Begin typing your search above and press return to search.
തിരുത്തൽ ശക്തം; രൂപയും താഴ്ചയിൽ; ഏഷ്യൻ വിപണികളിൽ ചോരപ്പുഴ
രണ്ടു മാസത്തിനു മുമ്പത്തെ നിലവാരത്തിലേക്കു മുഖ്യസൂചികകൾ ഇടിഞ്ഞു. വിപണി ആഗോള സൂചനകൾക്കു പിന്നാലെ കനത്ത തകർച്ച കാണിച്ചു. നിഫ്റ്റി 15,900 നു താഴെയും സെൻസെക്സ് 53,000 നടുത്തും എത്തി.വിദേശ നിക്ഷേപകർക്കൊപ്പം സ്വദേശി ഫണ്ടുകളും വലിയ വിൽപനക്കാരായി .
എല്ലാ മേഖലാ സൂചികകളും താഴ്ചയിലാണ്. ബാങ്ക് നിഫ്റ്റി 34,000 നു താഴെയായി. പ്രമുഖ ബാങ്ക് ഓഹരികൾ മൂന്നു മുതൽ നാലുവരെ ശതമാനം ഇടിഞ്ഞു. മിഡ്, സ്‌മോൾ ക്യാപ് സൂചികകളും നഷ്ടത്തിൽത്തന്നെ.
ഒരവസരത്തിൽ ഒഎൻജിസി ഒഴിച്ചുള്ള നിഫ്റ്റി ഓഹരികളെല്ലാം നഷ്ടത്തിലായിരുന്നു. സെൻസെക്സ് ഓഹരികളെല്ലാം നഷ്ടത്തിൽ ആയി. റിലയൻസ് ഇന്നും ഒന്നര ശതമാനം ഇടിഞ്ഞു. റിസൽട്ട് വരാനിരിക്കെ ടാറ്റാ മോട്ടോഴ്സ് ഓഹരി നാലു ശതമാനം താഴ്ചയിലായി.
ബോണസ് ഓഹരി നൽകുമെന്ന റിപ്പോർട്ടിനെ തുടർന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ ഓഹരി വില രണ്ടു ശതമാനം കയറി. ബോണസ് അനുപാതം നിശ്ചയിക്കാൻ ബോർഡ് യോഗം അടുത്തയാഴ്ച ചേരും.
നാലാം പാദ റിസൽട്ട് മോശമായതിനെ തുടർന്നു പഞ്ചാബ് നാഷണൽ ബാങ്ക് 11 ശതമാനത്തോളം ഇടിഞ്ഞു. അറ്റാദായം 65.5 ശതമാനം കുറവായി. ബാങ്കിൻ്റെ അറ്റ നിഷ്ക്രിയ ആസ്തി വർധിച്ചു.
യൂറോപ്യൻ സബ്സിഡിയറി നൊവേലിസിൻ്റെ നാലാംപാദ ലാഭക്ഷമത കുറഞ്ഞതു മൂലം ഓഹരിവില എഴു ശതമാനത്തിലധികം താഴ്ചയിലായി.
നാലാം പാദത്തിൽ വരുമാനവും അറ്റാദായവും കുറഞ്ഞ റിലാക്സോ ഫുട്ട് വെയേഴ്സ് ഓഹരി ഏഴു ശതമാനം വീണു. വരുമാനം 6.6 ശതമാനവും അറ്റാദായം 36 ശതമാനവും കുറഞ്ഞു.
രൂപയെ ദുർബലമാക്കിക്കൊണ്ടു ഡോളർ ഇന്നും കരുത്തുകാട്ടി. 77.63 രൂപ വരെ കയറിയ ഡോളർ പിന്നീട് 77.58 രൂപയിലേക്കു താണു. ചൈനീസ് യുവാൻ അടക്കം ഏഷ്യൻ കറൻസികളെല്ലാം ഇന്നു താഴ്ചയിലാണ്.
സ്വർണം ലോകവിപണിയിൽ 1851 ഡോളറിലേക്കു കുറഞ്ഞു. കേരളത്തിൽ പവന് 360 രൂപ വർധിച്ച് 37,760 രൂപയായി.
Next Story
Videos