ഇറങ്ങിക്കയറി സൂചികകൾ; കാരണം ഇതാണ്; റിലയൻസ് ഓഹരി വില എന്തുകൊണ്ട് കൂടി?

മിഡ്, സ്മോൾ ക്യാപ് ഓഹരികളിൽ വലിയ ഇടിവ്

ഇന്ത്യൻ ഓഹരി വിപണി താഴോട്ടുള്ള യാത്ര തുടരുകയാണെന്ന മട്ടിലാണ് ഇന്നു രാവിലെ വ്യാപാരം തുടങ്ങിയത്. ആശ്വാസ റാലി പ്രതീക്ഷിച്ചു സിംഗപ്പൂരിലെ എസ്ജി എക്സ് നിഫ്റ്റിയിൽ വ്യാപാരം നടത്തിയവർക്കു തുടക്കത്തിലെ തകർച്ച തിരിച്ചടിയായി. രാവിലെ നിഫ്റ്റി 16,800 നു താഴെയും സെൻസെക്സ് 56,500 നു താഴെയും എത്തി. സൂചികകൾ സർവകാല റിക്കാർഡിൽ നിന്ന് 10 ശതമാനം താഴ്ചയിലായിരുന്നു അപ്പോൾ. പിന്നീടു സൂചികകൾ ഉയർന്നു നേട്ടത്തിലേക്കു കടക്കാൻ ശ്രമിച്ചു. പിന്നീടു കയറ്റിറക്കം തുടർന്നു.

എഷ്യൻ സൂചികകൾ വലിയ താഴ്ചയിൽ നിന്ന് കയറിയത് ഇന്ത്യൻ വിപണിയെയും സഹായിച്ചു.
ബാങ്കുകൾ അടക്കം മിക്ക വ്യവസായ മേഖലകളും ആദ്യമേ താഴോട്ടു നീങ്ങി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപന തുടരുന്നതാണു ബാങ്ക് ഓഹരികളെ താഴോട്ടു വലിക്കുന്നത്.
മിഡ്, സ്മോൾ ക്യാപ് ഓഹരികളിൽ വലിയ ഇടിവാണു കാണുന്നത്.
ഐടി, ഹെൽത്ത് കെയർ, മെറ്റൽ സൂചികകൾ ഇന്നു ചെറിയ നേട്ടത്തിലാണ്.
വിദേശത്തേക്കു ടെലികോം ബിസിനസ് വ്യാപിപ്പിക്കാൻ റിലയൻസ് ശ്രമിക്കുന്നതായി റിപ്പോർട്ട്. ഈയിടെ നെതർലൻഡ്സിലെ ടി മൊബൈൽ യൂണിറ്റ് വാങ്ങാൻ റിലയൻസ് വിഫലശ്രമം നടത്തി. ഇപ്പോൾ ബ്രിട്ടീഷ് ടെലികോമിൻ്റെ (ബിടി) ബിസിനസിലാണു നോക്കുന്നത്. ബിടിയെ ഏറ്റെടുക്കുക അല്ലെങ്കിൽ അവരുടെ ഓപ്റ്റിക്കൽ ഫൈബർ ലൈൻ ബിസിനസിൽ പങ്കാളിയാകുക എന്നതാണു ലക്ഷ്യം. നീക്കം പ്രാരംഭ ഘട്ടത്തിൽ മാത്രമാണെന്നും പ്രസക്തമായ കൂടിക്കാഴ്ചകളും ചർച്ചകളും തുടങ്ങിയിട്ടില്ലെന്നും ഇക്കാര്യം റിപ്പോർട്ട് ചെയ്ത ഇക്കണോമിക് ടൈംസ് പറയുന്നു.
ഇതിനിടെ റിലയൻസ് ജിയോ പ്രീപെയ്ഡ് കണക്ഷനുകളുടെ നിരക്ക് 20-21 ശതമാനം വർധിപ്പിച്ചു. വർധന ബുധനാഴ്ച പ്രാബല്യത്തിൽ വരും. റിലയൻസ് ഓഹരി ഇന്ന് രണ്ടു ശതമാനത്തിലധികം ഉയർന്നു. നേരത്തേ എയർടെലും വോഡഫോൺ ഐഡിയയും നിരക്ക് കൂട്ടിയിരുന്നു.
സ്വകാര്യ ബാങ്കുകൾ സംബന്ധിച്ച റിസർവ് ബാങ്കിന്‌ പുതിയ നയം കൊട്ടക് മഹീന്ദ്രയുടെയും ഇൻഡസ് ഇൻസിൻ്റെയും വില ഉയർത്തി.
രണ്ടാം പാദ റിസൽട്ടിൽ നഷ്ടം വർധിച്ചതും വരുമാന വർധന പ്രതീക്ഷ പോലെ വരാത്തതും പേടിഎം ഓഹരിയെ താഴ്ത്തി. ആദ്യം 135 രൂപ നഷ്ടം കാണിച്ച ഓഹരി പിന്നീടു നഷ്ടം ഗണ്യമായി കുറച്ചു.
ക്രൂഡ് ഓയിൽ വില ഉയർന്നത് പെയിൻ്റ് കമ്പനികളുടെ (ഏഷ്യൻ, ബർജർ, നെരോലാക് , ഷാലിമാർ) വില താഴ്ത്തി.
സ്വർണം ലോക വിപണിയിൽ 1793 ഡോളറിലാണ്. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 35,960 രൂപയായി.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it