Begin typing your search above and press return to search.
സൺ ഫാർമ ഓഹരി വില ഉയരുന്നു; കാരണം ഇതാണ്, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ന് ചെയ്യുന്നതെന്ത്?
തലേന്നത്തെ നഷ്ടത്തിൻ്റെ പകുതി വീണ്ടെടുത്തു കൊണ്ട് ഇന്നു വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും കയറി. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വിൽപന സമ്മർദം തുടരുന്നതിനാൽ കയറ്റം സുഗമമല്ല. സെൻസെക്സ് 60,000 നു മുകളിലാണു രാവിലെ വ്യാപാരം തുടങ്ങിയത്. നിഫ്റ്റിക്ക് രാവിലെ 18,000 ലേക്കു കയറാൻ കഴിഞ്ഞില്ല.
കോവിഡിനുള്ള മോൾനുപിരാവിർ എന്ന മരുന്ന് നിർമിക്കുമെന്ന സൺ ഫാർമയുടെ അറിയിപ്പ് ഓഹരിയുടെ വില ഉയർത്തി. മെർക്ക് (എം എസ് ഡി) കമ്പനിയും റിഡ്ജ് ബായ്ക്കും ചേർന്നു വികസിപ്പിച്ച ഈ ഗുളിക കോവിഡ് ബാധിതരെ ആശുപത്രി വാസമില്ലാതെ തന്നെ സുഖപ്പെടുത്തും. വേറേ രോഗങ്ങൾക്ക് ഉപയാേഗിച്ചിരുന്ന ഔഷധങ്ങളാണ് ഇതുവരെ കോവിഡ് ചികിത്സയിൽ ഉപയോഗിച്ചിരുന്നത്.
പിവിസി, കൊറുഗേറ്റഡ് പിവിസി ഉൽപന്നങ്ങൾ നിർമിക്കുന്ന അസ്ട്രാൽ പെെപ്സിൻ്റെ ഓഹരി വില രാവിലെ അഞ്ചര ശതമാനം ഉയർന്നു. പിന്നീടു കുറച്ചു താണു. മികച്ച രണ്ടാം ക്വാർട്ടർ ഫലമാണു കമ്പനി പുറത്തുവിട്ടത്.
എംഎസ് സിഐ സൂചികയിൽ ഇന്നു പ്രവേശിച്ച സൊമാറ്റോ, എസ് ആർ എഫ്, മൈൻഡ് ട്രീ, ഐആർസിടിസി, എംഫസിസ്, ഗോദ്റെജ് പ്രോപ്പർട്ടീസ്, ബജാജ് ഹോൾഡിംഗ്സ്, ഭാരത് ഇലക്ട്രോണിക്സ് തുടങ്ങിയവയുടെ വില ഉയർന്നു. സൂചികയിൽ കയറിയെങ്കിലും ടാറ്റാ പവർ ഇന്നും താഴ്ന്നു. നവംബർ 30 നാണു പുതിയ പട്ടിക പ്രാബല്യത്തിലാകുക. സൂചികയിൽ പെടുന്നതോടെ ഈ ഓഹരികളിൽ കൂടുതൽ ഫണ്ടുകൾ നിക്ഷേപം നടത്തും. സൂചികയിൽ നിന്നു പുറത്തായ ഇപ്ക ലബോറട്ടറീസിനും ആർഇസിക്കും വിലയിടിഞ്ഞു. സൊമാറ്റോയ്ക്ക് ഇന്ന് നാലര ശതമാനത്തിലേറെ വില ഉയർന്നു.
ലാഭ മാർജിൻ കുറഞ്ഞത് ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സിസിൻ്റെ ഓഹരി വില നാലു ശതമാനം താഴ്ത്തി.
സ്വർണം ആഗോളവിപണിയിൽ 1857 ഡോളറിലേക്കു താണു. കേരളത്തിൽ സ്വർണവില മാറ്റമില്ലാതെ തുടർന്നു.
ഡോളർ ഇന്നു ദുർബലമായി. 13 പൈസ നഷ്ടത്തിൽ 74.39 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.
Next Story
Videos