വിപണി താഴ്ചയിൽ, വമ്പന്മാർക്കു വീഴ്ച

സെൻസെക്സ് 55, 700 നു താഴെയും നിഫ്റ്റി 16,600 നു താഴെയുമായി
വിപണി താഴ്ചയിൽ, വമ്പന്മാർക്കു വീഴ്ച
Published on

ആഗോള പ്രവണതകളും ഒന്നാം പാദ റിസൽട്ടിൻ്റെ പ്രതികരണങ്ങളും ചേർന്നപ്പോൾ ഓഹരി വിപണി ഇന്നു താഴ്ചയിലായി. സെൻസെക്സ് 55, 700 നു താഴെയും നിഫ്റ്റി 16,600 നു താഴെയുമായി.ആഗോളതലത്തിൽ മാന്ദ്യഭീതിയും പലിശയിലെ ആശങ്കയും ബലപ്പെട്ടു.

തുടക്കത്തിൽ നേട്ടത്തിലായിരുന്ന ബാങ്ക്, ധനകാര്യ ഓഹരികൾ പിന്നീടു നഷ്ടത്തിലായി. ഇതോടെ നിഫ്റ്റി നഷ്ടം 125 പോയിൻ്റും സെൻസെക്സ് വീഴ്ച 400 പോയിൻ്റും കടന്നു.

ഒന്നാം പാദ റിസൽട്ട് പ്രതീക്ഷയിലും മോശമായത് റിലയൻസ്, ഇൻഫോസിസ് ഓഹരികളെ താഴ്ത്തി. റിലയൻസ് ഓഹരി നാലു ശതമാനത്തോളം ഇടിഞ്ഞു. ഇൻഫോസിസ് ഒന്നര ശതമാനം വരെ താഴ്ന്നിട്ടു നഷ്ടം കുറച്ചു. എന്നാൽ ഇൻഫിയുടെ ഓഹരി വില 1700 രൂപയാകുമെന്നു വിദേശബ്രോക്കറേജ്

ജെപി മോർഗൻ വിലയിരുത്തി. ഇപ്പോൾ 1500 രൂപയ്ക്കടുത്താണു വില. 2500 രൂപയുടെ താഴെയുള്ള റിലയൻസിന് അവരിടുന്ന വില ലക്ഷ്യം 3250 രൂപയാണ്.

യെസ് ബാങ്ക് റിസൽട്ട് മികച്ചതായില്ലെങ്കിലും ഓഹരിവില ആദ്യം ഉയർന്നു. പിന്നീടു നാലു ശതമാനത്തിലധികം ഇടിഞ്ഞു. നല്ല റിസൽട്ട് ഐസിഐസിഐ ബാങ്കിൻ്റെയും കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെയും ഓഹരിവില ഒന്നര മുതൽ രണ്ടര വരെ ശതമാനം ഉയർത്തി.

മികച്ച റിസൽട്ടിൻ്റെ വെളിച്ചത്തിൽ നവീൻ ഫ്ലോറിൻ അഞ്ചു ശതമാനം നേട്ടമുണ്ടാക്കി.

27-നു ചേരുന്ന ബോർഡ് യോഗം ബോണസ് ഇഷ്യു തീരുമാനിക്കും എന്ന അറിയിപ്പ് ഗെയിൽ ഓഹരിയുടെ വില മൂന്നു ശതമാനത്തോളം കയറ്റി.

സൊമാറ്റോയിലെ ആങ്കർ നിക്ഷേപകരുടെ ഓഹരി വിൽപനയ്ക്കുള്ള വിലക്കിൻ്റെ കാലം നീങ്ങിയതോടെ ഓഹരിവില 12 ശതമാനത്തോളം ഇടിഞ്ഞു.

റിസൽട്ടിലെ ദൗർബല്യങ്ങൾ കർണാടക ബാങ്കിനെ നാലു ശതമാനവും ബന്ധൻ ബാങ്കിനെ രണ്ടര ശതമാനവും താഴ്ത്തി.

രൂപ ഇന്നു നാമമാത്ര നേട്ടത്തിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 79.845 രൂപയിലേക്കു താണിട്ട് 79.87 രൂപയിലേക്ക് ഉയർന്നു. അതിനു ശേഷം 79.79 രൂപയായി താഴ്ന്നു. റിസർവ് ബാങ്ക് ഡോളർ വിൽപനയുമായി വിപണിയിൽ സജീവമായി ഉണ്ട്.

ഡോളർ സൂചിക താഴ്ന്നതോടെ സ്വർണവില ഉയർന്നു. 1727-1728 ഡോളറിലേക്കു സ്വർണം കയറി. കേരളത്തിൽ സ്വർണ വില ഇന്നു മാറ്റമില്ലാതെ തുടരുന്നു.

ക്രൂഡ് ഓയിൽ വില 102.5 ഡോളറിലേക്കു കുറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com