താഴ്ചയിൽ ചാഞ്ചാട്ടം; ഐടി വീണ്ടും ഇടിഞ്ഞു

രാവിലെ നഷ്ടത്തിൽ തുടങ്ങി, വീണ്ടും താഴ്ചയിലായി.സെൻസെക്സ് 54,500 നടുത്ത് എത്തിയിട്ട് 200 ലേറെ പോയിൻ്റ് തിരിച്ചു കയറി. നിഫ്റ്റിയും അതേ വഴി നീങ്ങി. ഫാർമ, ഹെൽത്ത് കെയർ, ഓയിൽ‌ - ഗ്യാസ് എന്നിവയൊഴികെ എല്ലാ വ്യവസായ മേഖലകളും ഇന്നു നഷ്ടത്തിലാണു തുടങ്ങിയത്. ബാങ്കുകളും ധനകാര്യ കമ്പനികളും താഴ്ചയിൽ മുന്നിട്ടു നിന്നു.

രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നത് ഫാർമ, ഹെൽത്ത് കെയർ ഓഹരികൾക്കു പുറമേ ഡയഗ്നോസ്റ്റിക് കമ്പനി ഓഹരികൾക്കും നേട്ടമായി. കഴിഞ്ഞ രണ്ടു വർഷം വലിയ നേട്ടമുണ്ടാക്കിയ ലാബുകൾക്കു കഴിഞ്ഞ രണ്ടു പാദങ്ങളിൽ വരുമാനം കുറവായിരുന്നു.
ഐടി ഓഹരികൾ ഇന്നും നഷ്ടത്തിലായി. ടിസിഎസ്, ഇൻഫി, വിപ്രോ, എച്ച്സിഎൽ തുടങ്ങിയവ തുടക്കത്തിൽ മൂന്നു ശതമാനം വരെ താഴ്ന്നു. പിന്നീട് ഐടി കമ്പനികൾ നഷ്ടം കുറച്ചു.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നു രാവിലെ 124 ഡോളറിനു മുകളിലെത്തി. പിന്നീട് അൽപം താണു. ജൂലൈ - ഡിസംബർ കാലയളവിൽ ശരാശരി ക്രൂഡ് വില 135 ഡോളർ ആയിരിക്കുമെന്നു ഗോൾഡ്മാൻ സാക്സ് കണക്കാക്കുന്നു. അടുത്ത വർഷം പകുതി വരെ ക്രൂസ് ഉയർന്ന നിലയിലായിരിക്കുമെന്നാണ് അവരുടെ പ്രവചനം. ക്രൂഡിൻ്റെ കയറ്റം ഒഎൻജിസി ഓഹരിയെ രണ്ടു ശതമാനവും ഓയിൽ ഇന്ത്യയെ 5.7 ശതമാനവും ഉയർത്തി. ഓയിൽ മാർക്കറ്റിംഗ് കമ്പനികളായ ഐഒസി, എച്ച്പിസിഎൽ, ബിപിസിഎൽ എന്നിവ അര മുതൽ രണ്ടു വരെ ശതമാനം താണു. എംആർപിഎൽ നാലു ശതമാനത്തോളം നേട്ടത്തിലാണ്.
ഡോളർ ഇന്നു രണ്ടു പൈസ നേട്ടത്തിൽ 77.75 രൂപയിലാണ് ഓപ്പൺ ചെയ്തത്. 77.77 വരെ ഡോളർ കയറി. റിസർവ് ബാങ്ക് ഇടപെട്ടതോടെ ഡോളർ 77.74 രൂപയായി.
സ്വർണം 1851 ഡോളറിലായി. കേരളത്തിൽ പവന് 200 രൂപ വർധിച്ച് 38,360 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it