Begin typing your search above and press return to search.
പുതു വർഷത്തിൽ ആവേശത്തുടക്കം; നിഫ്റ്റി 17,500നു മുകളിൽ
പുതുവർഷത്തിനു നല്ല തുടക്കം. ചെറിയ ഉയരത്തിൽ തുടങ്ങി. നേട്ടം പിന്നീടു ക്രമമായി വർധിപ്പിച്ചു. ഐടിയും റിയൽറ്റിയും മുഖ്യസൂചികകളുടെ മുന്നേറ്റത്തിനു നേതൃത്വം നൽകി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സ് 500 പോയിൻ്റ് ഉയർന്ന് 58,750നു മുകളിലായി. നിഫ്റ്റി 100 ദിന മൂവിംഗ് ആവരേജും കടന്ന് 17,500നു മീതേ എത്തി.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഡിസംബറിലെ വാഹന വിൽപന 11 ശതമാനം വർധിച്ചു. അതേ സമയം ട്രാക്ടർ വിൽപനയിൽ 21 ശതമാനം ഇടിവുണ്ടായി. കമ്പനിയുടെ ഓഹരി ഒരു ശതമാനം താണു. പിന്നീട് വില മെച്ചപ്പെട്ടു.
മാരുതിയുടെ ഡിസംബറിലെ വിൽപന നാലു ശതമാനം കുറവായി. എന്നാൽ വിപണി പ്രതീക്ഷിച്ചതിലും കുറഞ്ഞ താഴ്ചയാണത്. ഓഹരി വില രണ്ടര ശതമാനത്തോളം കയറി.
ടാറ്റാ മോട്ടോഴ്സിൻ്റെ ഡിസംബർ വിൽപന 30 ശതമാനം വർധിച്ചു. യാത്രാ വാഹന വിപണിയിൽ ഹ്യുണ്ടായിയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ഓഹരി വില മൂന്നു ശതമാനത്തിലധികം ഉയർന്നു.
ഐഷർ മോട്ടാേഴ്സിൻ്റെ റോയൽ എൻഫീൽഡ് വിൽപനയിൽ നല്ല മുന്നേറ്റം കാണിച്ചു. ഓഹരി വില ഇന്നു രാവിലെ അഞ്ചു ശതമാനത്തോളം കയറി.
ബജാജ് ഓട്ടോയുടെ ജനുവരി - മാർച്ച് വിൽപന ഇരട്ടയക്ക ഇടിവ് കാണിക്കുമെന്നു കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ ഒരു ടിവി ചാനലിനോടു പറഞ്ഞത് ഓഹരിവില താഴ്ത്തി. ഡിസംബറിൽ ആഭ്യന്തര വിപണിയിൽ ടൂ വീലർ വിൽപന കുറഞ്ഞെങ്കിലും കയറ്റുമതിയിലെ റിക്കാർഡ് നേട്ടം ബജാജിൻ്റെ വില രാവിലെ ഉയർത്തിയിരുന്നു.
കോവിഡ് വ്യാപനം മൂലമുള്ള നിയന്ത്രണങ്ങൾ വരുമാനത്തെ ബാധിക്കും എന്നത് ഇന്ത്യൻ ഹോട്ടൽസ്, യുനൈറ്റഡ് ബ്രൂവറീസ്, പിവിആർ, ഐനോക്സ് ലീഷർ, ട്രെൻ്റ് തുടങ്ങിയ ഓഹരികളെ താഴ്ത്തി.
ലോക വിപണിയിൽ സ്വർണം 1826 ഡോളറിലേക്കു താണു. കേരളത്തിൽ പവനു 160 രൂപ കുറഞ്ഞ് 36,200 രൂപയായി.
Next Story
Videos