ആദ്യം നഷ്ടം, പിന്നെ നേട്ടം; രൂപ വീണ്ടും ദുർബലം; പഞ്ചസാര കമ്പനികൾക്കു കയറ്റം

പ്രതീക്ഷിച്ചതു പോലെ ഇന്ത്യൻ വിപണി ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങി. പിന്നീടു ചെറിയ നേട്ടത്തിലേക്കു കടന്നു.

രൂപ ഇന്നും തുടക്കത്തിലേ ദുർബലമായി. ഡോളർ രണ്ടു പൈസ നേട്ടത്തിൽ 80.01 രൂപയിൽ ഓപ്പൺ ചെയ്തു. രൂപയക്ക് ഇത്രയും താഴ്‌ന്ന വ്യാപാരത്തുടക്കം ഇതാദ്യമാണ്. പിന്നീട് 80.035 രൂപയിലേക്കു ഡോളർ കയറി. റിസർവ് ബാങ്കിൻ്റെ ഇടപെടൽ ഡോളറിനെ 80- നു താഴേക്കു നീക്കാൻ പര്യാപ്തമായില്ല.
പ്രതീക്ഷിച്ചതു പോലെ വിപ്രോ മോശം ഒന്നാം പാദ റിസൽട്ട് പുറത്തിറക്കി. ചില വിദേശ ബ്രോക്കറേജുകൾ ഓഹരി വിൽക്കാൻ ശിപാർശ നൽകിയതിനെ തുടർന്ന് ഓഹരിവില രണ്ടു ശതമാനത്തിലധികം താഴ്ന്നു.
ലാഭ മാർജിനും വരുമാനവും കുറഞ്ഞത് ഗ്ലാൻഡ് ഫാർമയുടെ ഓഹരി വില 10 ശതമാനം താഴ്ത്തി.
പലിശ മാർജിൻ രണ്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ ആക്കിയത് ഇൻഡസ് ഇൻഡ് ബാങ്ക് ഓഹരി ആറു ശതമാനത്തോളം ഉയരാൻ സഹായിച്ചു. ബാങ്ക് ദുരിതകാലം പിന്നിട്ടെന്ന് ചില ബ്രോക്കറേജുകൾ വിലയിരുത്തി.
സാസ്കെൻ ടെക്നോളജീസ് പുതിയ സിഇഒയെ നിയമിച്ചു. കമ്പനിയുടെ ഒന്നാം പാദ വരുമാനം 7.7 ശതമാനവും ലാഭം 55 ശതമാനവും കുറഞ്ഞു. ഓഹരി വില എട്ടു ശതമാനം ഇടിഞ്ഞു.
മികച്ച ഒന്നാം പാദ റിസൽട്ട് പുറത്തിറക്കിയ ഭാരത് ഇലക്ട്രാേണിക്സ് (ബെൽ) ഓഹരി ഇന്നു മൂന്നര ശതമാനം ഉയർന്നു. അഞ്ചു ദിവസം കൊണ്ട് ഓഹരിക്കു 10 ശതമാനത്തിലധികം കയറ്റമുണ്ട്.
ടാറ്റാ കമ്യൂണിക്കേഷൻസ് ലാഭം 85 ശതമാനം വർധിച്ചതിനെ തുടർന്ന് ഓഹരി വില ഏഴു ശതമാനത്തോളം ഉയർന്നു.
കൂടുതൽ പഞ്ചസാര കയറ്റുമതി ചെയ്യാൻ അനുവദിക്കുന്നു എന്ന റിപ്പാേർട്ട് പഞ്ചസാരമില്ലുകളുടെ ഓഹരി വില ഉയർത്തി. ബജാജ് ഹിന്ദുസ്ഥാൻ, ധാംപുർ, ഡാൽമിയ ഭാരത്, ബൽറാംപുർ, ശ്രീ രേണുക, ത്രിവേണി എൻജിനിയറിംഗ് തുടങ്ങിയവ മൂന്നു മുതൽ ഏഴുവരെ ശതമാനം നേട്ടത്തിലായി.
സ്വർണം ലോകവിപണിയിൽ 1690 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 320 രൂപ കുറഞ്ഞ് 36,800 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്. ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണു പവൻ വില ഇപ്പോൾ.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it