ഓഹരി സൂചികകൾ വീണ്ടും താഴേയ്ക്ക്; പിടിച്ചു നിൽക്കുന്നത് ഐടി മാത്രം; ഈ രണ്ടു കാര്യങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കുക

തുടക്കം മുതൽ താഴോട്ടു നീങ്ങിയ ഓഹരി വിപണിയുടെ വീഴ്ചയ്ക്ക് ബാങ്കുകളും വാഹന കമ്പനികളും നേതൃത്വം നൽകി. ഐടി ഒഴികെ ഒരു മേഖലാ സൂചികയും നേട്ടം കാണിച്ചില്ല. മിഡ് - സ്മോൾ ക്യാപ് സൂചികകളും താഴാേട്ടാണ്. വിപണി ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റി 17,100 നും സെൻസെക്സ് 57,400 നും താഴെയാണ്.

പലിശ നിരക്ക് ഉയരുന്നതും വിദേശികൾ വിട്ടു പോകുന്നതുമാണു വിപണിയെ വലിച്ചു താഴ്‌ത്തുന്ന അടിസ്ഥാന ഘടകങ്ങൾ. ഇവ ഗൗരവമേറിയ വിഷയങ്ങളായതിനാൽ താഴോട്ടുള്ള യാത്ര നീണ്ടു നിൽക്കുമെന്നു പലരും കരുതുന്നു.
ഇന്നു രാവിലെ 450 ഓഹരികൾ ഉയരുമ്പോൾ 2150 ഓഹരികൾ താഴുന്നതായിരുന്നു എൻഎസ്ഇയിലെ നില. മറ്റ് ഏഷ്യൻ വിപണികളും താഴാേട്ടാണ്.
എഥനോളിൻ്റെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമാക്കി. പഞ്ചസാര കമ്പനികൾക്കു വില കുറഞ്ഞു.
ഐടി സേവന രംഗത്തുള്ള ആക്സഞ്ചറിൻ്റെ ഏറ്റവും പുതിയ റിസൽട്ട് മികച്ച വരുമാന - ലാഭ വളർച്ച കാണിക്കുന്നു. അടുത്ത പാദങ്ങളിലെ വളർച്ചയെപ്പറ്റി നല്ല പ്രതീക്ഷയാണു കമ്പനിക്കുള്ളത്. ഇത് പ്രമുഖ ഇന്ത്യൻ ഐടി സർവീസ് കമ്പനികളുടെ ഓഹരി വില ഉയരാൻ കാരണമായി. ഇൻഫോസിസും ടിസിഎസും വിപ്രോയും ഉയർച്ചയ്ക്കു മുന്നിൽ നിന്നു. ഇൻഫോസിസ് മൂന്നു ശതമാനം കയറി.
ഇന്ത്യാ ബുൾസ് ഹൗസിംഗ് ഫിനാൻസ് പ്രൊമോട്ടർ സമീർ ഗെഹ് ലോട്ട് തൻ്റെ 22 ശതമാനം ഓഹരിയിൽ 12 ശതമാനം വിറ്റത് കമ്പനിയെപ്പറ്റിയുള്ള കാഴ്ചപ്പാട് മാറ്റി. ഗെഹ്‌ ലോട്ട് കമ്പനിയിലെ പദവികളും ഉപേക്ഷിക്കും. പത്തു ശതമാനം ഓഹരി കൈവശം വയ്ക്കും. പ്രൊമോട്ടർ കമ്പനി വിട്ടു പോകുന്നത് കമ്പനിയുടെ ഭാവി വളർച്ച അത്ര മെച്ചമാകില്ല എന്ന വിലയിരുത്തലിൽ ആകും എന്നാണു വിപണിയുടെ കാഴ്ചപ്പാട്. പ്രമുഖ വിദേശ ഫണ്ടുകളാണ് ഓഹരി ബ്ലോക്ക് ഡീലുകളിൽ വാങ്ങിയത് എന്നതും വിപണിയിലെ തിരിച്ചടിക്കു തടസമായില്ല. ഓഹരി വില ഇന്നലെ നാലു ശതമാനം താണു. ഇന്നു വീണ്ടും 12 ശതമാനം ഇടിഞ്ഞു. താൻ പണം മുടക്കിയ ധാനി സർവീസസിൽ (പഴയ ഇന്ത്യാബുൾസ് വെഞ്ചേഴ്സ്‌) ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗെഹ് ലോട്ട് ഉദ്ദേശിക്കുന്നത്.
പലിശ നിരക്ക് കൂടുമ്പോൾ ബാങ്കുകളുടെ പക്കലുള്ള കടപ്പത്രങ്ങളുടെ വിപണി വില താഴും ഇതുവഴിയുള്ള നഷ്ടത്തിനു കൂടുതൽ വകയിരുത്തൽ വേണ്ടി വരും. ബാങ്കുകളുടെ ലാഭം കുറയും.
പലിശ വർധനയുടെ പുതിയ ചക്രം തിരിയാൻ തുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പകളുടെ കുറഞ്ഞ പലിശ 0.1 ശതമാനം ഉയർത്തി. ചിലയിനം നിക്ഷേപങ്ങളുടെ പലിശയും കൂട്ടി. രണ്ടു വർഷത്തിനു ശേഷമാണ് രാജ്യത്തു പലിശ നിരക്ക് കൂടുന്നത്. മൂന്നു വർഷത്തേക്ക് പലിശയുടെ ഉയർച്ച തുടരുമെന്നാണു നിഗമനം.
425 രൂപയ്ക്ക് ഇഷ്യു നടത്തിയ റേറ്റ് ഗെയിൻ ട്രാവൽ ടെക്നോളജീസ് 372.1 രൂപയ്ക്കാണു ലിസ്റ്റ് ചെയ്തത്. ഓഹരി വീണ്ടും താണു.
സ്വർണം ലോക വിപണിയിൽ 1802 ഡോളറിനു മുകളിലെത്തി. കേരളത്തിൽ പവന് 320 രൂപ വർധിച്ച് 36,560 രൂപയിലെത്തി.
ഡോളർ 13 പൈസ നേട്ടത്തിൽ 76.21 രൂപയിലാണു വ്യാപാരം തുടങ്ങിയത്.


T C Mathew
T C Mathew  

Related Articles

Next Story
Share it