ബുള്ളുകൾ ഡ്രൈവർ സീറ്റിൽ; വീണ്ടും 60,000 നു മുകളിൽ

വിപണിയുടെ നിയന്ത്രണം ബുള്ളുകൾ തിരിച്ചുപിടിക്കുന്നതാണ് ഇന്നു കണ്ടത്. വ്യാഴാഴ്ചത്തെ നഷ്ടം നികത്താനാവുന്ന വിധമാണു വ്യാപാര പുരോഗതി. എല്ലാ വ്യവസായ മേഖലകളിലും ഉണർവുണ്ട്. ഫാർമ, ഹെൽത്ത്, വാഹന മേഖലകൾ നേരിയ നേട്ടമേ കാണിക്കുന്നുള്ളു. മറ്റുള്ളവ മികച്ച ഉയരത്തിലാണ്.

റിലയൻസ് ഇൻഡസ്ട്രീസ് വലിയ വിദേശ കറൻസി വായ്പ എടുത്തതിനെതിരേ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നെങ്കിലും ഓഹരിക്ക് ഒന്നര ശതമാനം ഉയർച്ച ഉണ്ടായി.
കഴിഞ്ഞ ഒരു മാസം കൊണ്ട് 39 ശതമാനം ഉയർന്ന സീ ലേൺ ഓഹരി ഇന്ന് രണ്ടു ശതമാനത്തോളം താണു. പ്രമുഖ എഡ്യൂ ടെക് കമ്പനിയായ ബൈജൂസ് ഈ കമ്പനിയുടെ 20 ശതമാനത്തോളം ഓഹരികൾ വാങ്ങിയതായി റിപ്പോർട്ട് പ്രചരിച്ചെങ്കിലും ആരും സ്ഥിരീകരിച്ചില്ല. അമേരിക്കൻ നിക്ഷേപ ബാങ്ക് മോർഗൻ സ്റ്റാൻലിയും വേറൊരു വിദേശ നിക്ഷേപകനും കൂടി സീ ലേണിൻ്റെ 1.25 കോടി ഓഹരികളുടെ വിൽപന നടത്തിയതാണ്. കമ്പനിയിൽ ഭൂരിപക്ഷം നേടാൻ ബൈജൂസ് ശ്രമിക്കുന്നു എന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.
1:1 ബോണസും ഓഹരി ഒന്നിന് 150 രൂപ വീതം ലാഭവീതവും പ്രഖ്യാപിച്ചെങ്കിലും ഹിന്ദുജ ഗ്ലോബൽ സൊലൂഷൻസ് ഓഹരിക്ക് 20 ശതമാനം വിലയിടിഞ്ഞു. 3570.8 രൂപയിൽ നിന്ന് 714 രൂപ ഇടിഞ്ഞ് 2856.65 രൂപയായി. ഒരു വർഷം കൊണ്ട് 209 ശതമാനം വളർച്ച കാണിച്ച ഐടി ഓഹരിയാണിത്.
ഗോൾഡ്മാൻ സാക്സ് വാങ്ങൽ ശിപാർശ നൽകിയതിനെ തുടർന്ന് കെപിഐടി ടെക് ഓഹരികൾ 12 ശതമാനത്തോളം കയറി. ഓട്ടോമൊബൈൽ മേഖലയ്ക്കാവശ്യമായ സോഫ്റ്റ് വേറാണു കമ്പനിയുടെ ഉൽപന്ന- സേവനമേഖല.
സ്വർണ വില ലോക വിപണിയിൽ 1791 ഡോളറിൽ തുടരുന്നു. കേരളത്തിൽ പവന് 280 രൂപ കുറഞ്ഞ് 35,680 രൂപയായി.
ഡോളറിനെതിരേ രൂപ ഇന്നു നേട്ടമുണ്ടാക്കി. 14 പൈസ കുറഞ്ഞ് 74.34 രൂപയിലാണ് ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീട് 74.28 രൂപയായി.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it