ആശങ്കയായി യുക്രെയ്ൻ; ആഗോള തലത്തിൽ തകർച്ച; ഓഹരികളും രൂപയും വീണു
ആഗോള സൂചികകൾക്കൊപ്പം ഇന്ത്യൻ ഓഹരി സൂചികകളും കുത്തനേ ഇടിഞ്ഞു. യുക്രെയ്ൻ സംഭവ വികാസങ്ങൾ എങ്ങനെ തിരിയും എന്ന അവ്യക്തത വിപണിയെ വല്ലാതെ ഉലച്ചു. മറ്റ് ഏഷ്യൻ വിപണികൾ മൂന്നു ശതമാനത്തോളം ഇടിഞ്ഞപ്പോൾ ഇന്ത്യൻ വിപണിയുടെ മുഖ്യസൂചികകൾ രണ്ടു ശതമാനത്തോളം താണു. പിന്നീടു നഷ്ടം അൽപം കുറച്ചു.
മിഡ്, സ്മോൾ ക്യാപ് സൂചികകൾ മൂന്നു ശതമാനം വരെ താഴ്ന്നു
നിഫ്റ്റി 17,000-നും സെൻസെക്സ് 57,000 -നും താഴെയായി. യുക്രെയ്നിലെ രണ്ടു വിമത പ്രവിശ്യകളെ സ്വതന്ത്രരാജ്യങ്ങളായി പ്രഖ്യാപിച്ച റഷ്യൻ നടപടിക്ക് എതിരേ ഏതുതരം ഉപരോധങ്ങളാണ് പാശ്ചാത്യർ പ്രഖ്യാപിക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഒരു ഓഹരി ഉയരുമ്പോൾ 19 ഓഹരികൾ താഴുന്നതായിരുന്നു ഒരവസരത്തിൽ വിപണിയുടെ നില. നിഫ്റ്റിയിലെ 50 ഓഹരികളിൽ ഒഎൻജിസി മാത്രമാണ് തുടക്കത്തിൽ ഉയർന്നത്.
ബിഎസ്ഇ സെൻസെക്സിലെ 30 ഓഹരികളും താഴ്ചയിലായിരുന്നു. എല്ലാ വ്യവസായ മേഖലകളും ഇടിവിലായി.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനെ തുടർന്ന് ഇന്ത്യ ബുൾസ് ഗ്രൂപ്പ് കമ്പനികൾക്ക് ഇന്നലെ വലിയ ഇടിവ് നേരിട്ടു.
ചില ഓഹരികൾ 20 ശതമാനം വരെ താണു. ഗ്രൂപ്പിൽ പെട്ട ധനി സർവീസസ് ഇന്നു 17 ശതമാനം താഴ്ചയിലാണ്. മൂന്നു ദിവസം കൊണ്ട് ഈ ഓഹരി 36 ശതമാനം ഇടിഞ്ഞു. ഇന്നലെ വലിയ നഷ്ടം നേരിട്ട ഇന്ത്യ ബുൾസ് ഹൗസിംഗ് ഇന്ന് നേട്ടത്തിലാണ്.
ലോക വിപണിയിൽ സ്വർണം 1908-1909 ഡോളറിലാണ്. കേരളത്തിൽ പവന് 280 രൂപ വർധിച്ച് 37,000 രൂപയായി.
ഡോളർ ഇന്നു ശക്തമായി. 22 പൈസ നേട്ടത്തിൽ 74.73 രൂപയാണു ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീട് 74.80 രൂപയിലേക്കു കയറി.
ക്രിപ്റ്റോ കറൻസികൾ താഴ്ചയിലാണ്. ബിറ്റ് കോയിൻ 36,700 ഡോളറിലേക്കു താണു.
10 വർഷ സർക്കാർ കടപ്പത്രങ്ങളുടെ വില താണു. നിക്ഷേപനേട്ടം 6.729 ശതമാനത്തിലേക്ക് ഉയർന്നു.