വിപണി ഉത്സാഹത്തിൽ; 2021-ന് ആവേശകരമായ വിട പറച്ചിൽ

2021-ന് ആവേശകരമായ വിട നൽകാനും പുതുവർഷത്തെ ഉത്സാഹപൂർവം സ്വാഗതം ചെയ്യാനുമുള്ള ഒരുക്കമാണ് വിപണി ഇന്നു നടത്തിയത്. മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങി. പിന്നീടു കൂടുതൽ ഉയർന്നു. ഐടി ഒഴികെയുള്ള എല്ലാ മേഖലകളും തുടക്കത്തിൽ കുതിച്ചു. മെറ്റൽ, റിയൽറ്റി, ബാങ്ക് ഓഹരികൾ ശക്തമായി തിരിച്ചു കയറി.

സോഡിയം അയോൺ ബാറ്ററി സാങ്കേതിക വിദ്യയിൽ മുന്നിൽ നിൽക്കുന്ന ബ്രിട്ടീഷ് കമ്പനി ഫറാഡിയോണിനെ ഏറ്റെടുക്കുന്നു. നവീന ഊർജ മേഖലയിലെ റിലയൻസിൻ്റെ ലക്ഷ്യങ്ങൾക്ക് അനുയോജ്യമാണ് ഈ ഏറ്റെടുക്കൽ. ആയിരം കോടി രൂപയാണ് ഇതിനു ചെലവാകുക. വൈദ്യുതി സ്റ്റാേറേജ് സംവിധാനങ്ങളുടെ ഒരു വിപുല ശ്രേണി റിലയൻസ് ലക്ഷ്യമിടുന്നുണ്ട്. അമേരിക്കൻ കമ്പനി അംബ്രിയിൽ 1100 കോടി രൂപ നിക്ഷേപിച്ച് വലിയ സ്റ്റോറേജ് ബാറ്ററികളുടെ സാങ്കേതിക വിദ്യ റിലയൻസ് സമ്പാദിച്ചിട്ടുണ്ട്. പല്ലോൺജി ഗ്രൂപ്പിൽ നിന്ന് സ്റ്റെർലിംഗ് ആൻഡ് വിൽസൺ റിന്യുവബിൾ എനർജി സ്വന്തമാക്കിയ റിലയൻസ് നോർവീജിയൻ കമ്പനി ആർഇസി സോളാറും കൈവശപ്പെടുത്തിയിരുന്നു. സൗര -ഹരിത ഊർജ മേഖലയിലും വൈദ്യുത ബാറ്ററി മേഖലയിലും 75,000 കോടി രൂപയുടെ നിക്ഷേപമാണു ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്.
ഐഡിഎഫ്സി ഗ്രൂപ്പിലെ മൂന്നു കമ്പനികളും ലയിച്ച് ഒന്നാകാൻ തീരുമാനിച്ചു. ഐഡിഎഫ്സി ലിമിറ്റഡ്, ഐഡിഎഫ്സി ഫിനാൻഷ്യൽ ഹോൾഡിംഗ് കമ്പനി എന്നിവ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൽ ലയിക്കും. ഒരു വർഷത്തോളമെടുക്കും ലയനം പൂർത്തീകരിക്കാൻ. ഐഡിഎഫ്സി ലിമിറ്റഡിൻ്റെ ഓഹരിവില ഒൻപതു ശതമാനത്തോളം ഉയർന്നു.
ഇൻഡിഗോ വിമാന സർവീസ് നടത്തുന്ന ഇൻ്റർ ഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിൽ പ്രൊമോട്ടർമാരുടെ ഓഹരി വിൽക്കുന്നതിനുണ്ടായിരുന്ന വ്യവസ്ഥ നീക്കി. രണ്ടു പ്രൊമോട്ടർമാരാണുള്ളത്- രാഹുൽ ഭാട്ടിയയും രാകേഷ് ഗാംഗ് വാലും. മറ്റേയാൾ വേണ്ടെന്നു പറഞ്ഞാലേ ഏതെങ്കിലും പ്രൊമോട്ടർ ഓഹരി വിൽക്കാവൂ എന്ന വ്യവസ്ഥ മാറ്റി. കമ്പനിയുടെ 74.4 ശതമാനം ഓഹരി പ്രൊമോട്ടർ ഗ്രൂപ്പുകളുടെ കൈവശമാണ്. വ്യവസ്ഥ മാറ്റിയെങ്കിലും പ്രൊമോട്ടർമാരിൽ ആരെങ്കിലും ഉടനേ വിറ്റൊഴിയുമെന്ന സൂചനയില്ല.
ബ്രോക്കറേജുകൾ നല്ല ശിപാർശ നൽകിയ ഹിൻഡാൽകോ അഞ്ചു ശതമാനവും ഷാലിമാർ പെയിൻ്റ്സ് നാലു ശതമാനവും ഉയർന്നു. മോട്ടി ലാൽ ഓസ്വാൾ വാങ്ങൽ ശിപാർശ ചെയ്ത ഇൻഡിഗോ പെയിൻ്റ്സ് 16 ശതമാനം വരെ ഉയർന്നു.
216 രൂപയ്ക്ക് ഇഷ്യു നടത്തിയ സിഎംഎസ് ഇൻഫോ സിസ്റ്റംസ് 220 രൂപയിൽ ലിസ്റ്റ് ചെയ്തു. പിന്നീട് അൽപം താണു.
ലോകവിപണിയിൽ സ്വർണം 1818 ഡോളറിലെത്തി. കേരളത്തിൽ പവന് 160 രൂപ വർധിച്ച് 36,080 രൂപയായി.
രൂപ വീണ്ടും ഉയർന്നു. ഡോളർ മൂന്നു പൈസ താണ് 74.37 രൂപയിൽ വ്യാപാരം തുടങ്ങി.
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it