വിപണി ആവേശത്തിൽ; സ്വർണം താഴുന്നു; റിയൽറ്റിയിൽ ഉണർവ്

ആവേശപൂർവം വ്യാപാരം തുടങ്ങിയ വിപണി പിന്നീടു പ്രാരംഭ നേട്ടങ്ങളിൽ കുറേ കൈവിട്ടു. തുടക്കത്തിൽ മുഖ്യസൂചികകൾ ഒരു ശതമാനത്തോളം കുതിപ്പു നടത്തിയെങ്കിലും പിന്നീടു നേട്ടം അര ശതമാനത്തിനടുത്തായി.എന്നാൽ അതിനു ശേഷം സൂചികകൾ കൂടുതൽ മുന്നേറി. കൺസ്യൂമർ ഡുറബിൾസ്, റിയൽറ്റി, വാഹന, ഐടി, ബാങ്കിംഗ്, ഓയിൽ, മെറ്റൽ, ഹെൽത്ത്, ഫാർമ മേഖലകളെല്ലാം രാവിലെ നേട്ടമുണ്ടാക്കി.

രാജ്യാന്തര വിപണിയിൽ സ്വർണം ഇന്ന് 1745 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 600 രൂപ ഇടിഞ്ഞ് 37,480 രൂപയായി. രണ്ടു ദിവസം കൊണ്ടു പവന് ആയിരം രൂപ കുറഞ്ഞു.
സ്വർണവിലയിലെ ഇടിവ് ആഭരണ വിൽപന വർധിപ്പിച്ചതായി റിപ്പോർട്ടുണ്ട്. പലേടത്തും വ്യാപാരം മൂന്നു മടങ്ങായി. ഒന്നാം പാദത്തിൽ മികച്ച വിൽപന നടന്ന ടൈറ്റൻ ഓഹരിവില ഇന്നു രാവിലെ ആറു ശതമാനം കുതിച്ചു. കല്യാൺ ജ്വല്ലേഴ്സും നാലു ശതമാനത്തോളം ഉയർന്നു.
പാർപ്പിട വിൽപനയിൽ വലിയ കുതിപ്പ് ഉള്ളതായ റിപ്പാേർട്ട് റിയൽറ്റി കമ്പനികളെ സഹായിച്ചു. ശോഭ ലിമിറ്റഡ് എട്ടു ശതമാനത്തോളം കുതിച്ചു കയറി. കമ്പനിയുടെ ഒന്നാം പാദ പ്രകടനം റിക്കാർഡ് നിലവാരത്തിലാണ്.
ക്രൂഡ് വിലയിടിവും റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികളും രൂപയ്ക്കു തുടക്കത്തിൽ കരുത്തായി. ഡോളർ 79 രൂപയ്ക്കു താഴെയാണ് ഓപ്പൺ ചെയ്തത്. പിന്നീട് ഡോളർ 78.91 രൂപയിലേക്കു താണു. അതിനു ശേഷം ഡോളർ 79 രൂപയുടെ മുകളിലേക്കു കയറി. റിസർവ് ബാങ്ക് നടപടികൾ ഉദ്ദേശിക്കുന്ന തോതിൽ വിദേശനാണ്യം രാജ്യത്തേക്ക് എത്തിക്കുമോ എന്നതിൽ വിപണി പ്രവർത്തകർക്കു സംശയമുണ്ട്. വലിയ അളവിൽ വിദേശ വാണിജ്യ വായ്പകളും മറ്റും തിരിച്ചടയ്ക്കണ്ടതു വരുന്ന ആറു മാസത്തേക്കു രൂപയെ ക്ഷീണത്തിലാക്കും.
ഗോതമ്പ് പൊടി/ആട്ട കയറ്റുമതിക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒരു മന്ത്രിതല സമിതിയുടെ നിർദേശത്തിനു വിധേയമായിരിക്കണം കയറ്റുമതി എന്നാണു പുതിയ നിയന്ത്രണം. രാജ്യത്തു വിലക്കയറ്റം പിടിച്ചു നിർത്തുകയാണു ലക്ഷ്യം.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it