ഉയരാനുളള ശ്രമം നിലനിർത്താനാവാതെ ഓഹരി വിപണി

ഏഷ്യൻ വിപണികളിലെ പ്രവണതയിൽ നിന്നു മാറി ഇന്ത്യൻ വിപണി രാവിലെ നേട്ടത്തിൽ തുടങ്ങി. എന്നാൽ കുറച്ചു സമയത്തിനു ശേഷം സൂചികകൾ നഷ്ടത്തിലേക്കു വീണു. പിന്നീടു ചാഞ്ചാട്ടമായി. രൂപയും ഇന്നു രാവിലെ അൽപം നേട്ടമുണ്ടാക്കി.

രാവിലെ നല്ല നേട്ടത്തിൽ തുടങ്ങിയ ബാങ്ക് നിഫ്റ്റി പിന്നീട് താഴോട്ടു പോയി. സ്മോൾ ക്യാപ് ഓഹരികളും ഇടിവിലാണ്. ഐടി, മെറ്റൽ, ഫാർമ, ഹെൽത്ത് കെയർ, ഓയിൽ - ഗ്യാസ് ഓഹരികൾ താഴാേട്ടു നീങ്ങി.
വികസ്വര രാജ്യങ്ങളിൽ ഈ ത്രൈമാസം സാമ്പത്തിക വളർച്ച മന്ദീഭവിക്കുമെന്നു ജെ പി മോർഗൻ നിക്ഷേപ ബാങ്ക് വിലയിരുത്തി. ചൈനയും റഷ്യയും വീഴ്ചയ്ക്കു മുന്നിൽ ഉണ്ടാകും. ഏപ്രിലിലെ ചൈനീസ് കയറ്റുമതി വളർച്ച രണ്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതായ 3.9 ശതമാനത്തിലെത്തി.
റിലയൻസ് ഓഹരി ഇന്നു രാവിലെയും താഴ്ന്നു.
ഡോളർ സൂചിക അൽപം താഴ്ന്ന് 103.61 ആയി. ഇതു രൂപയ്ക്ക് അൽപം ആശ്വാസമായി. 21 പൈസ കുറഞ്ഞ് 77.25 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.
ക്രൂഡ് ഓയിൽ വില വീണ്ടും താണു. ബ്രെൻ്റ് ഇനം 103.82 ഡോളറിലെത്തിയിട്ടു വീണ്ടും കയറി.
സ്വർണവില ലോകവിപണിയിൽ 1860 ഡോളറിലെത്തി. കേരളത്തിൽ പവന് 320 രൂപ കുറഞ്ഞ് 37,680 രൂപയായി.
കടപ്പത്രങ്ങളുടെ വിലയിടിവ് തടയാൻ റിസർവ് ബാങ്കിനു ഗവണ്മെൻ്റ് നിർദേശം നൽകിയെന്ന മാധ്യമ റിപ്പോർട്ടിനെ തുടർന്നു കടപ്പത്ര വില ഉയർന്നു. 10 വർഷ കടപ്പത്രത്തിലെ നിക്ഷേപനേട്ടം (Yield) 7.47 ശതമാനത്തിൽ നിന്ന് 7.36 ശതമാനമായി കുറഞ്ഞു. വിപണിയിൽ നിന്നു കടപ്പത്രം വാങ്ങുകയോ ഹ്രസ്വകാല കടപ്പത്രങ്ങൾ ദീർഘകാല കടപ്പത്രങ്ങളുമായി വച്ചു മാറാൻ അവസരം നൽകുകയോ ചെയ്യണമെന്നു കേന്ദ്രം നിർദേശിച്ചെന്നാണു റിപ്പോർട്ട്.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it