ഇന്ത്യൻ ഓഹരി സൂചികകൾ പിടി വിട്ടു താഴോട്ട്; കാരണം ഇതാണ്

ചെറിയ നേട്ടത്തിൽ തുടങ്ങിയിട്ടു വീണ്ടും ഉയർന്നു.സെൻസെക്സ് 58,346 വരെ ഉയർന്ന ശേഷം കുത്തനേ താഴ്ന്നു. 57,972.66 വരെ ഇടിഞ്ഞിട്ടു വീണ്ടും കയറി. വീണ്ടും ഇടിഞ്ഞു. വീണ്ടും കയറിയിറങ്ങി. നിഫ്റ്റിയും ഇതേ വഴി നീങ്ങി. ബാങ്ക്, ധനകാര്യ കമ്പനികൾ താഴ്ചയ്ക്കു മുന്നിൽ നിന്നു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ ബാങ്ക് നിഫ്റ്റി ഒരു ശതമാനം താഴ്ചയിലാണ്. നിഫ്റ്റി 75 പോയിൻറും സെൻസെക്സ് 340 പോയിൻറും താഴ്ചയിലാണ്.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് ഇന്നലെ പുറത്തുവിട്ട മിനിറ്റ്സിൻ്റെ വിശദമായ വായന വിപണിക്ക് അത്ര നല്ലതല്ലാത്ത വിവരങ്ങൾ നൽകുന്നു. ഫെഡ് വാങ്ങി വച്ചിട്ടുള്ള സ്വകാര്യ കടപ്പത്രങ്ങൾ (മോർട്ട്ഗേജ് ബായ്ക്ക്ഡ് സെക്യൂരിറ്റികൾ) വിറ്റൊഴിയണം എന്നു ഫെഡ് യോഗത്തിൽ നിർദേശമുണ്ടായി. ഇതു ചെയ്താൽ യുഎസ് വിപണിയിലും വികസ്വര രാജ്യ വിപണികളിലും പണലഭ്യത കുറയും. ഓഹരികൾക്കും മറ്റും ക്ഷീണമാകും. ഈ അറിവ് യുഎസ് ഓഹരി സൂചികകളുടെ ഫ്യൂച്ചേഴ്സ് താഴാനിടയാക്കി. ഇന്ത്യൻ വിപണി നല്ല തുടക്കത്തിനു ശേഷം താഴാേട്ടു പോകുന്നതിൻ്റെ കാരണവും അതാണ്.
മൂന്നാം പാദത്തിൽ ലാഭം ഒൻപതു മടങ്ങാക്കിയ സതേൺ പെട്രോ കെമിക്കൽ (സ്പിക്) ഓഹരി രാവിലെ എട്ടു ശതമാനത്തിലധികം ഉയർന്നു. ഇന്നലെ ഓഹരി ആറു ശതമാനം കയറിയതാണ്. ഒരു വർഷം കൊണ്ട് 140 ശതമാനമാണ് ഓഹരി വിലയിലെ കയറ്റം.
ആഗാേള വിപണിയിൽ ഇരുമ്പയിര് വില താഴ്ന്നു നിൽക്കുന്നത് എൻഎംഡിസി ഓഹരി വില താഴാനിടയായി. രാവിലെ ഓഹരി വില നാലു ശതമാനത്തിലധികം ഇടിഞ്ഞു.
സ്വർണം ലോകവിപണിയിൽ 1875 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഇന്നലെ കേരളത്തിൽ രാജ്യാന്തര വിലയ്ക്കനുസരിച്ച കുറവ് വരുത്തിയില്ലെന്നു പരാതി ഉണ്ടായിരുന്നു.
ഡോളർ ഇന്ന് 10 പൈസ നേട്ടത്തിൽ തുടങ്ങിയെങ്കിലും പിന്നീട് 75.12 രൂപയിലേക്കു താണു.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it