ഓഹരി വിപണിയിൽ കയറ്റിറക്കം: കാരണങ്ങൾ ഇതാണ്

ഉയരത്തിൽ തുടങ്ങി വിൽപന സമ്മർദത്തിൽ കുരുങ്ങുന്ന പ്രവണതയിൽ നിന്ന് ഇന്നും ഓഹരി വിപണിക്കു കരകയറാനായില്ല. നാളെ ഓപ്ഷൻസ് സെറ്റിൽമെൻ്റിനു ശേഷം സ്ഥിതി മാറുമെന്നാണു പ്രതീക്ഷ. വ്യാപാരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ സെൻസെക്സ് 200 പോയിൻ്റും നിഫ്റ്റി 60 പോയിൻ്റും ഉയർന്നു.

ബാങ്ക് ഓഹരികൾ ഇന്നു രാവിലെ ഉയർന്നിട്ടു പിന്നീടു താഴേക്കു നീങ്ങി. വീണ്ടും കയറി. വിൽപന സമ്മർദമാണു ചാഞ്ചാട്ടത്തിനു കാരണം. ധനകാര്യ ഓഹരികളും ഇതേ വഴി നീങ്ങി. എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ പിടിച്ചു നിന്നു.
സ്റ്റീൽ, മെറ്റൽ ഓഹരികൾ ഇന്നു താണു. ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയവയ്ക്കു വിലലക്ഷ്യം താഴ്ത്തി ബ്രോക്കറേജുകൾ റിപ്പോർട്ട് പുറത്തുവിട്ടു.
ഇരുമ്പയിര് വില വീണ്ടും കുറയുകയാണ്. ഈ മാസം 12 ശതമാനം കുറഞ്ഞു.ചൈനീസ് ഡിമാൻഡ് കുറഞ്ഞതാണു കാരണം.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വന്ന നിയന്ത്രണങ്ങളും ലോക്ക് ഡൗണുകളും ജിഡിപി യിൽ 2.4 ശതമാനം കുറവു വരുത്തുമെന്ന് റിപ്പോർട്ടുണ്ട്. 2021-22 ലെ വളർച്ച 10 ശതമാനത്തിൽ താഴെയാകുമെന്നാണു പുതിയ വിലയിരുത്തൽ.
ലോക വിപണിയിൽ സ്വർണ വില 1905 ഡോളറിലേക്കു കയറി. ഇനിയും വില കൂടുമെന്നാണു പ്രതീക്ഷ. കേരളത്തിൽ പവനു 400 രൂപ വർധിച്ച് 36,880 രൂപയായി. ജനുവരി 22-നു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. വെള്ളി വിലയും വർധിച്ചിട്ടുണ്ട്.
ക്രൂഡ് ഓയിൽ വില 66.63 ഡോളറിലേക്കു കയറി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it