വിലക്കയറ്റ ഭീതിയിൽ വിപണി താഴാേട്ട്; മിഡ് ക്യാപ്പുകൾ നേട്ടത്തിൽ

വിലക്കയറ്റ ഭീതി ഏഷ്യൻ വിപണികളെ വലിച്ചു താഴ്ത്തിയതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നു താഴ്ചയിലായി. ഒപ്പം ഐടി കമ്പനികളിലും ബാങ്കുകളിലും വിൽപന കൂടി. ഓഹരി വിപണി അൽപം താഴ്ചയിൽ തുടങ്ങിയിട്ട് വലിയ താഴ്ചയിലേക്കു നീങ്ങി. നിഫ്റ്റി 17,700 നും സെൻസെക്സ് 59,000-നും താഴെയായി.

ജപ്പാനിലും ഹോങ്കോംഗിലും ഓഹരി സൂചികകൾ രണ്ടു ശതമാനത്തോളം താണു. ചൈനയിലെ ഷാങ്ഹായ് സൂചിക രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. കോവിഡ് വ്യാപനവും ലോക്ക് ഡൗണും തുടരുന്നതാണ് കാരണം.
മുഖ്യസൂചികകൾ ഇടിഞ്ഞെങ്കിലും വിശാല വിപണി ഉയർന്നു. മിഡ് ക്യാപ്‌, സ്മോൾ ക്യാപ് ഓഹരികൾ നേട്ടമുണ്ടാക്കി.
ഐടി കമ്പനികളിൽ നിന്നു വിദേശ ഫണ്ടുകൾ വിറ്റു മാറുകയാണ്. ഇൻഫോസിസ് ഓഹരി രണ്ടു ശതമാനത്തിലധികം വീണു. ടിസിഎസും മറ്റു പ്രധാന ഐടി ഓഹരികളും താഴ്ചയിലാണ്. ടിസിഎസിൻ്റെ റിസൽട്ട് ഇന്നു പുറത്തുവിടും.
റിലയൻസിന് ഇന്നും വില ഒരു ശതമാനത്തിലധികം താഴ്ന്നു.
വോഡഫോൺ ഐഡിയയിൽ പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് ടൈഗർ ഗ്ലോബൽ 100 കോടി ഡോളർ നിക്ഷേപിക്കുമെന്ന റിപ്പോർട്ട് ആദ്യം ഓഹരിവില ഉയർത്തി. പിന്നീടു വില താണു..
ടാറ്റാ മോട്ടോഴ്സിൻ്റെ ജെഎൽആർ വാഹനങ്ങളുടെ വിൽപന നാലാംപാദത്തിൽ 11 ശതമാനം വർധിച്ചെന്ന റിപ്പാേർട്ട് ഓഹരി വില ഒന്നര ശതമാനം കയറ്റി. ടാറ്റാ പവറിൻ്റെ ഗ്രീൻ എനർജി ബിസിനസിൽ സൗദി അറേബ്യയുടെ സർക്കാർ നിക്ഷേപ നിധിയായ പബ്ലിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ഗണ്യമായ നിക്ഷേപം നടത്തുമെന്നു റിപ്പോർട്ട് ഉണ്ട്. ടാറ്റാ പവർ മൂന്നു ശതമാനം ഉയർന്നു.
പതഞ്ജലി ഗ്രൂപ്പിൻ്റെ ഫുഡ് ബിസിനസ് അപ്പാടെ ഏറ്റെടുക്കാൻ രുചി സോയയുടെ ഡയറക്ടർ ബോർഡ് ചർച്ച നടത്തുന്നതായി റിപ്പോർട്ടുകൾ. രുചി സോയയുടെ വില എട്ടു ശതമാനത്തിലധികം ഉയർന്നു.
അഡാനി ഗ്രൂപ്പ് കമ്പനികൾ കുതിപ്പ് തുടരുകയാണ്.. അഡാനി വിൽമറും അഡാനി പവറും അഞ്ചു ശതമാനം വീതം കുതിച്ചു.
സ്വർണം ലോകവിപണിയിൽ 1941 ഡോളറായി. കേരളത്തിൽ പവൻ വില ശനിയാഴ്ച 38,880 രൂപയിലേക്കു കയറിയിരുന്നു. ആ വില ഇന്നും തുടരുന്നു.
പലിശ നിരക്കുകൾ ഉയരുമെന്ന കണക്കുകൂട്ടലിൽ 10 വർഷ സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 7.12 ശതമാനമായി ഉയർന്നു.
ഡോളർ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. രണ്ടു പൈസ നഷ്ടത്തിൽ 75.91 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it