താഴ്ചയിലേക്കു വീണ്ടും; ചൈനയിൽ റിയൽറ്റി തകർച്ച

ആഗോള ആശങ്കകൾ ഇന്നും വിപണിയെ ബാധിച്ചു. വിലക്കയറ്റം, പലിശ, ഒമിക്രോൺ, ചൈനീസ് റിയൽറ്റി കമ്പനികളുടെ തകർച്ച തുടങ്ങിയവയുടെ പേരിലാണ് ആശങ്കകൾ. ഫാർമ, ഹെൽത്ത് കെയർ, ഐടി, മെറ്റൽ ഓഹരികൾ മാത്രമാണ് ഇന്ന് തുടക്കത്തിൽ ഉയർച്ച കാണിച്ചത്. നിഫ്റ്റി രാവിലെ 110 പോയിൻ്റിലേറെ താണെങ്കിലും പിന്നീടു നഷ്ടം കുറച്ചു. റിലയൻസും ബാങ്കുകളും, ധനകാര്യ - വാഹന കമ്പനികളും തകർച്ചയ്ക്കു മുന്നിൽ നിന്നു. വ്യാപാരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ നിഫ്റ്റി 17, 300 നും സെൻസെക്സ് 58,000 നും താഴെയായി.

ചൈനയിൽ കൂടുതൽ റിയൽ എസ്‌റ്റേറ്റ് ഡവലപ്പർമാർ പാപ്പരാവുകയാണ്. ചൈനീസ് ഓഹരി വിപണി തുടർച്ചയായ രണ്ടാം ദിവസം താഴ്ചയിലാണ്.
അപ്പോളോ ഹോസ്പിറ്റൽ പ്രൊമോട്ടർമാർ 7.3 ലക്ഷം ഓഹരി വിൽക്കുന്നതായ റിപ്പോർട്ടിനെത്തുടർന്ന് ഓഹരിവില ചാഞ്ചാടി. 5050 രൂപ വിലയ്ക്കായിരുന്നു വിൽപന. ഇന്നലെ 5206.7 രൂപയിലാണ് ഓഹരി ക്ലാേസ് ചെയ്തത്. ഇന്നു രാവിലെ വില 5150 രൂപയിലേക്കു താണിട്ടു തിരിച്ചു കയറി. വീണ്ടും താണ് 5080 രൂപയിലെത്തി. പ്രൊമോട്ടർമാരുടെ പക്കൽ 29.5 ശതമാനം ഓഹരിയാണുള്ളത്. ഇന്നു വിറ്റത് 0.5 ശതമാനം വരും.
കോവിഡ് വാക്സീന് അനുമതി കിട്ടുമെന്ന റിപ്പോർട്ടിനെ തുടർന്നു കാഡില്ലയുടെ വില രണ്ടു ശതമാനത്തിലധികം ഉയർന്നു.
ശ്രീറാം സിറ്റി യൂണിയൻ ശ്രീറാം കാപ്പിറ്റൽ എന്നിവയുമായി ലയിപ്പിക്കുമെന്ന പ്രഖ്യാപനത്തെ തുടർന്ന് ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസിൻ്റെ വില ഇന്നു നാലു ശതമാനത്തോളം താണു. ലയനം കൊണ്ടു കാര്യമായ നേട്ടം ഇല്ലെന്നാണു വിലയിരുത്തൽ.
550 രൂപയ്ക്ക് ഇഷ്യു നടത്തിയ ആനന്ദ് റാഠി വെൽത്ത് ഓഹരി 610 രൂപയിൽ ലിസ്റ്റ് ചെയ്തു.
ലൂപിൻ ലിമിറ്റഡിൻ്റെ ഗോവ യൂണിറ്റിലെ യുഎസ് എഫ്ഡിഎ പരിശോധന വിജയകരമായി പൂർത്തിയായതിനെ തുടർന്ന് ലൂപിൻ ഓഹരി 10 ശതമാനം കുതിച്ചു.
രൂപ ഇന്നും ദുർബലമായി. ഡോളർ 15 പൈസ നേട്ടത്തിൽ 75.92 രൂപയിൽ ഓപ്പൺ ചെയ്തു.
സ്വർണം ലോകവിപണിയിൽ 1786 ഡോളറിലാണ്. കേരളത്തിൽ പവന് 120 രൂപ കൂടി 36,200 രൂപ ആയി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it