Begin typing your search above and press return to search.
ആവേശത്തേരിൽ ഓഹരി വിപണി പറക്കുന്നു; ചൈനീസ് വളർച്ച പ്രതീക്ഷയിലും താഴെ
നിക്ഷേപകരുടെ ആവേശം വിപണിയെ നയിക്കുന്ന മറ്റൊരു ദിനം കൂടി. രാവിലെ സെൻസെക്സ് 61,894 വരെയും നിഫ്റ്റി 18,521 വരെയും ഉയർന്നു റിക്കാർഡ് കുറിച്ചു. പിന്നീടു താഴ്ന്നു. കുറച്ചു സമയത്തിനു ശേഷം സൂചികകൾ വീണ്ടും ഉയർന്ന നിലവാരത്തിലായ
ഫണ്ടുകളെ പിന്നാേട്ടു മാറ്റി റീട്ടെയിൽ നിക്ഷേപകരാണ് ഇപ്പോൾ വിപണിയുടെ കടിഞ്ഞാൺ കൈയിലേന്തുന്നത്. അവരാകട്ടെ അമിതമായ ബുളളിഷ് മംനാഭാവം പ്രദർശിപ്പിക്കുന്നു.
ജൂലൈ - സെപ്റ്റംബറിലെ ചൈനീസ് ജിഡിപി വളർച്ച പ്രതീക്ഷയിലും താഴെയായി. 5.2 ശതമാനം പ്രതീക്ഷിച്ചിടത്ത് 4.9 ശതമാനം മാത്രം. മുൻ പാദത്തിൽ 7.9 ശതമാനം വളർന്നതാണ്. സെപ്റ്റംബറിലെ വ്യവസായ ഉൽപാദന വളർച്ച 4.5 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്ത് വെറും 3.1 ശതമാനം. മൂലധനനിക്ഷേപ വളർച്ച 7.9 ശതമാനത്തിൽ നിന്ന് 7.3 ശതമാനമായി കുറഞ്ഞു. വൈദ്യുതി ക്ഷാമം, റിയൽ എസ്റ്റേറ്റിലെ ഇടിവ്, ടെക്നോളജി - റീട്ടെയിൽ - ഫിൻ ടെക് കമ്പനികൾക്കെതിരായ സർക്കാർ നീക്കം തുടങ്ങിയവയെല്ലാം ജിഡിപി വളർച്ചയെ വലിച്ചു താഴ്ത്തി. ഒക്ടോബറിലും സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. ചൈനീസ് തളർച്ച വിവിധ ഏഷ്യൻ ഓഹരി സൂചികകളെ താഴ്ത്തി. ചൈനയുടെ ക്ഷീണം ഇന്ത്യയിലേക്കു നിക്ഷേപക ശ്രദ്ധ തിരിക്കും.
കാർലൈലുമായുള്ള ഓഹരി ഇടപാട് വേണ്ടെന്നു വച്ചത് പിഎൻബി ഹൗസിംഗ് ഫിനാൻസ് ഓഹരിയെ അഞ്ചു ശതമാനത്തോളം താഴ്ത്തി. കാർലൈലിന് 25 ശതമാനം ഓഹരി നൽകാനായിരുന്നു നീക്കം. കാർലൈൽ വേറേ 20 ശതമാനം ഓഹരിക്കായി ഓപ്പൺ ഓഫർ നടത്തുമായിരുന്നു.
മികച്ച റിസൽട്ട് പുറത്തിറക്കിയ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി ഒരു ശതമാനത്തിലധികം ഉയർന്നു. പിന്നീടു ലാഭമെടുക്കലിൽ താഴോട്ടു പോയി. മറ്റു ബാങ്ക് ഓഹരികൾ നേട്ടത്തിലായി. ബാങ്ക് നിഫ്റ്റി 40,000 നടുത്തെത്തി. ഫെഡറൽ ബാങ്ക് രാവിലെ രണ്ടര ശതമാനത്തിലധികം ഉയരത്തിലായി. ധനലക്ഷ്മി ബാങ്ക് 1.5 ശതമാനം കയറി.
ലോക വിപണിയിൽ ലോഹങ്ങൾ കുതിച്ചു കയറുന്നത് മെറ്റൽ കമ്പനി ഓഹരികൾക്കു നേട്ടമായി. നിഫ്റ്റി മെറ്റൽ സൂചിക മൂന്നു ശതമാനം കയറി. നാൽകോ 10 ശതമാനവും ഹിൻഡാൽകാേ അഞ്ചു ശതമാനവും വേദാന്ത എട്ടു ശതമാനവും ഉയർന്നു. ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ള്യു സ്റ്റീൽ തുടങ്ങിയവയും നല്ല നേട്ടത്തിലാണ്.
ക്രൂഡ് വില ഉയരുന്നതിൻ്റെ വെളിച്ചത്തിൽ ,ഒഎൻജിസി, ഐഒസി തുടങ്ങിയവ ഉയർന്നു.
കഴിഞ്ഞ ദിവസം ലാഭമെടുക്കൽ മൂലം വേണ്ടത്ര ഉയരാതിരുന്ന ഇൻഫോസിസ് ഓഹരി ഇന്ന് രണ്ടു ശതമാനത്തോളം കയറി. മറ്റ് ഐടി ഓഹരികളും നേട്ടത്തിലാണ്. വരുമാനവും ലാഭമാർജിനും പ്രതീക്ഷയോളം വരാത്തതുമൂലം എച്ച്സിഎൽ ടെക്നോളജീസ് ഓഹരി ഒന്നര ശതമാനത്തോളം താഴോട്ടു പോയി.
മികച്ച റിസൽട്ട് പുറത്തിറക്കിയ അവന്യു സൂപ്പർ മാർട്സ് അഞ്ചു ശതമാനത്തോളം ഉയർന്നിട്ട് അൽപം പിന്നോട്ടടിച്ചു.
യാത്രകൾ വർധിച്ചത് ട്രാവൽസർവീസ്, ഹോട്ടൽ ഓഹരികൾക്കു നേട്ടമായി
മാരുതി സുസുകി, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ടൂ വീലർ കമ്പനികളും അശോക് ലെയ്‌ലൻഡും താഴോട്ടു പോയി.
ക്രൂഡ് ഓയിൽ വിലക്കയറ്റം തുടരുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 85.82 ഡോളർ എത്തി.
സ്വർണം ലോകവിപണിയിൽ 1768 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 80 രൂപ വർധിച്ച് 35,440 രൂപയായി.
ഡോളർ ഇന്ന് രണ്ടു പൈസ നേട്ടത്തിൽ 75.27 രൂപയിൽ വ്യാപാരം തുടങ്ങി.
Next Story
Videos