ഓഹരി വിപണിയിൽ റാലി; സുപ്രിയയ്ക്കു നല്ല തുടക്കം

ക്രിസ്മസിനു ശേഷം തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ വിപണി നേട്ടത്തിലാണ്. ആഗോള ഉണർവ് ഇവിടെയും പടരുകയായിരുന്നു. ചെറിയ നേട്ടത്തോടെ ആരംഭിച്ച വ്യാപാരം പിന്നീട് 0.75 ശതമാനം ഉയരത്തിലേക്കു കയറി. മിഡ്, സ്മോൾ ക്യാപ് സൂചികകളും കയറ്റത്തിലാണ്.

ബിഎസ്ഇ ലിമിറ്റഡ് ബോണസ് പ്രഖ്യാപിക്കുമെന്ന അറിയിപ്പ് ഓഹരിവില രാവിലെ പത്തു ശതമാനം വരെ ഉയരാൻ കാരണമായി. ഫെബ്രുവരി 10-നാണ് ബോണസ് ഇഷ്യു പ്രഖ്യാപനം.
ആർബിഎൽ ബാങ്ക് ഇന്നലത്തെ വലിയ തകർച്ചയ്ക്കു ശേഷം ഇന്നു രാവിലെ അൽപം ഉയർന്നു. ബാങ്കിനു പ്രശ്നങ്ങളൊന്നുമില്ലെന്നും സ്ഥിരം സിഇഒയെ വേഗം നിയമിക്കാനാണു നടപടി എടുത്തതെന്നുമുള്ള വ്യാഖ്യാനം കുറേ നിക്ഷേപകർ സ്വീകരിച്ച മട്ടുണ്ട്. ആർബിഎലിനെ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വ്യാപാരത്തിൽ നിന്ന് മാറ്റി. ഈ വർഷം ആർബിഎലിൻ്റെ വിപണിമൂല്യം 47 ശതമാനം താണിട്ടുണ്ട്. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് 53 ശതമാനവും സൂര്യാേദയ് 47 ശതമാനവും സ്പന്ദന സ്ഫൂർത്തി 43 ശതമാനവും കണ്ട് വിപണിമൂല്യം നഷ്ടപ്പെടുത്തിയവയാണ്.
ദീപക് നൈട്രൈറ്റ്, പിവിആർ, എംഫസിസ്, സീമൻസ്, ഇൻഡിഗോ, ഗ്രാസിം, ഏഷ്യൻ പെയിൻ്റ്സ്, ഗുജറാത്ത് പിപവാവ്, ഇന്ത്യ ബുൾസ് ഹൗസിംഗ്, ദേവയാനി ഇൻ്റർനാഷണൽ തുടങ്ങിയ ഓഹരികൾ ഇന്നു രാവിലെ രണ്ടു മുതൽ അഞ്ച് വരെ ശതമാനം നേട്ടമുണ്ടാക്കി.
274 രൂപയിൽ ഇഷ്യു നടത്തിയ സുപ്രിയ ലൈഫ് സയൻസ് 421 രൂപയ്ക്ക് ലിസ്റ്റ് ചെയ്തു. ഇഷ്യു വിലയേക്കാൾ 53.65 ശതമാനം ഉയരത്തിലാണിത്. പിന്നീട് അൽപം താണു.
സ്വർണം ലോകവിപണിയിൽ 1810 ഡോളറിലാണ്. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 36,280 രൂപയായി.
രൂപ വീണ്ടും നേട്ടമുണ്ടാക്കി. ഡോളറിന് ഏഴു പൈസ കുറഞ്ഞ് 74.93 രൂപയായി. പിന്നീട് 74.89 രൂപയിലേക്കു താണു.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it