സൂചികകൾ താഴുന്നു; ഡോളർ 76 രൂപയ്ക്കു മുകളിൽ; പേടിഎം ഓഹരി വില താഴാൻ കാരണം ; പഞ്ചസാര കമ്പനി ഓഹരികൾ ക്ഷീണത്തിൽ

ഐടി, ഫാർമ ഓഹരികൾ ഇന്നു തകർച്ചയ്ക്കു മുന്നിൽ നിന്നു

വിപണിയിലെ അനിശ്ചിതത്വം കാണിക്കുന്ന തുടക്കമാണ് ഇന്നത്തെ വ്യാപാരത്തിൽ ഉണ്ടായത്. ഉയരുകയും താഴുകയും ചെയ്തു. പിന്നീടു താഴോട്ടാണു ഗതി എന്നു നിശ്ചയിച്ചു.സെൻസെക്സ് 58,000-നും നിഫ്റ്റി 17,300 നും താഴെ എത്തി.

ബാങ്ക്, വാഹന, മെറ്റൽ ഓഹരികൾ ചെറിയ ഉയർച്ച കാണിച്ചു. ഐടി, ഫാർമ ഓഹരികൾ ഇന്നു തകർച്ചയ്ക്കു മുന്നിൽ നിന്നു.
രൂപയ്ക്ക് ഇന്നു വലിയ തകർച്ച നേരിട്ടു. ഡോളർ 22 പൈസ നേട്ടത്തിൽ 76.08 രൂപയിലാണു വ്യാപാരം തുടങ്ങിയത്. യുഎസ് ഡോളർ സൂചിക ഉയർന്നതും രാജ്യത്തു നിന്നു വിദേശ നിക്ഷേപകർ കുറേ നിക്ഷേപം പിൻവലിക്കുന്നതുമാണു കാരണം. രൂപയുടെ ഇടിവ് തടയാൻ റിസർവ് ബാങ്ക് ശ്രമമൊന്നും നടത്തുന്നില്ല.
ആങ്കർ ഇൻവെസ്റ്റർമാരുടെ ഓഹരി വിൽപനയ്ക്കുള്ള ലോക്ക് ഇൻ കാലാവധി അവസാനിച്ചത് പേടിഎം ഓഹരിയുടെ വില ഇടിച്ചു. രാവിലെ ഓഹരി 12 ശതമാനത്തോളം താഴ്ന്ന് 1318 രൂപയിലെത്തി. പിന്നീട് അൽപ്പം കയറി. ലിസ്റ്റിംഗിലെ നിലയിൽ നിന്ന് 16 ശതമാനം താഴെയാണ് ഓഹരി ഇപ്പാേൾ.
കരിമ്പിൻ്റെ സംഭരണവിലയ്ക്കു ഗവണ്മെൻ്റ് സഹായം നൽകുന്നത് ലോക വ്യാപാര ഉടമ്പടിക്കു നിരക്കുന്നതല്ലെന്നു ഡബ്ള്യുടിഒ വിധിച്ചതു പഞ്ചസാര കമ്പനി ഓഹരികൾക്കു ക്ഷീണം വരുത്തി. വിധിക്കെതിരേ ഇന്ത്യ അപ്പീൽ നൽകുന്നുണ്ട്.
സൗദി അരാംകോ റിലയൻസിൻ്റെ സൗര -ഹരിത ഊർജ പദ്ധതിയിൽ ഓഹരി എടുക്കുമെന്നു വാർത്ത വന്നെങ്കിലും റിലയൻസ് ഓഹരി ഇന്നും താഴോട്ടു നീങ്ങി. നേരത്തേ റിലയൻസിൻ്റെ ഓയിൽ ടു കെമിക്കൽസിൽ 1500 കോടി ഡോളർ മുടക്കാനുള്ള നീക്കത്തിൽ നിന്ന് അരാംകോ പിന്മാറിയിരുന്നു.
സ്പോർട്സ് വെയർ ബ്രാൻഡ് ആയ റീബാേക്കിൻ്റെ ഇന്ത്യയിലെയും ആസിയാൻ രാജ്യങ്ങളിലെയും വിപണനം ആദിത്യ ബിർല ഫാഷൻ ആൻഡ് റീട്ടെയിൽ ഏറ്റെടുത്തു. ഇന്നലെയും ഇന്നും കമ്പനിയുടെ ഓഹരിക്കു നല്ല കയറ്റമുണ്ട്.
ലോക വിപണിയിൽ സ്വർണം 1770 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 200 രൂപ കുറഞ്ഞു 36,000 രൂപ ആയി.
കോവിഡിൻ്റെ പുതിയ വകഭേദവും പലിശ വർധനയും ഡിമാൻഡ് കുറയ്ക്കുമെന്ന ധാരണ ക്രൂഡ് ഓയിൽ വിലയെ ഇന്നും താഴ്ത്തി. ബ്രെൻ്റ് ഇനം 73 ഡോളറിനു താഴെയായി. ഡബ്ള്യുടിഐ ഇനം 70 ഡോളറിനു താഴേക്കു വീണു.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it