Begin typing your search above and press return to search.
വിപണി താഴോട്ട്; നിഫ്റ്റി 17,300 നു താഴെ; 58,000 കൈവിട്ട് സെൻസെക്സ്
ആഗോള സൂചനകളുടെ വഴിയേ ഇന്ത്യൻ വിപണിയും ഇന്നു താഴ്ചയോടെ തുടങ്ങി. സെൻസെക്സ് തുടക്കത്തിൽ 200 പോയിൻ്റോളം താണെങ്കിലും പിന്നീടു നഷ്ടം കുറച്ചു. എന്നാൽ താമസിയാതെ കൂടുതൽ താഴ്ചയിലേക്കു വീണു. വ്യാപാരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ നിഫ്റ്റി 17,300-നും സെൻസെക്സ് 58,000 നും താഴെയായി. വീണ്ടും താഴുമെന്നാണു സൂചന.
ബാങ്ക് ഓഹരികളാണു താഴ്ചയുടെ മുന്നിൽ. നിഫ്റ്റി 0.5 ശതമാനം താണപ്പോൾ നിഫ്റ്റി ബാങ്ക് 0.95 ശതമാനം താണു. താഴ്ചയ്ക്കിടയിലും രാവിലെ സ്മോൾ ക്യാപ് സൂചികകൾ അര ശതമാനത്തിലേറെ ഉയർച്ചയിലാണ്. മിഡ് ക്യാപ്പും ഇടയ്ക്കു നേട്ടത്തിലായി.
ക്ലിക്സ് കാപ്പിറ്റലുമായി ലയന ചർച്ച നടക്കുന്നെന്ന റിപ്പാർട്ട് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ ഓഹരി വില അഞ്ചു ശതമാനത്തോളം ഉയർത്തി.
കേരളം ആസ്ഥാനമായ നാലു ഷെഡ്യൂൾഡ് ബാങ്കുകളുടെയും ഓഹരി വില ഇന്നു രാവിലെ താണു.
കോൾ ഇന്ത്യ കൽക്കരി വില പത്തു ശതമാനം കൂട്ടുമെന്ന റിപ്പോർട്ട് ഓഹരി വില രണ്ടു ശതമാനത്തോളം വർധിപ്പിച്ചു.
റിലയൻസ് ജിയോയുടെ സ്മാർട്ട് ഫോൺ അവതരണം നീട്ടിയത് റിലയൻസിൻ്റെ ഓഹരി വില 1.6 ശതമാനം ഇടിയാൻ കാരണമായി.ടെലികോമിൽ ജിയോയുടെ മുഖ്യ എതിരാളിയായ ഭാരതി എയർടെലിൻ്റെ ഓഹരി വില ഇന്നു രാവിലെ രണ്ടു ശതമാനം കൂടി. ആറു മാസം കൊണ്ട് എയർടെൽ 31 ശതമാനം ഉയർന്നു. കഴിഞ്ഞ അഞ്ചു ദിവസം കൊണ്ടു നാലു ശതമാനം നേട്ടമുണ്ട് ഓഹരിക്ക്.
ലോക വിപണിയിൽ ലോഹ വിലകൾ കുതിച്ചു കയറിയത് ഹിൻഡാൽകോ അടക്കമുള്ള മെറ്റൽ ഓഹരികൾക്കു നേട്ടമായി.
കെംകോൺ സ്പെഷാലിറ്റി കെമിക്കൽസിൻ്റെ വഡോദര പ്ലാൻറ് പ്രവർത്തനം മലിനീകരണ നിയന്ത്രണ ബോർഡ് തടഞ്ഞത് കമ്പനിയുടെ ഓഹരി വില മൂന്നു ശതമാനത്തിലേറെ താഴാൻ കാരണമായി.
ആഭ്യന്തര ടൂറിസം മെച്ചപ്പെടുന്നത് മഹീന്ദ്ര ഹോളിഡെയ്സ് അടക്കം റിസോർട്ട് ഓഹരികളുടെ വില ഉയർത്തി.
ലോക വിപണിയിൽ പ്രകൃതിവാതക വില വർധിച്ചത് രാജ്യത്തെ വില വർധിപ്പിക്കാൻ കാരണമാകുമെന്ന് പെട്രോളിയം സെക്രട്ടറി അറിയിച്ചു. പ്രകൃതി വാതകം ഉപയോഗിക്കുന്ന രാസവള നിർമാതാക്കൾക്കു വില വർധന ക്ഷീണമാകും. അടുന്നവർഷമാദ്യം വില കുറയുമെന്നാണു പ്രതീക്ഷ.
ലോക വിപണിയിൽ സ്വർണം 1791 ഡോളറിലേക്ക് ഉയർന്നു. കേരളത്തിൽ പവൻ വില മാറ്റമില്ലാതെ 35,200 രൂപയിൽ തുടർന്നു.
ഡോളർ വില കൂടി. 12 പൈസ നേട്ടത്തിൽ 73.62 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീട് 73.68 രൂപ വരെ കയറി.
Next Story