ങളിൽ വ്യക്തത വരുന്നതുവരെ കാത്തിരുന്നിട്ടു വാങ്ങുന്നതാണു നല്ലതെന്ന് അവർ പറയുന്നു.
എൽഐസി യുടെ ഐപിഒ മാർച്ചിൽ ഉണ്ടാകുമെന്ന് ഉറപ്പായി. ഇതിനായുള്ള കരട് പ്രോസ്പെക്ടസ് സെബിക്കു സമർപ്പിച്ചു. മൂന്നാഴ്ചയ്ക്കകം അനുമതി ലഭിച്ചേക്കും. എൽഐസിയിൽ കേന്ദ്ര സർക്കാരിനുള്ള ഓഹരികളിൽ അഞ്ചു ശതമാനമാണു വിൽക്കുന്നത്. 31.6 കോടി ഓഹരികൾ വിറ്റ് 65,000 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം. ഓഹരിയുടെ വിലനിലവാരം പ്രഖ്യാപിച്ചിട്ടില്ല. 2000 രൂപ മുതൽ 2900 രൂപ വരെയുള്ള മേഖലയിൽ എവിടെയെങ്കിലുമാകും വിലനിലവാരം എന്നാണു പ്രതീക്ഷ.
ലോക വിപണിയിൽ സ്വർണം 1852 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 400 രൂപ കുറഞ്ഞ് 37,040 രൂപയായി.
രൂപ ഇന്നും ദുർബലമായി. 15 പൈസ നേട്ടത്തിൽ 75.53 രൂപയിൽ വ്യാപാരം തുടങ്ങിയ ഡോളർ പിന്നീട് 75.58 രൂപയിലേക്കു കയറി. ഡോളർ ഇനിയും കയറുമെന്നാണു സൂചന.
Next Story
Videos