ബുള്ളുകൾ പൊരുതി വീണു; വിപണി താഴുന്നു; മൈൻഡ് ട്രീയുടെ ഓഹരി വില ഇടിയാൻ കാരണമെന്ത്?

ലോകമെങ്ങും അലയടിക്കുന്ന ബുൾ തരംഗത്തെ തടഞ്ഞു നിർത്താൻ സമ്മതിക്കില്ലെന്ന വാശിയിലാണു നിക്ഷേപകർ. ഇന്നു രാവിലെ ഇന്ത്യൻ ഓഹരി വിപണി കുതിച്ചു കയറിയതിലെ സന്ദേശം അതാണ്. എന്നാൽ തുടക്കത്തിലെ നേട്ടം അധികം നിലനിർത്താനായില്ല.മുഖ്യസൂചികകൾ താമസിയാതെ നഷ്ടത്തിലായി.

മൂന്നൂറു പോയിൻ്റ് ഉയർന്ന് 61,558-ൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് 61,621 വരെ കയറിയിട്ട് 61,100 വരെ താണു. നിഫ്റ്റിയും സമാന്തരമായി കയറിയിറങ്ങി.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലാണു കൂടുതൽ താഴ്ച. പലതിൻ്റെയും ഉയർച്ച പോലെ തന്നെ വിശദീകരണമില്ലാത്തതാണു താഴ്ചയും. ബാങ്ക് ഓഹരികൾ ഇന്ന് നേട്ടംകുറിച്ചു.
മൈൻഡ് ട്രീയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ദയാപാത്ര നെവാതിയ രാജിവച്ചത് ഓഹരി അഞ്ചര ശതമാനം ഇടിയാൻ കാരണമായി.
എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്സിൻ്റെ പാദ ഫലം മോശമായി. വരുമാനവും ലാഭവും കുറഞ്ഞു. പുനർക്രമീകരിച്ച കടങ്ങൾ 29 ശതമാനം വർധിച്ചു. ഓഹരി വില അഞ്ചു ശതമാനം താണു.
പ്രതീക്ഷയിലും കുറഞ്ഞ ലാഭവുമായി രണ്ടാം പാദ റിസൽട്ട് പുറത്തിറക്കിയ ഹാവെൽസിൻ്റെ ഓഹരി വില ഒൻപതു ശതമാനം ഇടിഞ്ഞു.
ഷോപ്പേഴ്സ് സ്റ്റോപ് നഷ്ടം ഗണ്യമായി കുറച്ചതും വരുമാനം ഇരട്ടിപ്പിച്ചതും മൂലം ഓഹരി വില 18 ശതമാനം ഉയർന്നു.
സുപ്രീം പെട്രോ, ശ്രീറാം സിറ്റി യൂണിയൻ, ഓയിൽ ഇന്ത്യ, സൊനാറ്റ സോഫ്റ്റ് വേർ തുടങ്ങിയ ഓഹരികൾ അഞ്ചു ശതമാനത്തിലധികം താണു. കഴിഞ്ഞ ആഴ്ചകളിൽ വലിയ നേട്ടമുണ്ടാക്കിയ നവീൻ ഫ്ളോറിൻ, മാസ്ടെക്, എൽ ആൻഡ് ടി ടെക് തുടങ്ങിയവയും വലിയ താഴ്ചയിലായി.
ലോക വിപണിയിൽ സ്വർണം 1789 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 80 രൂപ കൂടി 35,640 രൂപയായി.
ഡോളർ മൂന്നു പൈസ നഷ്ടത്തിൽ 74.83 രൂപയിൽ വ്യാപാരം തുടങ്ങി.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it