Begin typing your search above and press return to search.
ഇന്ന് വരുന്നത് വമ്പന്മാരുടെ റിസൾട്ടുകൾ; ഓഹരി വിപണിയുടെ പ്രകടനം ഇങ്ങനെ
പല വലിയ കമ്പനികളുടെയും റിസൽട്ട് വരാനിരിക്കെ അനിശ്ചിതത്വത്തോടെയാണ് ഇന്നു വിപണിയുടെ തുടക്കം. ആദ്യം നല്ലതുപോലെ ഉയർന്നിട്ടു പെട്ടെന്നു താണു. വീണ്ടും കയറി. വീണ്ടും കയറ്റിറക്കം തുടർന്നു.
ബാങ്ക്, ധനകാര്യ ഓഹരികൾ ഇന്നു താഴ്ചയിലാണ് തുടങ്ങിയത്. ബാങ്ക് നിഫ്റ്റി രാവിലെ നൂറിലേറെ പോയിൻ്റ് താഴ്ന്നിട്ട് തിരിച്ചു കയറി. ആക്സിസ് ബാങ്ക് മൂന്നു ശതമാനത്തിലേറെ താണപ്പോൾ കനറ ബാങ്ക് മൂന്നര ശതമാനം ഉയർന്നു. ബജാജ് ഫിനാൻസ് മൂന്നു ശതമാനം താഴ്ചയിലാണ്.
മിഡ്- സ്മോൾ ക്യാപ് ഓഹരികൾ ഇന്നും നേട്ടത്തിലാണ്.
പെയിൻ്റ് വില ഉയർത്തിയത് ഏഷ്യൻ പെയിൻ്റ്സിനും ബെർജർ പെയിൻ്റ്സിനും വില വർധിക്കാൻ കാരണമായി. രണ്ട് ഓഹരികളും അഞ്ചു ശതമാനം ഉയർന്നു. പെയിൻ്റ് വില എട്ടു മുതൽ 10 വരെ ശതമാനം കൂട്ടിയിട്ടുണ്ട്. ഏതാനും മാസം മുമ്പ് വില ഏഴു ശതമാനം വർധിപ്പിച്ചതാണ്.
മാരുതി സുസുകി ഇന്നു പുറത്തു വിടുന്ന രണ്ടാം പാദ റിസൽട്ടിൽ ലാഭം ഗണ്യമായി കുറയുമെന്നു ബ്രോക്കറേജുകൾ കണക്കാക്കുന്നു. വില്പനയിൽ നാലു ശതമാനം കുറവാണു പ്രതീക്ഷ.
ചൈന -അമേരിക്ക ശീതയുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ചൈനീസ് ടെക് കമ്പനികളുടെ വിലയിടിച്ചു. ഷാങ്ഹായ് കോംപസിറ്റ് ഓഹരി സൂചിക ഒരു ശതമാനത്തോളം താണു. ഇത് മറ്റ് ഏഷ്യൻ വിപണികളെ ക്ഷീണത്തിലാക്കി.
അമേരിക്കയിൽ ചില്ലറ വിലക്കയറ്റം 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത് നിക്ഷേപകരിൽ ആശങ്ക വളർത്തുമെന്നു ബ്രോക്കറേജുകൾ കരുതുന്നു.
സ്വർണവില വിദേശത്ത് 1789 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 240 രൂപ കുറഞ്ഞ് 35,800 രൂപയായി.
ക്രൂഡ് ഓയിൽ വില 86 ഡോളറിനു താഴെ തുടരുന്നു.
Next Story
Videos