സൂചികകൾ താഴോട്ട്; ടയർ കമ്പനികൾക്കു കനത്ത പിഴ

ചെറിയ താഴ്ചയിൽ തുടങ്ങി, പിന്നീടു കൂടുതൽ താണു. സെൻസെക്സ് 59,203 വരെ താഴ്ന്ന ശേഷം അൽപം തിരിച്ചു കയറി. എങ്കിലും വീണ്ടും താഴോട്ടു പോയി. തുടർച്ചയായി മൂന്നു ദിവസം ഉയർന്ന ശേഷമാണ് ഇന്നു സൂചികകൾ താഴുന്നത്.

ഐടി കമ്പനികളും ധനകാര്യ കമ്പനികളും താഴ്ചയ്ക്കു മുന്നിൽ നിന്നു. '
കമ്പനികൾ കൂട്ടുചേർന്ന് ടയർ വില ഉയർത്തി ലാഭമെടുത്തതിൻ്റെ പേരിൽ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അഞ്ചു ടയർ കമ്പനികൾക്ക് പിഴ ചുമത്തി. അപ്പോളോ (425.53 കോടി), എംആർഎഫ് (622.09 കോടി), സിയറ്റ് (252.16 കോടി), ജെകെ (309.95 കോടി), ബിർല (178.33 കോടി) എന്നിങ്ങനെയാണു പിഴ. ഈ കമ്പനികളുടെ ഓഹരി രണ്ടര ശതമാനം വരെ താണു. പിന്നീടു കമ്പനികൾ നേട്ടത്തിലായി. മൂന്നാം പാദത്തിൽ ലാഭ മാർജിൻ ഗണ്യമായ കുറഞ്ഞതിനെ തുടർന്ന് അപ്പോളോ ടയേഴ്സിനെ ഓഹരി വില മൂന്നര ശതമാനം വരെ താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.
ലാഭ മാർജിനിൽ വലിയ നേട്ടമുണ്ടായതിനെ തുടർന്ന് ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സിൻ്റെ ഓഹരി വില മൂന്നര ശതമാനം ഉയർന്നു.
ടാറ്റാ സ്റ്റീലിൻ്റെ ഫാക്ടറി നദീജലം മലിനീകരിക്കുന്നതിനെപ്പറ്റി നെതർലൻഡ്സ് പോലീസ് അന്വേഷണം തുടങ്ങി എന്ന റിപ്പോർട്ട് ടാറ്റാ സ്റ്റീലിൻ്റെ ഓഹരിവില തുടക്കത്തിൽ താഴാൻ ഇടയാക്കി. പിന്നീടു കയറി. നെതർലൻഡ്സിലെ ഐമീഡൻ പട്ടണത്തിലാണു ഫാക്ടറി. പഴയ കോറസ് സ്റ്റീലിൻ്റെ ഫാക്ടറിയാണിത്.
വിറ്റുവരവും ലാഭ മാർജിനും ഗണ്യമായി വർധിച്ചതിനെ തുടർന്ന് ബ്ലൂസ്റ്റാർ ഓഹരി ആറു ശതമാനം കുതിച്ചു.
ബിസിനസിലെ മാന്ദ്യത്തെ തുടർന്ന് എം ആൻഡ് എം ഫിനാൻഷ്യൽ ഓഹരികൾ നാലു ശതമാനത്തോളം ഇടിഞ്ഞു. ലാഭ മാർജിൻ കുറഞ്ഞത് അഡാനി ടോട്ടൽ ഗ്യാസിൻ്റെയും വിൽപന കുറഞ്ഞത് ജെകെ ലക്ഷ്മി സിമൻ്റിൻ്റെയും വില താഴ്ത്തി. പരസ്യവും വരിസംഖ്യയും കുറവായത് സീ എൻറർടെയ്ൻമെൻ്റിൻ്റെ ഓഹരിവില രണ്ടു ശതമാനം കുറച്ചു.
സ്വർണം രാജ്യാന്തര വിപണിയിൽ 1806 ഡോളറിലാണ്. കേരളത്തിൽ പവനു 160 രൂപ വർധിച്ച് 36,080 രൂപയായി.
ഡോളർ ഇന്നു മൂന്നു പൈസ നേട്ടത്തിൽ 74.87 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 74.90 രൂപയിലേക്കു കയറി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it