ഉണർവോടെ വിപണി; സീ ഓഹരികൾ താഴുന്നു; ഇന്ത്യാ സിമൻ്റ്സ് ഓഹരി വില കുതിക്കാൻ കാരണം ഇതാ

പാശ്ചാത്യ വിപണികളിലെ ഉണർവിൻ്റെ തുടർച്ചയാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ കാണുന്നത്. നല്ല തുടക്കത്തിനു ശേഷം മുഖ്യ സൂചികകൾ വീണ്ടും കുതിപ്പ് നടത്തി. സെൻസെക്സ് 56,800-ഉം നിഫ്റ്റി 16,900- വും കടന്ന ശേഷം താണു. വിൽപന സമ്മർദം രാവിലെ തന്നെ ദൃശ്യമായി.

എല്ലാ ബിസിനസ് മേഖലകളും ഇന്ന് ഉണർവിലാണ്. മിഡ്, സ്മോൾ ക്യാപ് ഓഹരികളും കയറ്റത്തിലായി.
സോണിയുമായുള്ള ലയന കരാർ സീ എൻ്റർപ്രൈസസ് ഡയറക്ടർ ബോർഡ് അംഗീകരിച്ചു. ലയനത്തിലൂടെ രാജ്യത്തെ ടിവി പ്രേക്ഷകരിൽ 27 ശതമാനം ഉള്ള വലിയ മാധ്യമ ഭീമനാണ് ഉണ്ടാവുക. സീ പ്രൊമോട്ടറായിരുന്ന സുഭാഷ് ചന്ദ്രയ്ക്ക് തുടക്കത്തിൽ രണ്ടു ശതമാനവും പിന്നെ 3.99 ശതമാനവും ഓഹരി സംയുക്ത കമ്പനിയിൽ ഉണ്ടാകും. ഭാവിയിൽ ഇത് 20 ശതമാനമാക്കും. സിഇഒയും എംഡിയുമായ പുനീത് ഗോയങ്ക ആ പദവിയിൽ തുടരും. സോണി പ്രതിനിധികളാകും ഡയറക്ടർ ബോർഡിൽ ഭൂരിപക്ഷം. സംയുക്ത കമ്പനിയിൽ 51 ശതമാനം ഓഹരി സോണിക്കാണ്. സീയുടെ 100 ഓഹരിക്ക് സംയുക്ത കമ്പനിയുടെ 85 ഓഹരി ലഭിക്കും. സങ്കീർണതകൾ ഏറെ ഉള്ളതാണ് സീ- സോണി സംയോജന പ്രക്രിയ. നിയമ തടസങ്ങളും മറികടക്കേണ്ടതുണ്ട്. വിപണിയിൽ സീ ഓഹരിക്ക് തുടക്കത്തിൽ ചെറിയ കയറ്റം ഉണ്ടായെങ്കിലും പിന്നീടു താഴാേട്ടു പോയി. പ്രൊമോട്ടർമാർക്കു കൂടുതൽ ഓഹരി അനുവദിക്കുന്നതു മറ്റു നിക്ഷേപകർക്കു നഷ്ടം വരുത്തുമോ എന്നു സംശയമുണ്ട്.
ഇന്ത്യാ സിമൻ്റ്സിൽ രാധാകിഷൻ ദമാനിയുടെ ഓഹരി പങ്കാളിത്തം 22.76 ശതമാനത്തിലേക്കു കൂട്ടിയത് കമ്പനിയുടെ ഓഹരി വില 10 ശതമാനത്തോളം ഉയർത്തി.
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ക്ലീൻ എനർജി ബിസിനസിൽ ഓഹരിയെടുക്കാൻ യുഎഇയിലെയും സിംഗപ്പുരിലെയും മൂന്നു സർക്കാർ ഫണ്ടുകൾ തീരുമാനിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിലയൻസ് ഓഹരി വില ഒന്നര ശതമാനം ഉയർന്നു.
500 രൂപയ്ക്ക് ഇഷ്യു നടത്തിയ മെട്രോ ബ്രാൻഡ്സ് 11 ശതമാനം താഴ്ന്ന് 444.3 രൂപയിലാണു ലിസ്റ്റ് ചെയ്തത്. പിന്നീടു വില കയറിയിറങ്ങി.
ലോക വിപണിയിൽ സ്വർണം 1788 ഡോളറിലേക്കു താണു. കേരളത്തിൽ സ്വർണം പവനു 120 രൂപ കുറഞ്ഞ് 36,120 രൂപയിലെത്തി.
ഡോളർ ഇന്ന് അഞ്ചു പൈസ നഷ്ടത്തിൽ 75.55 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 75.48 രൂപയിലേക്കു താണു.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it