വിപണിയിൽ നേട്ടവും നഷ്ടവും മാറി മാറി; തെർമാക്സ് ഓഹരി വില ഉയരാൻ കാരണം ഇതാണ്

വിപണിയിലെ അനിശ്ചിതത്വം പ്രകടമാക്കിക്കൊണ്ടാണ് ഇന്നു വ്യാപാരമാരംഭിച്ചത്. ആദ്യ മണിക്കൂറിൽ വിപണി പല തവണ നേട്ടത്തിലും നഷ്ടത്തിലുമായി. ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കു സെൻസെക്സ് 150 പോയിൻ്റിലേറെ ഉയർന്ന് 60,000 നു മുകളിലെത്തി. പിന്നീടു താണു.

ബാങ്ക് ഓഹരികളാണു വിപണി ഉയർന്നു നിൽക്കാൻ ഇന്നു രാവിലെ സഹായിച്ചത്. നിഫ്റ്റി ബാങ്ക് സൂചിക രാവിലെ ഒരു ശതമാനത്തിലധികം ഉയർന്നു. ഐടി ഓഹരികൾ ഇന്നു താഴോട്ടു പോയി. ടിസിഎസ്, ഇൻഫി, വിപ്രോ, എച്ച്സിഎൽ, ടെക് മഹീന്ദ്ര തുടങ്ങിയവയെല്ലാം ഇടിഞ്ഞു. റിലയൻസും താഴ്ചയിലാണ്. വ്യോമയാന, ഹോട്ടൽ, ട്രാവൽ, ഭക്ഷ്യ, സിനിമാ ഓഹരികൾ ഇന്നും താണു. ഓയിൽ കമ്പനികൾ ഇന്നു കയറി.
ഡിസംബറിൽ വാഹന വിൽപന 16 ശതമാനം കുറഞ്ഞെന്ന് വാഹന ഡീലർമാരുടെ സംഘടന (ഫാഡ). കാർ വിൽപന 11 ശതമാനം കുറഞ്ഞപ്പോൾ ടൂവീലർ വിൽപനയിൽ 22 ശതമാനമാണ് ഇടിവ്. അതേ സമയം ത്രീവീലർ വിൽപന 59 ശതമാനം കൂടി. തലേ വർഷം ത്രീവീലർ വിൽപന വളരെ താഴെയായിരുന്നു. വാണിജ്യ വാഹന വിൽപന 14 ശതമാനം വർധിച്ചു.
തെർമാക്സിന് 545 കോടിയുടെ പുതിയ ഓർഡർ ലഭിച്ചത് കമ്പനി ഓഹരിക്ക് ആറു ശതമാനത്തോളം വില ഉയരാൻ കാരണമായി.
എയു സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ ഓഹരികൾ തട്ടു ശതമാനത്തോളം നേട്ടമുണ്ടാക്കി. കമ്പനിയുടെ ഭാവിയെപ്പറ്റി മികച്ച പ്രതീക്ഷ കാണിക്കുന്ന ബ്രോക്കറേജ് റിപ്പോർട്ട് ഓഹരി ഉയരാൻ കാരണമായി. ബാങ്കിലെ നിക്ഷേപങ്ങൾ കഴിഞ്ഞ പാദത്തിൽ 49 ശതമാനം വർധിച്ചതും സഹായകമായി.
ലോകവിപണിയിൽ സ്വർണം 1815 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 200 രൂപ വർധിച്ച് 36,120 രൂപ ആയി.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it