ഓഹരി വിപണിയിൽ ഉത്സാഹം; ബാങ്ക്, ധനകാര്യ ഓഹരികൾ മുന്നേറ്റത്തിൽ

വിപണി തിരിച്ചു കയറ്റത്തിൻ്റെ ഉത്സാഹത്തിലാണ്. രാവിലെ അര ശതമാനം ഉയർന്നു തുടങ്ങിയ മുഖ്യസൂചികകൾ പിന്നീടു ഗണ്യമായി കയറി.

ബാങ്ക്, ധനകാര്യ ഓഹരികൾ ഉയർച്ചയ്ക്കു മുന്നിൽ നിന്നു. മിഡ്, സ്മോൾ ക്യാപ് ഓഹരി സൂചികകൾ ഒരു ശതമാനത്തോളം ഉയരത്തിലായി.
സോണിയുമായുള്ള ലയന നീക്കത്തെ തുടർന്ന് സീ എൻ്റർടെയ്ൻമെൻ്റ് ഓഹരിവില ലക്ഷ്യം 425 രൂപയിലേക്ക് വിദേശബ്രോക്കറേജുകൾ ഉയർത്തി. നിയമപോരാട്ടങ്ങളിൽ അധികം ആശങ്ക വേണ്ടെന്നാണ് അവർ കരുതുന്നത്. പക്ഷേ ഓഹരി വില ചെറിയ തോതിലേ കൂടുന്നുള്ളു.
ഓഹരി തിരിച്ചു വാങ്ങൽ ആലോചിക്കുന്നതിനെ തുടർന്ന് ജിഇ ഷിപ്പിംഗ് ഓഹരി ആറു ശതമാനത്തോളം ഉയർന്നു.
ക്രൂഡ് ഓയിൽ വില വീണ്ടും 75 ഡോളറിനു മുകളിലായത് ഒഎൻജിസി അടക്കം ഓയിൽ - ഗ്യാസ് കമ്പനികളെ ഉയർത്തി.
പേടിഎമ്മിലെ മൂന്നു ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർമാർ രാജി വച്ചതായ വാർത്ത കമ്പനി ഓഹരിയെ ബാധിച്ചതായി കണ്ടില്ല. ഓഹരി മൂന്നു ശതമാനത്തോളം ഉയർന്നു.
കുറച്ചു ദിവസമായി താണു നിന്ന ഫെഡറൽ ബാങ്ക് ഇന്ന് ഒരു ശതമാനത്തിലധികം ഉയർന്നു. ബാങ്ക് ഓഹരി ഒരു വർഷത്തിനിടയിൽ 120 രൂപ എത്തുമെന്ന ലക്ഷ്യം വച്ചു വാങ്ങാവുന്നതാണെന്ന് ഐസിഐസിഐ ഡയറക്ട് ഇന്നലെ ശുപാർശ ചെയ്തു. 82 രൂപയുടെ ചുറ്റുവട്ടത്താണ് ഓഹരി ഇപ്പോൾ. ബാങ്കിൽ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങൾക്ക് 42.54 ശതമാനം ഓഹരി ഉണ്ട്.
796 രൂപയ്ക്ക് ഇഷ്യു നടത്തിയ മെഡ് പ്ലസ് ഇന്നലെ 1062 രൂപയിൽ ലിസ്റ്റ് ചെയ്തു. പിന്നീടു വില 1100 രൂപയിലേക്കു കയറി.
രാജ്യാന്തര വിപണിയിൽ സ്വർണം 1805 ഡോളറിലേക്ക് കയറി. കേരളത്തിൽ പവനു 160 രൂപ കൂടി 36,280 രൂപയായി.
ഡോളർ 12 പൈസ നഷ്ടത്തിൽ 75.43 രൂപയിൽ വ്യാപാരം തുടങ്ങി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it