ബാങ്കുകളും ധനകാര്യ കമ്പനികളും പിന്തുണച്ചു; ഓഹരി വിപണിയിൽ ആശ്വാസ റാലിയിൽ

61,000 നു മുകളിലേക്കു സെൻസെക്സ് തിരിച്ചു കയറിക്കൊണ്ടാണ് ഇന്നു വ്യാപാരമാരംഭിച്ചത്. നിഫ്റ്റി 18,300നു മുകളിലെത്തി. വിപണിയുടെ ആശ്വാസ റാലിക്ക് ബാങ്കുകളും ധനകാര്യ കമ്പനികളും നല്ല പിന്തുണ നൽകുകയും ചെയ്തു. അര മണിക്കൂറിനകം മുഖ്യസൂചികകൾ തലേന്നത്തെ നഷ്ടമെല്ലാം നികത്തി. പിന്നീട് അൽപം താണു. ബാങ്ക് നിഫ്റ്റി 40,500 നടുത്തേക്കു കയറി റിക്കാർഡിടുകയും ചെയ്തു. നിഫ്റ്റി റിയൽറ്റി രണ്ടു ശതമാനത്തിലേറെ ഉയർന്നു.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ താഴ്ച കണ്ട പല മിഡ് ക്യാപ് ഓഹരികളും ഇന്നു നേട്ടമുണ്ടാക്കി. മുഖ്യ സൂചികകളുടെ ഇരട്ടിയിലേറെ നിരക്കിലാണ് മിഡ് ക്യാപ്‌, സ്മോൾ ക്യാപ് ഓഹരി സൂചികകളുടെ തിരിച്ചു കയറ്റം.
രണ്ടാം പാദ റിസൽട്ട് പ്രതീക്ഷയോളം വരാത്തത് ഏഷ്യൻ പെയിൻ്റ്സ് ഓഹരിയെ വീണ്ടും താഴ്ത്തി. ഇന്നു രണ്ടര ശതമാനം വീഴ്ചയുണ്ട്. ചില വിദേശ നിക്ഷേപ ബാങ്കുകൾ കമ്പനിയുടെ അടുത്ത വർഷങ്ങളിലെ ഇപിഎസ് പ്രതീക്ഷ വെട്ടിക്കുറച്ചതും വിപണിയുടെ നെഗറ്റീവ് കാഴ്ചപ്പാടിനു കാരണമായി.
187 കോടിയുടെ ഭീമമായ നഷ്ടം രണ്ടാം പാദത്തിൽ വരുത്തിയ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ ഓഹരി വില തുടക്കത്തിൽ എട്ടു ശതമാനം താണു. ബാങ്കിൻ്റെ അറ്റ പലിശ വരുമാനം കുത്തനെ കുറഞ്ഞു. പ്രവർത്തന ലാഭം 74 ശതമാനം താണു.
പ്രതീക്ഷയേക്കാൾ മികച്ച റിസൽട്ട് പുറത്തു വിട്ടെങ്കിലും എംഫസിസിൻ്റെ ഓഹരി വില ഏഴുശതമാനം താണു.
പലിശ വരുമാനത്തിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാകാത്തതു മൂലം എൽ ഐ സി ഹൗസിംഗ് ഫിനാൻസ് ലാഭം 69 ശതമാനം കുറഞ്ഞു. കമ്പനിയുടെ പ്രശ്ന വായ്പകൾ വർധിച്ചതു മൂലം വകയിരുത്തൽ കൂടി. ഓഹരി വില രാവിലെ ആറു ശതമാനത്തിലധികം താണു.
ഡോളർ അഞ്ചു പൈസ താണ് 74.81 രൂപയായി.
കേരളത്തിലെ സ്വർണ വിലയിൽ ഇന്നു മാറ്റമില്ല.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it