റോക്കറ്റ് വേഗത്തിൽ വിപണി; പുതിയ റെക്കോർഡിട്ട് മുന്നേറ്റം

സെൻസെക്സ് 55,000 നു മുകളിലെത്തിയ ഇന്നു വിപണി ഭൂഗുരുത്വാകർഷണത്തെ മറികടക്കുന്ന റോക്കറ്റ് പോലെ പായുകയാണ്. നിഫ്റ്റി രാവിലെ തുടങ്ങിയതു തന്നെ 16,400 നു മുകളിലാണ്. മറ്റ് ഏഷ്യൻ വിപണികളിലെ ദൗർബല്യം ഇന്ത്യയെ ബാധിച്ചില്ല. കോവിഡ് വ്യാപനം ശക്തിപ്പെടുന്നതും ചൈനയിൽ വ്യവസായ മേഖലയ്‌ക്കെതിരേ സർക്കാർ നീങ്ങുന്നതു മൂലം അവിടെ വളർച്ച കുറയുന്നതുമാണ് ഏഷ്യൻ വിപണികളെ ദുർബലമാക്കിയത്.

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നും മെച്ചപ്പെട്ടു.
ബാങ്ക്, ധനകാര്യ, ഐടി കമ്പനികൾ ഇന്നു നേട്ടത്തിലാണ്. കേരളത്തിൽ നിന്നുള്ള നാലു ഷെഡ്യൂൾഡ് ബാങ്കുകളുടെയും വില രാവിലെ ഉയർന്നു. മണപ്പുറം ജനറൽ ഫിനാൻസിൻ്റെ വില ഇന്നും താണു. മൂന്നു ദിവസം കൊണ്ട് ഓഹരി വില 19 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ സ്വർണ ആസ്തി കുറഞ്ഞതാണു കാരണം.
ഇരുമ്പയിരിൻ്റെ വില കുറഞ്ഞത് എൻഎംഡിസി ഓഹരിയുടെ വില ഇടിച്ചു. അഞ്ചു ദിവസം കൊണ്ട് ഓഹരിവില നാലു ശതമാനം താഴ്ന്നു. സ്റ്റീൽ ഡിമാൻഡും വിലയും വർധിക്കുന്നത് സ്റ്റീൽ ഓഹരികളുടെ വില കൂടാൻ സഹായിച്ചു. ഹിൻഡാൽകോ, വേദാന്ത തുടങ്ങിയ മറ്റ് മെറ്റൽ ഓഹരികളും ഉയർന്നു.
വിമാനങ്ങളിൽ 72.5 ശതമാനം സീറ്റുകളിൽ യാത്രക്കാർ ആകാമെന്ന് വ്യോമയാന മന്ത്രാലയം അനുവദിച്ചത് ഇൻറർഗ്ലോബ് ഏവിയേഷൻ്റെ വില രാവിലെ ഒൻപതു ശതമാനം ഉയർത്തി. പക്ഷേ താമസിയാതെ വില ഇടിഞ്ഞു. ഇൻഡിഗോ വിമാന സർവീസ് ഇൻറർ ഗ്ലോബിൻ്റേതാണ്.
ക്രൂഡ് ഓയിൽ ഡിമാൻഡ് കുറയുമെന്ന് യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ റിപ്പോർട്ടിൽ പറഞ്ഞത് ക്രൂഡ് വില താഴ്ത്തി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 70.9 ഡോളറായി.
ലോക വിപണിയിൽ സ്വർണം 1755 ഡോളറിൽ തുടരുന്നു. കേരളത്തിൽ പവന് 80 രൂപ വർധിച്ച് 34,960 രൂപയായി.
ഡോളർ നിരക്ക് രണ്ടു പൈസ ഉയർന്ന് 74.27 രൂപയായി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it